Connect with us

Video Stories

കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്നു വിടരുത്

Published

on

ഞായറാഴ്ച പുറത്തിറങ്ങിയ പ്രമുഖ മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം ഒട്ടും പ്രാധാന്യം കുറയാതെ രണ്ട് വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്നു. കൊച്ചിയില്‍ സിനിമാ നടിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നതായിരുന്നു ഇതില്‍ ഒന്ന്. രണ്ടാമത്തേത് ലൈംഗീകപീഡനവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 1850ലധികം കുറ്റവാളികളെ ശിക്ഷാ കാലാവധി തീരും മുമ്പെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശ ഗവര്‍ണര്‍ പി സദാശിവം നിരസിച്ചു എന്നതും. രണ്ടു സംഭവങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും ചേര്‍ത്തുവായിക്കുമ്പോള്‍ ഗൗരവതരമായ ചിന്തകള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. ഒന്ന് ക്രമസമാധാന സംവിധാനത്തിന്റെ പരാജയമാണെങ്കില്‍ മറ്റൊന്ന് ഭരണകൂടം തന്നെ ക്രമിനല്‍ പ്രവണതകള്‍ക്ക് വളംവെച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതിന്റെ നേര്‍ സാക്ഷ്യമാണ്. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി സ്ത്രീകള്‍ക്കെതിരായ അതിക്രമവും ലൈംഗിക പീഡനങ്ങളും മാറിക്കഴിഞ്ഞ കാലത്തും അത്തരം കുറ്റകൃത്യങ്ങളോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന ലാഘവബുദ്ധിയും നിരുത്തരവാദ സമീപനവുമാണ് രണ്ടു സംഭവങ്ങളില്‍നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്.

ഡബ്ബിങിനെന്ന് പറഞ്ഞ് തൃശൂരില്‍നിന്നും കൊച്ചിയിലെ പടമുകളിലുള്ള ലാല്‍മീഡിയ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. നേരത്തെ സമാനമായ മറ്റൊരുകേസില്‍ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാതെ പോയ സംഭവത്തിലെ പ്രതിയാണ് നടിയെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും മുന്നില്‍നിന്നതെന്ന മാധ്യമ വാര്‍ത്തകള്‍ കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ സിനിമാ ലോകത്തുനിന്നുതന്നെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഈ പറഞ്ഞ സംഭവത്തേക്കാള്‍ ഗൗരവമുള്ളതാണ് കൊടും കുറ്റവാളികളെ ഉള്‍പ്പെടെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നീക്കം നടത്തി എന്നത്. കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ പ്രമാണിച്ചാണ് ഇത്രയധികം തടവുകാരെ കൂട്ടത്തോടെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത് എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത സൂചിപ്പിക്കുന്നത്. ക്രിമിനല്‍ നടപടിചട്ടം 432 പ്രകാരം കോടതികള്‍ ശിക്ഷിച്ചയാളെ വിട്ടയക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരമില്ല. എന്നാല്‍ ചില കേസുകളില്‍ ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാം. ഭരണഘടനയുടെ 161ാം വകുപ്പു പ്രകാരം ശിക്ഷയില്‍ ഇളവ് നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ സാധാരണ ഈ അധികാരം വിനിയോഗിക്കാറ്. എന്നാല്‍ ശിക്ഷാ ഇളവ് നല്‍കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിന് കൃത്യമായ രീതികളും മാനദണ്ഡങ്ങളുമുണ്ട്. 1974ലെ ഷംസീര്‍സിങ് വേഴ്‌സസ് പഞ്ചാബ് സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശിക്ഷാ ഇളവിന് പരിഗണിക്കപ്പെടുന്ന ഓരോ കുറ്റവാളിയുടേയും പശ്ചാത്തലം, അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം, ജയില്‍വാസക്കാലത്തെ പെരുമാറ്റങ്ങള്‍, പുറത്തിറങ്ങിയാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വെവ്വേറെ റിപ്പോര്‍ട്ട് തയ്യാറാക്കണം. തുടര്‍ന്ന് ഈ ലിസ്റ്റുകള്‍ മന്ത്രിസഭ അംഗീകരിക്കുകയും നിയമ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പരിഗണനക്ക് വിടുകയും ചെയ്ത ശേഷമാണ് ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടത്. താരതമ്യേന ഗൗരവം കുറഞ്ഞ കേസുകളില്‍ ഉള്‍പ്പെട്ട, ശിക്ഷാകാലയളവില്‍ മാനസാന്തരപ്പെടുകയും നല്ലനടപ്പ് പാലിക്കുകയും ചെയ്തവരെയാണ് ഇത്തരത്തില്‍ ശിക്ഷാ ഇളവിന് പരിഗണിക്കാറ്. എന്നാല്‍ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കൂട്ട ജയില്‍ മോചനത്തിന് പട്ടിക തയ്യാറാക്കിയത്. നിയമ സെക്രട്ടറി കാണാതെയാണ് ശിപാര്‍ശ രാജ്ഭവനിലെത്തിയത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെട്ടിട്ടുമില്ല. മാത്രമല്ല, ലൈംഗീക പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗൗരവമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭരണകക്ഷിയുമായി രാഷ്ട്രീയ ബന്ധമുള്ളവരേയും രാഷ്ട്രീയ തടവുകാരെയുമെല്ലാം വിട്ടയക്കാന്‍ നിയമത്തിലെ പഴുത് ആയുധമാക്കി മാറ്റാനാകുമോ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പരീക്ഷണമാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ ഇടപെടലില്‍ വിഫലമായത്. ഇത്രയധികം തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കുന്നതിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയതായാണ് വിവരം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അപകടകരമായ തോതില്‍ വര്‍ധിക്കുന്നതിന്റെ കണക്കുകള്‍കൂടി ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടതുണ്ട്. ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2015ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 12,383 കേസുകളായിരുന്നു. എന്നാല്‍ 2016ല്‍ കേസുകളുടെ എണ്ണം 14,061 ആയി ഉയര്‍ന്നു. 2015ല്‍ 1263 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥാനത്ത് 2016ല്‍ ഇത് 1644 ആയും പീഡനക്കേസുകള്‍ 3991ല്‍നിന്ന് 4035 ആയും ഉയര്‍ന്നു. കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുന്നതില്‍ പ്രധാന ഘടകം ഇത്തരം കേസുകളില്‍ സമയബന്ധിതമായ അന്വേഷണമോ വിചാരണയോ നടക്കാത്തതും കുറ്റവാളികള്‍ക്ക് യഥാസമയം ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമ, നീതി സംവിധാനങ്ങള്‍ക്ക് കഴിയാതെ പോകുന്നതുമാണെന്ന് സര്‍ക്കാറും സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ഉന്നത നീതിപീഠങ്ങളും പലതവണ ചൂണ്ടിക്കാട്ടിയതാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യം, ജഡ്ജിമാരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മ തുടങ്ങി പല കാരണങ്ങളും ഇതിന് ചൂണ്ടിക്കാണിക്കാനുണ്ടാവും. പരോക്ഷാമായെങ്കിലും അത്തരം വീഴ്ചകളെല്ലാം കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ പങ്കു വഹിക്കുന്നുണ്ട് എന്നിരിക്കെയാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കൂട്ടത്തോടെ ജയില്‍ മോചിതരാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നത് എന്നത് ഏറെ ഗൗരവമുള്ളതാണ്. ഇത്തരം കേസുകളില്‍ ഗവര്‍ണര്‍ ശിക്ഷാ ഇളവ് നല്‍കിയാല്‍പോലും അതിനെതിരെ നീതിപീഠങ്ങളെ സമീപിക്കാന്‍ ഭരണഘടനാപരമായി ഓരോ പൗരനും അവകാശമുണ്ടെന്നിരിക്കെ, സമൂഹം കൂടുതല്‍ ജാഗ്രതയോടെ നിലകൊള്ളുകയും തിരുത്തല്‍ ശക്തിയായി മാറുകയും ചെയ്യേണ്ടിയിരിക്കുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.