Connect with us

Video Stories

അടിതെറ്റിവീണ ധര്‍മ്മയുദ്ധം

Published

on

ശാരി പിവി

പല കാര്യങ്ങളിലും തമിഴരെ കണ്ടു പഠിക്കണമെന്നായിരുന്നു നാളിതു വരെ മലയാളികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈയിടെയായി തമിഴ്‌നാട്ടുകാര്‍ പല കാര്യങ്ങള്‍ക്കും മലയാളികളെ മാതൃകയാക്കുകയാണ്. അല്ലേലും ഈ നിയമസഭയില്‍ മല്ല യുദ്ധം നടത്തേണ്ടതെങ്ങനെയെന്ന് ഇവിടെ വന്ന് ശിവന്‍കുട്ടി സഖാവിനോടും ഖജനാവിന്റെ സൂക്ഷിപ്പുകാരനായ മന്ത്രിയോടുമൊക്കെ ഒന്നു ചോദിച്ചു മനസിലാക്കേണ്ടതു തന്നെയാണ്. പക്ഷേ തമിഴങ്കത്തില്‍ 22 വനിതാ എം.എല്‍.എമാര്‍ ഉണ്ടായിട്ടും എന്തോ വീര്യം പോരാത്തതിനാല്‍ കടിയും, മാന്തലും, പഡനവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജയരാജന്റെ കസേര ഏറും, ശിവന്‍കുട്ടിയുടെ വാഴവെട്ടിയിട്ടതു പോലുള്ള വീഴ്ചയുമൊക്കെ അവിടെയും തകൃതിയായി നടന്നു. സഭക്കകത്ത്, കയ്യാങ്കളിയും കയ്യൂക്കും കാണിച്ച് ഇ.പി.എസ് എന്ന പളനി സ്വാമി മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചപ്പോള്‍ പക്ഷേ പകലന്തിയോളം റിസോര്‍ട്ടിനു മുന്നിലും, നേതാക്കളുടെ വാതിലുകളിലും മുട്ടിയും തട്ടിയും നടന്ന പന്നീര്‍ശെല്‍വമെന്ന മുന്‍ മുഖ്യന് ഇപ്പോള്‍ കറിവേപ്പിലയുടെ വില പോലും ഇല്ലതാനും. സര്‍വത്ര വിമത പ്രവര്‍ത്തനങ്ങളും, താമരയുടെ ആശിര്‍വാദങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സഭയിലെ കലാ പരിപാടികള്‍ കഴിഞ്ഞതില്‍ പിന്നെ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞപോലായി കാര്യങ്ങള്‍. കാണിയായി കളത്തിനു പുറത്തിരുന്ന ഡി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്‍ ഹീറോയായി. ലൈംലൈറ്റില്‍ സ്റ്റാലിന്‍ മാത്രം, സര്‍വത്ര സ്റ്റാലിന്‍ മയം. അണ്ണാഡിഎംകെയിലെ അധികാര വടംവലിയില്‍ നാളിതുവരെ കാഴ്ച്ചക്കാര്‍ മാത്രമായിരുന്ന ഡിഎംകെ അങ്ങനെ ഒറ്റ ദിനം കൊണ്ട് പ്രധാന കളിക്കാരായി മാറിക്കഴിഞ്ഞു. അല്ലേലും വര്‍ക്കിങ് പ്രസിഡന്റ് എന്നു വെച്ചാല്‍ പ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റാണെന്ന കാര്യം അമ്മയുടെ പടവും നോക്കി നടന്ന കാലത്ത് ഒ.പി.എസ് പഠിച്ചതുമില്ല. ഇനിയിപ്പം അവരുടെ സര്‍ക്കാറാണ് ജയിച്ചതെന്നും നമ്മുടെ സര്‍ക്കാര്‍ പിന്നാലെ ജയിക്കുമെന്നുമൊക്കെയാണ് ഒ.പി.എസ് പറയുന്നത്. ധര്‍മം വിജയിക്കുമെന്ന് ടിയാന്‍ കട്ടായം പറയുന്നു. പക്ഷേ കാര്യങ്ങളുടെ കിടപ്പു നോക്കിയാല്‍ പന്നീര്‍ശെല്‍വത്തിന് ധര്‍മം തരാന്‍ പോലും ആരേയും കിട്ടുമെന്ന് തോന്നുന്നില്ല. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചത് പളനി സ്വാമിയാണെങ്കിലും യഥാര്‍ത്ഥ വിജയി സാക്ഷാല്‍ സ്റ്റാലിന്‍ തന്നെയാണ്. മുഖ്യമന്ത്രി പദമെന്ന ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ ഒടുവില്‍ വിധി സുപ്രീം കോടതിയുടെ രൂപത്തില്‍ ജയിലിലാക്കിയപ്പോള്‍ ഭൂട്ടാന്‍ ഡാറ്റയടിച്ചത് പളനി സ്വാമിക്കാണ്. ഒറ്റ നേതാവിനെ പിന്‍പറ്റി ജീവിക്കുന്ന ഒരാള്‍ക്കൂട്ടമായി മാത്രം ദശകങ്ങളായി ശീലിച്ചു വന്ന പാര്‍ട്ടിയില്‍ അമ്മയുടെ പിന്‍ഗാമിയാവാന്‍ ഭാഗ്യം സിന്ധിച്ച അപൂര്‍വ പ്രതിഭാസം. അങ്ങനെ അതുവരെ ചിത്രത്തിലില്ലായിരുന്ന ടിയാന് പിന്നൊന്നും നോക്കേണ്ടി വന്നില്ല. പന്നീര്‍ ശെല്‍വത്തെ നോക്കി മേപ്പടിയാന്‍ മന്ത്രിച്ചു, ഇനി എന്നും സംഭവാമി യൂ….. ഗോ, യൂ…….. ഗോ. ഇനിയിപ്പോ ഒറ്റരാത്രി കൊണ്ട് അണ്ണാഡിഎംകെയെ ഇളക്കിമറിച്ച ജയലളിതയുടെ എക്കാലത്തെയും വിനീത ദാസന്‍ ഒ പന്നീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അമ്മയുടെ റബ്ബര്‍ സ്റ്റാമ്പായി മൂന്ന് തവണ മുഖ്യമന്ത്രിയായ പന്നീര്‍ ശെല്‍വത്തിന് അദ്ദേഹം ഇത്ര സംഭവമാണെന്ന് സ്വയമേ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല താനും. പോരാത്തതിന് ശശികല പോണ പോക്കിന് ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ച് വിടില്ല ഞാനെന്ന് ശപഥം ചെയ്താണ് പോയിരിക്കുന്നത്. ഇനിയിപ്പോ ചിന്നമ്മയുടെ മുഖ്യമന്ത്രിയായി ഇ.പി.എസ് ഇരിക്കുമ്പോള്‍ ഒറ്റവഴിയെ ഒ.പി.എസിനുള്ളൂ. അമ്മയുടെ രാഷ്ട്രീയാവകാശം പിടിച്ചെടുക്കുക. അതാണേല്‍ അത്ര എളുപ്പമല്ല താനും. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനായാല്‍ പിന്നെ പഴയ ചായക്കട മാത്രമാകും ശരണം. നനഞ്ഞിടം കുഴിക്കാന്‍ നടക്കുന്ന താമര മുതലാളിമാരെ പോലും ആപത് ഘ്ട്ടങ്ങളില്‍ ആ വഴി കാണാനുമൊക്കില്ല. ശശികലയുടെ വാതില്‍ അടഞ്ഞപ്പോള്‍ പുതിയ രാഷ്ട്രീയ എതിരാളികളാണ് പനീര്‍ശെല്‍വത്തിന്റെ മുന്നില്‍. അധികാരമുള്ള ഇ.പി.എസും അധികാരമൊഴിഞ്ഞ ഒ.പി.എസും തമ്മിലുള്ള നേര്‍യുദ്ധമാണ് ഇനി അണ്ണാഡി.എം.കെയില്‍ വരാനിരിക്കുന്നത്. നഷ്ട സാധ്യത കൂടുതല്‍ എന്തു കൊണ്ടും പന്നീര്‍ശെല്‍വത്തിനാണു താനും. ധര്‍മ്മയുദ്ധം’ തുടരുമെന്നാണ് പന്നീര്‍ശെല്‍വം പറയുന്നത്. ജയലളിതയുള്ള കാലത്ത് എല്ലാ അധാര്‍മികതക്കും കൂട്ടു നിന്ന ടിയാന്‍ ഇനിയിപ്പോ ഏത് ധര്‍മ്മ യുദ്ധമാണാവോ ഉദ്ദേശിച്ചത്?. പനി നീര്‍ വിപ്ലവം നടത്താനിറങ്ങി ഒടുവില്‍ ഉള്ള കഞ്ഞിയിലും പാറ്റ വീഴുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.
…………………………………………………………
ഒടുവില്‍ ആ വാഗ്ദാനവും സ്വാഹ..അച്ഛേ ദിന്‍ അച്ഛാ ദിന്‍ എന്നൊക്കെ പറഞ്ഞ് നോട്ടിന് കാത്തിരുന്ന കാലത്ത് വാഗ്ദാന പെരുമ്പറക്കാരന്‍ പ്രഖ്യാപിച്ച പ്രസവ ശുശ്രൂഷയ്ക്ക് 6000 രൂപയെന്ന വാഗ്്ദാനം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പോകുന്നു. പുതു വര്‍ഷമാകുമ്പോള്‍ എന്തേലും പുതുമ വേണ്ടേ എന്നു കരുതി പുതുവര്‍ഷത്തലേന്ന്, നോട്ട് അസാധുവാക്കലിന്റെ 50 നാള്‍ പിന്നിട്ട ശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് മേരാ പ്യാരാ ദേശ് വാസിയോം എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പ്രസവ ശുശ്രൂഷയ്ക്കുള്ള 6000 രൂപ. പ്രഖ്യാപനം വന്നുവെന്നല്ലാതെ നാളിതു വരെ ഒരാള്‍ക്കു പോലും ഇതു ലഭ്യമായിട്ടില്ലെന്നത് നഗ്നമായ പരമ സത്യം. എല്ലാ പ്രസവത്തിനും 6000 എന്നതിന് പകരം ആദ്യ പ്രസവത്തിന് മാത്രമായി ഇത് ചുരുക്കാനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇപ്പോ പറയുന്നു ഫണ്ടില്ലെന്ന്. അപ്പോള്‍ പിന്നെ എവിടെ നോക്കിയായിരിക്കും ഇത് പ്രഖ്യാപിച്ചത്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യമാണെന്ന് ഇവരാരും അറിഞ്ഞിരുന്നില്ലയോ. എല്ലാം അറിയുന്ന ഓഫീസായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുന്ന വിവരവും അറിഞ്ഞിട്ടുണ്ട്. പ്രസവ ശുശ്രൂഷയ്ക്കായി നീക്കിവെച്ച തുക 60 ശതമാനത്തില്‍ നിന്ന് 50ആക്കി ചുരുക്കാനും തീരുമാനമായി. അങ്ങനെ അണ്ണന്റെ വാക്ക് കേട്ട് ആറായിരം മോഹിച്ചവരൊക്കെ ഇപ്പോ ചിന്നമ്മയുടെ അവസ്ഥയിലായി. കൊതിച്ചതൊന്ന് വിധിച്ചത് മറ്റൊന്ന്.
19 വയസിനു മുകളിലുള്ള ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളേയും ഉദ്ദേശിച്ചു കൊണ്ടാണ് പദ്ധതി നടപ്പില്‍ കൊണ്ടു വന്നിരുന്നത്. 2017-2018 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പദ്ധതിയ്ക്കായി 2700 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും 2.6 കോടിയിലധികം ജനനം നടക്കുന്നതു കൊണ്ട് കേന്ദ്ര ബജറ്റില്‍ അനുവദിച്ച തുകകൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ല. അത് കൊണ്ട് പകുതി സംസ്ഥാനങ്ങള്‍ കൂടി വഹിക്കണമെന്നാണ് പുതിയ വാദം. വര്‍ഷം 16,000 കോടി രൂപയെങ്കിലും ഇതിനായി ആവശ്യമുള്ളതിനാല്‍ സംഗതി ഇവിടം കൊണ്ട് നടക്കില്ലെന്നാണ് കേന്ദ്രത്തിലെ ഏമാന്‍മാര്‍ പറയുന്നത്. 2010 ഒക്ടോബറില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 650 ജില്ലകളില്‍ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പേരില്‍ കൊണ്ടു വന്ന പദ്ധതി പേര് മാറ്റി പുതിയ കുപ്പിയില്‍ ഇറക്കിയ മോദി അങ്ങനെ ഇതും ഭംഗിയായി മുക്കിയെന്നു സാരം.

ലാസ്റ്റ് ലീഫ്:
പ്രമുഖ സിനിമാ നടിക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും ഇതു കൊണ്ട് ക്രമസമാധാനം തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി. ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അധിക്രമം, മയക്കു മരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതികളായ 1850 കുറ്റവാളികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ക്രമസമാധാനം ഭദ്രമാക്കാനല്ലാതെ പിന്നെന്തിന്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.