Connect with us

Video Stories

മാര്‍ക്‌സിസ്റ്റുകാരുടെ കോണ്‍ഗ്രസ് അജണ്ട

Published

on

ഇന്ത്യാരാജ്യത്തെയാകെ ആകുലതയുടെ കൊടുമുടിയില്‍ നിര്‍ത്തിയിരിക്കുന്ന ഫാസിസം രാജ്യാധികാരത്തിന്റെ ഉത്തുംഗ സ്തംഭങ്ങളിലിരുന്ന് ഹിന്ദുത്വ രാഷ്ട്രത്തിന്റെ ചകിത കാഹളം മുഴക്കുമ്പോള്‍ മതേതരമെന്നും തൊഴിലാളി വര്‍ഗമെന്നും സ്വയമേവ അഹങ്കരിക്കുന്നൊരു രാഷ്ട്രീയ കക്ഷി അതിന്മേല്‍ സ്വീകരിക്കേണ്ട നിര്‍ണായക നയത്തെച്ചൊല്ലി പിളര്‍പ്പിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നുവെന്നത് രാഷ്ട്രീയകുതുകികളെ മാത്രമല്ല രാജ്യത്തെയും ജനാധിപത്യത്തെയും പ്രണയിക്കുന്ന കേവലമായ ഏതൊരാളെയും വിസ്മയപ്പെടുത്തുന്നതില്‍ അത്ഭുതമില്ല. സി.പി. എമ്മിന്റെ ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗം മേല്‍പറഞ്ഞ ഭീഷണിയെ നേരിടുന്നതെങ്ങനെ എന്നതിനൊച്ചൊല്ലി വീണ്ടുമൊരിക്കല്‍കൂടി തമ്മില്‍തല്ലി പിരിഞ്ഞിരിക്കുന്നു. ലോകത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പ്രായോഗിക ഭരണ രാഷ്ട്രീയത്തിന്റെ വക്താക്കളിതാ ഒരു പ്രശ്‌നത്തില്‍ കൂര്‍ത്തകൊമ്പുകളുമായി തൊഴുത്തിനകത്ത് മുക്രയിടുന്ന കാഴ്ച ഭീതിതവും സഹതാപാര്‍ഹവുമെന്നു പറയാതെ വയ്യ.
ഹൈദരാബാദില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അതില്‍ അവതരിപ്പിക്കേണ്ട രാഷ്്ട്രീയപ്രമേയത്തിന്മേലാണ് പ്രതീക്ഷിച്ചതുപോലെ കൊല്‍ക്കത്തയില്‍ പാര്‍ട്ടി നെടുകെ ഭിന്നിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ ഭീഷണിയെ ചെറുക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസുമായി സഹകരിക്കുന്നതു സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ പ്രമേയമാണ് 31നെതിരെ 55 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ സമാനമായ മറ്റൊരു പ്രമേയവും 31നെതിരെ 32 വോട്ടുകള്‍ക്ക് കേന്ദ്ര സമിതി തള്ളിക്കളഞ്ഞിരുന്നു. അതിനുമുമ്പ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിലും കോണ്‍ഗ്രസുമായി ഒരുവിധ സഹകരണവും വേണ്ടെന്ന വാദത്തിനാണ് മുന്‍തൂക്കം കിട്ടിയതും തുടര്‍ന്ന് വിഷയം കേന്ദ്ര സമിതിയിലേക്ക് വിട്ടതും. തുടര്‍ച്ചയായി രണ്ടാമതും കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് അനുകൂല പ്രമേയം തള്ളിക്കളഞ്ഞ നിലക്ക്, രണ്ടാമതാകട്ടെ കൂടുതല്‍ പിന്തുണയോടെ, ഇനി സി.പി.എമ്മിനുമേല്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷകള്‍ വെച്ചിട്ട് കാര്യമില്ല. സത്യത്തില്‍ സി.പി.എം ഇങ്ങനെ ചര്‍വ്വിതചര്‍വ്വണം കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന വിഷയം എന്താണ്? ഒറ്റച്ചോദ്യത്തിനാണ് സി.പി.എം ഉത്തരം തേടുന്നത്. രാജ്യത്തെ ഒന്നാം നമ്പര്‍ ഭീഷണിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തിറക്കുന്നതിന് എന്തു ചെയ്യണം എന്നതാണത്. ഇതിന് ഏതൊരു കൊച്ചു കുട്ടിക്കുമുള്ള മറുപടിയാണ് ബി.ജെ.പി ഇതരകക്ഷികള്‍ ഒരുമിച്ച് ബി.ജെ.പിയെക്കാള്‍ വോട്ടു നേടുക എന്നത്. എന്നാല്‍ അങ്ങനെ ആവാമോ എന്നതിനെച്ചൊല്ലിയാണ് സി.പി.എമ്മിലെ പോരിന്റെ പൂരം എന്നതാണ് ഏറെ കൗതുകകരം.
വെറും ഒന്‍പതംഗങ്ങള്‍ മാത്രമുള്ളൊരു കക്ഷി മാത്രമാണിന്ന് 545 അംഗ ലോക്‌സഭയില്‍ സി.പി.എം. അതിലാകട്ടെ രണ്ട് സ്വതന്ത്രരുള്‍പ്പെടെ ഏഴും കേരളത്തില്‍ നിന്നും. 34 കൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരൊറ്റ ലോക്‌സഭാംഗം പോലുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 294ല്‍ 211 സീറ്റ് നേടാന്‍ തൃണമൂലിന് കഴിഞ്ഞെങ്കില്‍ കോണ്‍ഗ്രസ് സഖ്യംകൊണ്ട് സ്വന്തമായി 26 സീറ്റ് നേടാനേ സി.പി.എമ്മിനായുള്ളു. മുഖ്യ പ്രതിപക്ഷകക്ഷി കോണ്‍ഗ്രസായി. കേരളത്തില്‍ 140ല്‍ ഇപ്പോഴത്തെ 58 നപ്പുറം കേവല ഭൂരിപക്ഷം പോലും നേടാനിവര്‍ക്ക് ശേഷിയില്ല. ത്രിപുരയിലാകട്ടെ ഭരണകക്ഷിയാണെങ്കിലും രണ്ട് ലോക്‌സഭാസീറ്റുകള്‍ മാത്രമാണ് ആകെയുള്ളത്. ഇതാണ് പാര്‍ട്ടിയുടെ ആശങ്കക്ക്് കാരണമെന്ന് സമ്മതിച്ചാല്‍തന്നെ കോണ്‍ഗ്രസുമായി ഒരുവിധ ധാരണപോലും വേണ്ടെന്ന വാദത്തിലെ യുക്തിയെന്താണ്? ജനറല്‍ സെക്രട്ടറിയായി മൂന്നു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ എങ്ങനെ പ്രായോഗികമായി സി.പി. എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചാണ് സീതാറാം യെച്ചൂരി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം വെച്ചുതന്നെയാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കിലും ഇരുവരും പ്രതിനിധീകരിക്കുന്ന ചിന്താധാരകളാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. രാജ്യം ഫാസിസത്തിന്റെ പിടിയിലാണെന്ന് മത ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരായ നിരവധിയായ സര്‍ക്കാര്‍-സംഘ്പരിവാര്‍ നടപടികള്‍ ശരിവെക്കുമ്പോള്‍ കാരാട്ടിനെപോലുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ പറയുന്നത് ഇന്ത്യയില്‍ ഫാസിസം ഇനിയും എത്തിയിട്ടില്ലെന്നാണ്. അവിടെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള യഥാര്‍ത്ഥ തര്‍ക്കത്തിന്റെയും അടിസ്ഥാനം കിടക്കുന്നത്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നുവെന്നാണ് പറയാറ്. ഇതാകട്ടെ തികച്ചും ലളിതവുമാണ്. അതായത് നല്ലൊരു ലക്ഷ്യത്തിനുവേണ്ടി ഏതൊരു മാര്‍ഗവും അവലംബിക്കാമെന്ന്. ഇതനുസരിച്ചായിരിക്കണം മുമ്പ് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപോലുള്ള നേതാക്കള്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടിയും മുഖ്യശത്രുവിനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് കാലത്തെ സാഹചര്യത്തിനനുസരിച്ച് പ്രായോഗികമായ ഇത്തരം നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കുന്നതിന് സി.പി.എമ്മിന് അതുകൊണ്ടുതന്നെ ഒരുവിധ തടസ്സവുമില്ല. ധാര്‍മിക മൂല്യങ്ങളുടെ പരിമിതികളൊന്നും അവരെ അലട്ടുന്നുമില്ല. എന്നിട്ടുമെന്തേ നിരവധികാലം രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ഭരിച്ച കക്ഷിക്ക് പഴയ തീരുമാനങ്ങളുടെ മിനുറ്റ്‌സുകള്‍ പരതിനോക്കിയെങ്കിലും ഒരു തീരുമാനത്തിലെത്താനാകുന്നില്ല?
അവിടെയാണ് തികച്ചും വ്യക്തിപരമായ ഈഗോ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയപ്പെടുന്നത്. ഇത്തരം അപ്രായോഗികമായതും വ്യക്തികേന്ദ്രീകൃതവുമായ തീരുമാനങ്ങളാണ് മുമ്പ് പാര്‍ട്ടിക്ക് ലഭിച്ച പ്രധാനമന്ത്രിപദം പോലും ജ്യോതിബസുവിനാണെന്നതിന്റെ പേരില്‍ തട്ടിത്തെറിപ്പിച്ചുകളഞ്ഞ് സ്വയം ഹത്യക്ക് മുതിര്‍ന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധമാണ് 1964ല്‍ പിളര്‍പ്പിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. ഇന്ത്യന്‍ കമ്യൂണിസറ്റ് പാര്‍ട്ടിയുടെ ഉല്‍ഭവകാലം മുതല്‍ നിലനിന്നുകൊണ്ടിരുന്ന രണ്ടു ചിന്താധാരകളും ഇന്നും അതേപടി തുടരുന്നുവെന്നര്‍ത്ഥം. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് ശോഷിച്ചുശോഷിച്ച് എല്ലുംതോലുമായിക്കഴിഞ്ഞ സി.പി.എം ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് പഴകിപ്പുളിച്ച അന്ധമായ കോണ്‍ഗ്രസ് വിരോധവുമായാണ്. അത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനതയും കാലവും ഇക്കൂട്ടര്‍ക്ക് ഇനിയും മാപ്പുനല്‍കാന്‍ പോകുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ ചോദ്യം തന്നെയാണ് ഞങ്ങള്‍ക്കും നേതാക്കളോട് ചോദിക്കാനുള്ളത്. എന്താസഖാവേ നിങ്ങളുടെ യഥാര്‍ത്ഥ അജണ്ട?

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.