Connect with us

Video Stories

ഇന്ത്യന്‍ നഭസ്സിലെ തിങ്കള്‍ തിളക്കം

Published

on

ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ ഇതിഹാസ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കുകയാണ് 2019 ജൂലൈ 22. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ കാലത്ത് ശാസ്ത്രലോകത്ത് അത്രയൊന്നും ഗണിക്കപ്പെടാതിരുന്ന ദരിദ്ര കോടികളുടെ ഇന്ത്യ അതിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ അവിടേക്ക് രണ്ടാം ഗവേഷണപേടകത്തെ സ്വന്തമായി വിക്ഷേപിച്ചിരിക്കുന്നു. മൂന്നു ലോകവന്‍ ശക്തികള്‍മാത്രം കൈവരിച്ച നേട്ടത്തിലേക്ക് ലോകത്തിന്റെ നാലാം ശൂന്യാകാശക്കുതിപ്പ്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ രാജ്യം ചന്ദ്രനിലേക്ക് രണ്ടാം യാനത്തെ വിട്ടയച്ചിരിക്കുന്നു- ചന്ദ്രയാന്‍-2. അതിസമ്പന്നര്‍ മുതല്‍ ദരിദ്രനാരായണന്മാര്‍വരെ അടങ്ങിയ 130 കോടിയിലധികം ജനതയുടെ കീശയിലെ ആയിരം കോടിയോളം രൂപയുപയോഗിച്ച് രാജ്യം നേടിയത് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രസാക്ഷ്യം. അഭിമാനിക്കാം ഓരോഭാരതീയനും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.43ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് കുതിച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ പേടകം 15 മിനിറ്റിനകം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനാ ( ഐ.എസ്.ആര്‍.ഒ) തലവന്‍ കെ.ശിവന്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രക്കുതിപ്പാണിതെന്ന് പറഞ്ഞ അദ്ദേഹം, ഇതിനുപിന്നില്‍ സ്വന്തം താല്‍പര്യങ്ങളെല്ലാം ത്യജിച്ച് അഹോരാത്രം പ്രവര്‍ത്തിച്ച ചന്ദ്രയാന്‍-2 സംഘത്തിനും ശാസ്ത്രസാങ്കേതിക വ്യാവസായിക ലോകത്തിനും നന്ദി അറിയിച്ചിരിക്കുന്നു. തീര്‍ച്ചയായും ഈ ദൗത്യ വിജയത്തിന് ഓരോ ഇന്ത്യക്കാരനും കെ. ശിവനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും അപരിമേയമായ നന്ദിയും അഭിനന്ദനവും തിരിച്ചുംപകരാം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശാസ്ത്രചിന്തയും ഗവേഷണത്തിനായി വന്‍തുക നീക്കിവെച്ചതും ഈ അവസരത്തില്‍ സ്മരിക്കാം.
ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ സവിശേഷത അതിന്റെ ഒന്നാംഘട്ടത്തിലെ വിജയംകൂടി പരിഗണിച്ചുള്ളതാണ്. 2008 ഒക്ടോബറില്‍ നാമയച്ച ചന്ദ്രയാന്‍-1 ചന്ദ്രോപരിതലത്തിലെ പല പ്രത്യേകതകളും ശാസ്ത്രലോകത്തിന് എത്തിച്ചുതരികയുണ്ടായി. അവിടെ ജലാംശത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നതായിരുന്നു അതിലൊന്ന്. ആ ഗവേഷണ പേടകം ഒരുവര്‍ഷത്തിനകം ചന്ദ്രോപരിതലത്തില്‍നിന്ന് കാണാതാവുകയായിരുന്നു. പിന്നീടാണ് രണ്ടാം ദൗത്യത്തെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കുന്നതും അതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതും. 2108ല്‍ രണ്ടാം ദൗത്യം വിക്ഷേപിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെങ്കിലും പല കാരണങ്ങളാല്‍ അതസാധ്യമായി. പിന്നീട് ഇക്കഴിഞ്ഞ ജൂലൈ 15ന് പുലര്‍ച്ചെ 2.15ന് ചന്ദ്രയാന്‍ -2 വിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇതിനായി അര്‍ധരാത്രിവരെ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും അവസാനനിമിഷം വിക്ഷേപണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. ക്രയോജനിക് എഞ്ചിനിലേക്കുള്ള ഹീലിയം വാതകം ചോര്‍ന്നതായിരുന്നു കാരണം. രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് പോലും സ്ഥലത്തെത്തിയശേഷമായിരുന്നു പിന്‍വാങ്ങല്‍. എന്നാല്‍ ഇന്നലത്തെ വിക്ഷേപണത്തിന്റെ തീയതി 18നുതന്നെ നിശ്ചയിക്കാന്‍ അവര്‍ക്കായി. അതനുസരിച്ച് വിദഗ്ധരും സാങ്കേതിക പ്രവര്‍ത്തകരും ശാസ്ത്രകുതുകികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇന്നലെ ശ്രീഹരിക്കോട്ടയിലെത്തിയതും അവരെ ശാസ്ത്രലോകം സര്‍വാത്മനാ സ്വാഗതം ചെയ്തതും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതികരംഗം എത്രകണ്ട് ജനകീയമാണെന്നതിനുള്ള ദൃഷ്ടാന്തമാണ്.
മിനിറ്റുകള്‍ക്കകംതന്നെ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ ‘ബാഹുബലി’ എന്നു പേരുള്ള ഗവേഷണ പേടകം ഭൂമിയെ വലംവെച്ചുതുടങ്ങുകയും വൈകാതെ ഐ.എസ്.ആര്‍.ഒയുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് സിഗ്നലുകള്‍ എത്തിച്ചുതുടങ്ങുകയും ചെയ്തിരിക്കയാണ്. ഇതിലുള്ള ആഹ്ലാദം സംഘാടകര്‍ എണീറ്റുനിന്ന് കയ്യടിച്ചും പരസ്പരം കെട്ടിപ്പുണര്‍ന്നും പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിജയശില്‍പികളെ അനുമോദിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത്, വിശേഷിച്ചും ചാന്ദ്രപര്യവേക്ഷണത്തിന് ലോക ജനതക്ക് വന്‍മുതല്‍കൂട്ട് തന്നെയാണ് ഈ വിജയം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാമഗ്രികളാണ് ഇതില്‍ ഉപയോഗിച്ചവയെല്ലാം എന്നതുകൊണ്ട് വിശേഷിച്ചും. ഇനി 48-ാം ദിവസം വിക്രം എന്ന ലാന്‍ഡറും പ്രജ്ഞാന്‍ എന്ന റോവറുമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രത്യേകം പ്രത്യേകമായി വലംവെച്ചിറങ്ങുക. ഇതിലെ ക്യാമറകള്‍ അതിനകംതന്നെ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങള്‍ അയച്ചുതുടങ്ങും. ഈ ദിവസംവരെ തീര്‍ച്ചയായും നിര്‍ണായകവുമാണ്. ഓര്‍ബിറ്റ് ഹൈ റെസലൂഷന്‍ ക്യാമറകളാണ് ചിത്രങ്ങള്‍ പകര്‍ത്താനായി ഉപയോഗിച്ചിരിക്കുന്നത്. ചാന്ദ്രയാന്‍ രണ്ടിന്റെ പ്രാധാന്യം, സോഫ്റ്റ്‌ലാന്‍ഡിങ് സംവിധാനം ഉപയോഗിച്ചും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുമാണ് ഉപഗ്രഹം ഇറങ്ങുക എന്നതാണ്. 36 കിലോമീറ്ററുകളോളം ആഴമുള്ള ഗര്‍ത്തങ്ങള്‍ ഉള്ള ഇടമാണിത്. ഇവിടേക്ക് അമേരിക്കയും റഷ്യയും ഉപഗ്രങ്ങള്‍ അയച്ചിട്ടില്ല എന്നതില്‍ നമുക്ക് പ്രത്യേകമായും അഭിമാനിക്കാം.
1969 ജൂലൈ 20നാണ് ആദ്യമായി മനുഷ്യന്‍ (നീല്‍ ആംസ്‌ട്രോങ്്) ചന്ദ്രനില്‍ കാലുകുത്തുന്നത്. അതിന് കൃത്യം അമ്പതുവര്‍ഷവും രണ്ടു ദിവസങ്ങള്‍ക്കുമിപ്പുറമാണ് ഇന്ത്യയുടെ രണ്ടാംചാന്ദ്രദൗത്യം. ഇതിനകം 12 പേരാണ് ചന്ദ്രനിലേക്ക് ചെന്നിട്ടുള്ളത്. അവരെല്ലാവരും അമേരിക്കക്കാരും. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ അടുത്തപടി അവിടെനിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ മനുഷ്യകുലത്തിന് പുതിയ അറിവുകള്‍ പകരുന്നതിനും അവിടെ സ്വന്തമായൊരു സ്‌പേസ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും മനുഷ്യനെ അയക്കുന്നതിനുമാണ്. ചന്ദ്രനില്‍ ജലമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അവിടെ ജീവനുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ കണ്ടെത്താനാകും. അനതിവിദൂര ഭാവിയില്‍ ഭൂമി നേരിടാനിരിക്കുന്ന വരള്‍ച്ചയും പ്രളയവുമൊക്കെ മനുഷ്യരെ മറ്റൊരു ജീവതാവളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതിനായി രാജ്യങ്ങള്‍ തമ്മില്‍ മല്‍സരിക്കുകയാണിപ്പോള്‍. ബഹിരാകാശ ഗവേഷണത്തിന് സഹസ്ര കോടികള്‍ ചെലവഴിക്കുന്ന ഇന്ത്യയുടെ സാമൂഹികരംഗം ഇപ്പോള്‍ നേരിടുന്ന അശാസ്ത്രീയമായതും അസംസ്‌കാരികവുമായ പ്രവണതകളെ എങ്ങനെ തുടച്ചുമാറ്റാനാകും എന്നതാകണം ഇപ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനോമുകുരത്തില്‍ ഉയരേണ്ടത്. ചന്ദ്രയാന്‍ചിത്രങ്ങള്‍ക്കൊപ്പം കാണേണ്ടിവരുന്നത്് ആള്‍ക്കൂട്ടക്കൊലക്കിരയായ പട്ടിണിപ്പാവങ്ങളുടെ കബന്ധങ്ങള്‍. കഴിഞ്ഞ ഒരാഴ്ചക്കകം ഇരുപതോളംപേരാണ് രാജ്യത്ത് വെടിയേറ്റും മര്‍ദിച്ചും കൊല്ലപ്പെട്ടത്. ജലവും അമ്പിളിയുമൊക്കെ മനുഷ്യമനസ്സുകളെ സര്‍ഗമുഖരിതമാക്കേണ്ടകാലത്ത് പുരാണത്തിലെ ഇന്റര്‍നെറ്റിനെക്കുറിച്ചും റോക്കറ്റിനെക്കുറിച്ചുമൊക്കെ വായിട്ടലക്കുന്ന നാണംകെട്ട ഗതികേട്. രാജ്യത്തെ ഏതൊരു പൗരനും ശ്വസിക്കാനും ചരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോഴേ ചിരിക്കും ചിന്തക്കുമൊക്കെ പ്രസക്തിയുള്ളൂ. പാവങ്ങളില്‍ പാവപ്പെട്ടവനെ മനസ്സില്‍കണ്ടുവേണം ഏതൊരുപദ്ധതിയും ആവിഷ്‌കരിക്കാനെന്ന് ഉപദേശിച്ചൊരു മഹാത്മാവിന്റെ നാടാണിത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.