Connect with us

Video Stories

തേജസ്സാര്‍ന്ന മുഖം, ഓജസ്സുറ്റ കൊടി

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിടപറഞ്ഞിട്ട് ഇന്ന് 46 വര്‍ഷം പൂര്‍ത്തിയാകുന്നു. സംഭവബഹുലമായ ആ ജീവിതത്തിന് 1972 ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ തിരശ്ശീല വീഴുമ്പോള്‍ രാജ്യമെങ്ങുമുള്ള മുസ്‌ലിംകളാദി ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ അവരുടെ പ്രതിസന്ധികളിലെ കരുത്തായിരുന്ന സമരനായകന്റെ വേര്‍പാടില്‍ വിതുമ്പുകയായിരുന്നു. ആ മഹാപുരുഷന്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമ രാഷ്ട്രീയ മൂല്യങ്ങളായ ജനാധിപത്യത്തിനും മതേതരത്വത്തിനും മീതെ ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന വര്‍ത്തമാനകാലത്തിനു മുന്നില്‍നിന്ന് സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടിയിരിക്കുന്നു; ഖാഇദെ മില്ലത്തിന്റെ പാതയില്‍ നാം എത്ര ദൂരം മുന്നോട്ടു പോയി എന്ന്. ഭൗതിക ലോകവുമായി ബന്ധപ്പെട്ട് കാര്യമായ നേട്ടങ്ങളോ സൗകര്യങ്ങളോ വേണമെന്ന് ആഗ്രഹിക്കാത്ത സൂഫീസമാനതയുള്ള നേതാവായിരുന്ന ഖാഇദെ മില്ലത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം പ്രാന്തവത്കരിക്കപ്പെട്ട സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പായിരുന്നു. ഈ പാതയില്‍ വളരെയേറെ മുന്നോട്ടു പോയതിന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ രാഷ്ട്രീയ സ്വാധീനമുള്ള കേരളം സാക്ഷിയാണ്. ഇക്കാര്യത്തില്‍ നമുക്ക് സന്തോഷമുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ആ നേട്ടം സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. എങ്കില്‍പോലും ആത്മസംതൃപ്തിക്ക് വക നല്‍കുന്ന പശ്ചാത്തലമുണ്ട് എന്നത് ആശാവഹമാണ്.
1960ലെ മദ്രാസ് സംസ്ഥാന സമ്മേളനത്തിനു ശേഷം ഉത്തരേന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ഖാഇദെ മില്ലത്ത് വിശ്രമമില്ലാതെ ഓടി നടക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലൂടെയും സഞ്ചരിച്ച അദ്ദേഹം മുസ്‌ലിംലീഗിന്റെ ആവശ്യകതയെക്കുറിച്ച് കുഗ്രാമങ്ങളില്‍പോലും പോയി പ്രസംഗിച്ചു. സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ നേതാക്കള്‍ പലരും അകന്നുപോയപ്പോള്‍ സ്വാതന്ത്ര്യത്തിനു ശേഷം നേതൃത്വം നഷ്ടപ്പെട്ട ജനതയായി ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍. അവര്‍ക്ക് രാഷ്ട്രീയത്തോടുള്ള നീരസം മാറ്റുന്നതിന് ഖാഇദെ മില്ലത്ത് ശ്രമിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച് അനുയോജ്യരായ നേതാക്കളെ മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ വേണ്ടി ഖാഇദെ മില്ലത്ത് നിയോഗിച്ചു.
മുംബൈ മഹാനഗരത്തില്‍ മുസ്‌ലിംലീഗിന്റെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തോളം സംഘടന വളര്‍ന്നത് ഖാഇദെ മില്ലത്തിന്റെ പാര്‍ട്ടി പുന:സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു. മുസ്‌ലിംലീഗിന്റെ മഹാരാഷ്ട്ര നിയമസഭാ അംഗമായി ഗുലാം മഹ്മൂദ് ബനാത്ത്‌വാല സാഹിബ് തെരഞ്ഞെടുക്കപ്പെടുന്നത് അക്കാലത്താണ്. പശ്ചിമ ബംഗാളില്‍ ഏഴു എം.എല്‍.എമാര്‍ മുസ്‌ലിംലീഗിനുണ്ടായി. ബംഗ്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ മുസ്‌ലിംലീഗ് പ്രതിനിധി ഹസനുസ്സമാന്‍ മന്ത്രിയുമായി. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കും മുസ്‌ലിംലീഗ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിലേക്ക് മുസ്‌ലിംലീഗ് പ്രതിനിധി എത്തിയതും ഖാഇദെ മില്ലത്ത് ജീവിച്ചിരുന്ന കാലത്താണ്. വിഭജന കാലത്ത് മുസ്‌ലിംലീഗ് എന്ന് ഉച്ചരിക്കാന്‍ പോലും ഭയപ്പെട്ട സമുദായത്തെയാണ് രണ്ടു പതിറ്റാണ്ടിന്റെ കര്‍മശേഷിയിലൂടെ ഖാഇദെ മില്ലത്ത് മാറ്റിയെടുത്തത്.
കലാപ കലുഷിതമായ രംഗങ്ങളിലെല്ലാം ശാന്തിയുടെ സന്ദേശവുമായി ഖാഇദെ മില്ലത്ത് എത്തി. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംലീഗ് സാമുദായിക സൗഹൃദത്തിന് മുന്നിട്ടിറങ്ങി. വര്‍ഗീയകലാപങ്ങള്‍ ഇല്ലാതാക്കാന്‍ രൂപീകരിച്ച സമിതിയിലെ ചിലര്‍ മുസ്‌ലിംലീഗിനെതിരെ വര്‍ഗീയത ആരോപിച്ചപ്പോള്‍ ഖാഇദെ മില്ലത്ത് പറഞ്ഞു: തങ്ങളുടെ ആചാര സമ്പ്രദായങ്ങളെ മറ്റൊന്നിനുമേല്‍ അടിച്ചേല്‍പിക്കുന്നതാണ് വര്‍ഗീയവാദം; ഒരാളുടെ സംസ്‌കാരത്തെയും നാഗരികതയെയും മറ്റൊരാള്‍ ഉന്മൂലനം ചെയ്യുന്നതാണ് വര്‍ഗീയവാദം; ഒരു സമുദായത്തിന്റെ ഭാഷയെയും ജീവിതരീതിയെയും അവഹേളിക്കുന്നതാണ് വര്‍ഗീയവാദം. ദേശീയോദ്ഗ്രഥന സമിതിയില്‍ ആരും പിന്നെ മുസ്‌ലിംലീഗിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.
രാജ്യത്തെ ഏതൊരു സുപ്രധാന വിഷയത്തിലും മുസ്‌ലിംലീഗിന്റെ അഭിപ്രായത്തിനു വേണ്ടി രാഷ്ട്രനേതൃത്വം കാതോര്‍ത്തിരുന്ന കാലമാണ് ഖാഇദെ മില്ലത്തിന്റെ കാലം. ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള ഭീഷണിയെ പ്രതിരോധിക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഖാഇദെ മില്ലത്ത് പൂര്‍ണ പിന്തുണ നല്‍കി. സ്വന്തം ശമ്പളത്തിന്റെ ഒരു വിഹിതം അദ്ദേഹം പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പിതാവിന്റെ ആഗ്രഹമറിഞ്ഞ് സ്വന്തം മകന്‍ പോലും സൈനിക സേവനത്തിന് സന്നദ്ധനായി എത്തി. വയസ്സേറിപ്പോയി എന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം അഹോരാത്രം പോരാടി. ഖാഇദെമില്ലത്തിന്റെ ശ്രമഫലമായി തമിഴ്‌നാട്ടില്‍ 13 കോളജുകളുണ്ടായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്ത് ആരു മരണപ്പെട്ടാലും മൃതദേഹം ദഹിപ്പിക്കണമെന്ന് പാര്‍ലമെന്റില്‍ ഒരു പ്രമേയം വന്ന സമയത്ത് ഖാഇദെ മില്ലത്താണ് അതിനെതിരെ ശക്തമായി പോരാടിയത്. ആ പ്രമേയം പിന്‍വലിക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണ സഭയിലും പാര്‍ലമെന്റിലും നടന്ന ഇസ്‌ലാമിക ശരീഅത്തിനെതിരായ കൈകടത്തലുകള്‍ക്കെതിരെ ഖാഇദെ മില്ലത്തിന്റെ സിംഹ ഗര്‍ജ്ജനങ്ങള്‍ ചരിത്രമാണ്. ഏക സിവില്‍കോഡിനു വേണ്ടിയുള്ള മുറവിളികള്‍ ഇപ്പോഴും തുടരുന്നതിനു കാരണം ഭരണഘടനയിലെ ചെറിയൊരു പഴുതാണ്. അന്ന് അക്കാര്യം എഴുതിച്ചേര്‍ക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അലിഗഡിന്റെ ന്യൂനപക്ഷ പദവി നിലനിര്‍ത്തല്‍, ഉര്‍ദു ഭാഷയുടെ സംരക്ഷണം എന്നിങ്ങനെ സമുദായത്തിന്റെ വിഷയങ്ങളിലെല്ലാം ഖാഇദെ മില്ലത്ത് ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഒരു പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബായിരുന്നു. ശ്രീലങ്കയിലെ മുസ്‌ലിം മന്ത്രാലയത്തെ ചൂണ്ടിക്കാട്ടിയാണ് ഖാഇദെ മില്ലത്ത് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം അംഗീകരിക്കപ്പെട്ടത് ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലാണ്. വിഭജനത്തിനു ശേഷം നേര്‍വഴി ഏതെന്നറിയാതെ ഉഴറിയ സമുദായത്തിന് ഖാഇദെ മില്ലത്ത് ഉത്തരമായിരുന്നു. ഹതാശരായി നിലവിളിക്കുന്ന സമുദായത്തിന് നേര്‍വഴി കാട്ടാന്‍ തേജസ്സുറ്റ മുഖവും ഓജസ്സുറ്റ കൊടിയുമായി ഖാഇദെ മില്ലത്ത് മുന്നില്‍ നടന്നു. ഒരു ജനതയൊന്നാകെ ആ കൊടിക്കു കീഴില്‍ അണിനിരന്നു. പ്രത്യേകിച്ചും കേരളത്തിലെ മുസ്‌ലിംകള്‍. അവരുടെ ഹൃദയത്തില്‍ ഖാഇദെ മില്ലത്തിന് രാജകീയ സ്ഥാനമാണുള്ളത്. തമിഴ്‌നാട്ടുകാര്‍ അദ്ദേഹത്തെ ആദരവോടെ ഖൗമിന്‍ കാവലര്‍ എന്നു വിളിച്ചു. തമിഴ്‌നാട് നിയമസഭാ മന്ദിരത്തില്‍ ഈയിടെ സ്ഥാപിച്ച പ്രമുഖരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഖാഇദെ മില്ലത്തുമുണ്ട്. ദ്രാവിഡ ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് മുന്നില്‍നിന്ന് ഇ.വി രാമസ്വാമിയെപ്പോലുള്ള മഹാന്മാരുമായി ഖാഇദെ മില്ലത്തിന് അടുത്ത ബന്ധമായിരുന്നു. അധ:സ്ഥിത ജനവിഭാഗങ്ങളുടെ നിലവിളികള്‍ക്കൊപ്പമായിരുന്നു ആ മനസ്സ്.
രാജ്യ നന്മയും സാമുദായിക സൗഹാര്‍ദ്ദവും സമുദായത്തിന്റെ ഉന്നമനവും; അതായിരുന്നു ഖാഇദെ മില്ലത്തിന്റെ ദര്‍ശനം. ഖാഇദെ മില്ലത്തിന്റെ സങ്കല്‍പത്തില്‍നിന്ന് ഉത്തരേന്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഇപ്പോള്‍ അകന്നകന്നു പോയി. പിന്നാക്കാവസ്ഥയുടെ കൂരിരുട്ടില്‍നിന്നും ഇനിയും അഭിമാനാര്‍ഹമായ നിലനില്‍പിലേക്കുള്ള വഴി കണ്ടെത്തിയിട്ടില്ലാത്ത പാവങ്ങള്‍. അവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളുമായി മുസ്‌ലിംലീഗ് കൂടെയുണ്ട്. അല്‍പം വൈകിയാണ് നാം ഇവിടെ സജീവമാകുന്നത്. എങ്കിലും സാരമില്ല. ഈ നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനത അഭിമാനാര്‍ഹമായ നിലനില്‍പിനു വേണ്ടിയുള്ള പാതയിലേക്ക് കാല്‍വെച്ചു തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷകരമാണ്. ഖാഇദെ മില്ലത്തിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ട്, നന്മയുടെ പാതയില്‍ നമുക്ക് ഒരുമിച്ചു നീങ്ങാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.