Connect with us

Video Stories

ഐക്യത്തിനും സാഹോദര്യത്തിനും മത സംഘടനകള്‍ മാതൃകയാകട്ടെ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭിന്നിപ്പും ഐക്യമില്ലായ്മയുമാണ്. കുടുംബം മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വരെ പരസ്പരം വെറുപ്പും വിദ്വേഷവും ആരോപണ പ്രത്യാരോപണങ്ങളും അക്രമങ്ങളും പ്രകടമാണ്. മക്കളും മാതാപിതാക്കളും തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍, സംഘടനകള്‍ തമ്മില്‍ എന്തെല്ലാം പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളുമാണ്. മുത്തലാഖ് ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം സമുദായത്തെ അപമാനിക്കാന്‍ അവസരം സൃഷ്ടിച്ചത് ദാമ്പത്യ ബന്ധം സംബന്ധിച്ച് ഖുര്‍ആനിന്റെ പ്രഖ്യാപിത തത്വങ്ങള്‍ പാലിക്കാത്ത അനുയായികള്‍ തന്നെയല്ലേ. ജനങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ മുസ്‌ലിം സമൂഹം ഇസ്‌ലാമിന്റെ ഐക്യ, സാഹോദര്യ സിദ്ധാന്തങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നുവെന്ന് മനസിലാക്കാം. ‘വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കുകയും കാരുണ്യം കാണിക്കുകയും സഹകരണം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ഒറ്റ ശരീരം പോലെയാണ്’. ‘നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്; വിദ്വേഷം പ്രകടിപ്പിക്കരുത്; അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങളെല്ലാം സഹോദരന്മാരായി ജീവിക്കുക: ‘ഒരു മുസ്‌ലിം മറ്റൊരാളെ അക്രമിക്കരുത്; നിസ്സഹായതയിലേക്ക് തള്ളിവിടരുത്; കളവ് പറയരുത്: നിന്ദിക്കരുത്. ഒരു സഹോദരനെ നിന്ദിക്കുന്നത് തന്നെ മതി അവന് തിന്മ ലഭിക്കാന്‍. ഒരു മുസ്‌ലിമിന്റെ രക്തവും ധനവും അഭിമാനവും മറ്റൊരു മുസ്‌ലിമിന് ഹറാമാണ്’- ഇവയെല്ലാം പ്രവാചകന്റെ നിര്‍ദ്ദേശങ്ങളാണ്.
ഒരുമയുടെയും ഐക്യത്തിന്റെയും ഈ നിര്‍ദ്ദേശങ്ങളെല്ലാം ജീവിതത്തില്‍ പാലിക്കുന്ന ഒരു മാതൃകാ സമൂഹത്തെ പ്രവാചകന്‍ ലോകത്തിന് കാഴ്ചവെച്ചു. എന്തൊരു ശത്രുതയും വൈരവുമാണ് അറബ് സമൂഹത്തിലുണ്ടായിരുന്നത്. ‘നിങ്ങളുടെ മനസ്സുകള്‍ അല്ലാഹു കൂട്ടിയിണക്കി. അവന്റെ അനുഗ്രഹം കാരണം നിങ്ങളെല്ലാം പരസ്പര സഹോദരങ്ങളായി’- ഖുര്‍ആന്‍ വ്യക്തമാക്കി. മുസ്‌ലിംകളെല്ലാം ഒന്ന് എന്ന് പ്രഖ്യാപിക്കുന്ന ഒരു ഐക്യരേഖ പ്രവാചകന്‍ അവതരിപ്പിച്ചു. മര്‍ദ്ദിതരെ സഹായിക്കുക, അയല്‍ക്കാരനെ രക്ഷിക്കുക, വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, കുറ്റകൃത്യങ്ങള്‍ നിരോധിക്കുക, കടക്കാരനെ സഹായിക്കുക എന്നീ തത്വങ്ങളെല്ലാം പാലിക്കുന്ന ഒരു ജനസമൂഹത്തെ അദ്ദേഹം മദീനയില്‍ വാര്‍ത്തെടുത്തു. മനുഷ്യര്‍-അവരുടെ മതവും ജാതിയും വിശ്വാസവും വംശവും എന്താവട്ടെ എല്ലാവരും തുല്യരും ആദരണീയരുമാണെന്ന തത്വം അദ്ദേഹം മദീനയില്‍ നടപ്പിലാക്കി. ഈ ചരിത്രം രോമാഞ്ചത്തോടെയല്ലാതെ ഉദ്ധരിക്കാനോ, വായിക്കാനോ ആര്‍ക്കും കഴിയില്ല.
എന്നാല്‍ ഇന്നത്തെ മുസ്‌ലിം സമൂഹം ഈ തത്വങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നു. ഐക്യം, സാഹോദര്യം, സഹിഷ്ണുത, പരസ്പര സഹായം തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പണ്ഡിതന്മാരും അവര്‍ നേതൃത്വം നല്‍കുന്ന മത സംഘടനകളുമാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ എല്ലാവരും സഹോദരന്മാരും ഒത്തൊരുമയോടെ ഐക്യപ്പെട്ട് ജീവിക്കേണ്ടവരുമാണെന്ന സന്ദേശമല്ല നല്‍കുന്നത്. മറിച്ച് സ്വന്തം സംഘടനക്ക് പുറത്തുള്ളവരുമായി കൂട്ടുകൂടുകയോ, അവരുമായി വേദികള്‍ പങ്കിടുകയോ, പൊതു നന്മയുടെ കാര്യത്തിലാണെങ്കില്‍ പോലും സഹകരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനെ വിലക്കുന്നു. ഇവിടെ ഒരു വസ്തുത വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ‘ഇഖ്തിലാഫ്’ അഥവാ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്. കാരണം തെളിവുകള്‍ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും വിധികള്‍ കണ്ടുപിടിക്കുന്നതിലും പണ്ഡിതന്മാര്‍ വ്യത്യസ്തത പുലര്‍ത്തുക സ്വാഭാവികമാണ്. ഈ അര്‍ത്ഥത്തില്‍ ‘ഇഖ്തിലാഫ്’ നബിയുടെ ശിഷ്യന്മാരില്‍ പ്രകടമായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും പിളര്‍പ്പിനോ, സാഹോദര്യബന്ധം തകര്‍ക്കുന്നതിനോ മുസ്‌ലിം ഉമ്മത്ത് എന്ന ഐക്യ വീക്ഷണത്തിനോ തടസ്സമാകാന്‍ പാടില്ല. ഈ വീക്ഷണ വ്യത്യാസത്തിന് ഉദാഹരണമാണ് നാല് മദ്ഹബുകള്‍. പല വിഷയങ്ങളിലും നാല് ഇമാമുകള്‍ വ്യത്യസ്ത വിധികളും സമീപനങ്ങളും സ്വീകരിച്ചിരുന്നുവെങ്കിലും അവര്‍ തമ്മില്‍ എത്രമാത്രം ആദരം പുലര്‍ത്തിയിരുന്നു. കാരണം അവര്‍ക്കൊന്നും മദ്ഹബോ, സംഘടനയോ ആയിരുന്നില്ല ലക്ഷ്യം. മറിച്ച് താന്‍ മനസ്സിലാക്കിയ സത്യത്തോടുള്ള പ്രതിബദ്ധത ഒന്നു മാത്രമായിരുന്നു.
ഇമാം ശാഫിഈ ഇമാം അബൂ ഹനീഫയെപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘ജനങ്ങളെല്ലാം കര്‍മ്മശാസ്ത്ര വിഷയത്തില്‍ അബൂ ഹനീഫയെ ആശ്രയിക്കേണ്ടവരാണ്’. ഇമാം മാലികിനെപ്പറ്റിയുള്ള ശാഫി ഈയുടെ വിലയിരുത്തല്‍ ഇങ്ങനെ: ‘താബിഉകള്‍ക്ക് ശേഷം അല്ലാഹു ജനങ്ങള്‍ക്ക് നല്‍കിയ ന്യായരേഖ ആണ് ഇമാം മാലിക്’. ഇമാം ശാഫി ഈയെപ്പറ്റി ഇമാം അഹ്മദ് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനില്‍ നിന്ന് പകര്‍ത്തുക. കാരണം, അദ്ദേഹത്തിന് തുല്യനായ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം നഷ്ടപ്പെട്ടാല്‍ നമുക്കൊരു പകരക്കാരനില്ല’. ശാഫിഈയെപ്പറ്റി ഇമാം അഹ്മദ്: ‘ശാഫി ഈയേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഒരു ഖുറൈശി വംശജനും എന്റെ അടുത്തില്ല’.
എന്നാല്‍ ഇന്ന് സംഘടനകളെയെല്ലാം ബാധിച്ച ഒരു മഹാ രോഗമുണ്ട്- ഭൗതിക ശക്തി വര്‍ധിപ്പിക്കുന്നതിന് എന്താണ് അനുയോജ്യമെങ്കില്‍ അതിന്റെ പിറകില്‍ പോവുക. മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും അകല്‍ച്ചയും വളര്‍ത്തുന്നതാണ് സംഘടനയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോംവഴിയെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുക; അതിന് മതപരമായ ന്യായീകരണം നല്‍കുക. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാന്‍ എന്താണ് മാര്‍ഗമെങ്കില്‍ അത് എന്ന പവിത്രമായി ചിന്തയില്ല. വ്യത്യസ്തത പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പുരോഗമന ചിന്താപ്രസ്ഥാനങ്ങളും കാലം മാറിയപ്പോള്‍ ജീര്‍ണതയില്‍ നിന്ന് മുക്തമായില്ല. മാര്‍ഗവും ലക്ഷ്യവും ഒരുപോലെ പരിശുദ്ധമാകേണ്ടതുണ്ട്.
മുതിര്‍ന്നവരും യുവാക്കളും തമ്മിലുള്ള അകലം കൂടുന്നത് ഇന്ന് എല്ലാ രംഗത്തും കാണപ്പെടുന്ന പ്രതിഭാസമാണ്- മത സംഘടനകളും വ്യത്യസ്തമല്ല. ഞങ്ങള്‍ തീരുമാനിക്കുന്നവരും കല്‍പിക്കുന്നവരും; നിങ്ങള്‍ നടപ്പിലാക്കേണ്ടവരും അനുസരിക്കേണ്ടവരും- ഈ നിലപാടല്ല മുതിര്‍ന്നവര്‍ യുവാക്കളുടെ നേരെ സ്വീകരിക്കേണ്ടത്. മറിച്ച് പ്രവാചകന്‍ മാതൃക കാണിച്ചപോലെ അവരുമായി കൂടിയാലോചിക്കുകയും തീരുമാനത്തില്‍ പങ്കാളികളാക്കുകയും വേണം. സല്‍മാനുല്‍ ഫാരിസി എന്ന ചെറുപ്പക്കാരന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് ശത്രുവിന്റെ ആക്രമണം തടയാന്‍ മദീനക്ക് ചുറ്റും പ്രവാചകന്‍ ഒരു ഖന്‍തഖ്- കിടങ്ങ്- കുഴിച്ചത്. മുതിര്‍ന്നവര്‍ ധിക്കരിച്ചുനിന്ന സമയത്ത് യുവാക്കളാണ് ആദ്യമായി നബിയില്‍ വിശ്വസിക്കാന്‍ മുന്നോട്ട് വന്നതും ഇസ്‌ലാമിന്റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതും. സംഘടനകളില്‍ ശരിയായ അംഗീകാരവും അവസരവും നല്‍കി ഭാവിയിലെ പ്രവര്‍ത്തകരും നേതാക്കളുമായി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേ അവസരം പ്രവാചകന്‍ നിര്‍ദ്ദേശിച്ചപോലെ ചെറുപ്പക്കാര്‍ മുതിര്‍ന്നവരെ ആദരിക്കുകയും അവരുടെ കഴിവും അനുഭവ സമ്പത്തും അറിവും ഉപയോഗപ്പെടുത്തുകയും വെണം.
മത സംഘടനകള്‍ ഐക്യത്തിനും സാഹോദര്യത്തിനും സഹിഷ്ണുതക്കും മറ്റെല്ലാവര്‍ക്കും മാതൃകയാകേണ്ടതുണ്ട്. സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളുമായും വ്യക്തികളുമായുമുള്ള ബന്ധത്തിലും ഇത് പ്രായോഗികമാക്കണം. മുസ്‌ലിംകളുടെ ഭിന്നതയാണ് സ്‌പെയിനിലെ അവരുടെ ആധിപത്യം തകര്‍ത്തതും, ബഗ്ദാദ് ചുട്ടെരിക്കാന്‍ താര്‍ത്താരികള്‍ക്ക് അവസരം കൊടുത്തതുമെല്ലാം. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷം തന്നെ തുടര്‍ന്നുപോവുകയാണെങ്കില്‍ ക്രമേണ ഭരണഘടനയുടെയോ, കോടതികളുടെയോ, ജനാധിപത്യത്തിന്റെയോ രക്ഷ മുസ്‌ലിംകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അതിനാല്‍ മുസ്‌ലിം മത സംഘടനകള്‍ സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളും വ്യക്തികളുമായുള്ള ബന്ധത്തിലും ഭൂരിപക്ഷ സമുദായത്തോടുള്ള സമീപനത്തിലും ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.