Connect with us

Video Stories

കിഫ്ബി വെട്ടിപ്പിന് പാലം പണിയേണ്ട

Published

on

വിമാനത്താവളം, തുറമുഖം, മെട്രോ റെയില്‍വെ തുടങ്ങി വന്‍കിട പദ്ധതികളിലൂടെ കേരളത്തിന്റെ വികസനമേഖലയില്‍ വിപ്ലവകരും ചരിത്രപരവുമായ മുന്നേറ്റത്തിന് തുടക്കംകുറിച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിനെതിരെ ഇല്ലാത്ത അഴിമതിക്കഥകള്‍ പാട്ടാക്കിതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണി അനുദിനമെന്നോണം അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവില്‍ വേണ്ടത്ര പണമില്ലെന്ന് പറഞ്ഞ് ധനസമാഹരണത്തിനായി ഇടതുസര്‍ക്കാര്‍ രൂപീകരിച്ച കേരള അടിസ്ഥാന സൗകര്യ വികസന ബോര്‍ഡ് (കിഫ്ബി) ഭരണതലത്തിലെ വെള്ളാനയായി മാറിയിരിക്കുകയാണെന്നാണ് ഏതാനും ദിവസങ്ങളായി പുറത്തുവരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

രാജ്യത്തെ ഭരണഘടനാസ്ഥാപനമായ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി.) പോലും പരിശോധനക്ക് അനുവദിക്കാത്തവിധത്തിലാണ് കിഫ്ബിയെ പിണറായി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിരിക്കുകയാണെന്ന് ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ തെളിയിക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെ.എസ്.ഇ.ബിയുടെ പദ്ധതികളിലാണ് ഇപ്പോള്‍ അഴിമതി കണ്ടെത്തിയിരിക്കുന്നത്. പൊതുമരാമത്തിലടക്കം ശതകോടികളുടെ അഴിമതിയാണ് കിഫ്ബിവഴി നടന്നിരിക്കുന്നതെന്നും അഴിമതി മലയുടെ അരിക് മാത്രമാണ് ഇപ്പോള്‍ സ്പര്‍ശിച്ചിരിക്കുന്നതെന്നുമാണ് വാര്‍ത്തകള്‍.

പാതകളുടെയും പാലങ്ങളുടെയും മറ്റും നിര്‍മാണത്തിനും വികസനത്തിനുമായി ലക്ഷ്യംവെച്ചുള്ള കിഫ്ബി ഫണ്ട് വിനിയോഗത്തിന് അഴിമതിയുടെ പുതിയ മാനം നല്‍കിയിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പദ്ധതിയായ ട്രാന്‍സ്ഗ്രിഡിന്റെ നിര്‍മാണത്തിലാണ് കോടികളുടെ അഴിമതി കണ്ടെത്തിയിരിക്കുന്നത്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന പദ്ധതിയാണിത്. കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് പതിനായിരം കോടിയാണ് ഇതിനായി ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആദ്യഘട്ടമായി 4500 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിലെ കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലുമാണ് വന്‍ വെട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് വിവരം.

ഇതിനായി നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പ്രത്യേകമായി ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെ നിയോഗിച്ചതുതന്നെ അഴിമതിയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ്. നിലവിലെ കെ.എസ്.ഇ.ബി നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് തുക വകയിരുത്തിയിരിക്കുന്നത്. അറുപതു ശതാമനം അധിക നിരക്കാണ് ഇതിനായി എസ്റ്റിമേറ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഇതുവരെ ലഭ്യമായ വസ്തുതകള്‍ അനുസരിച്ചാണ്. യു.ഡി.എഫ് കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍വിമാനത്താവളത്തിനും (കിയാല്‍) സി.എ.ജിയുടെ പരിശോധന വേണ്ടെന്ന് സര്‍ക്കാര്‍ യാതൊരു ഉളുപ്പുമില്ലാതെ സ്വയം പ്രഖ്യാപിച്ചിരിക്കുന്നു. കിയാലില്‍ സര്‍ക്കാര്‍ ഓഹരി കുറവാണെന്നു പ്രചരിപ്പിച്ചാണ് തോന്നിയപോലെ ഫണ്ട് വിനിയോഗിക്കാനുള്ള ഇടംകണ്ടെത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി മറച്ചുവെച്ചാണീ തട്ടിപ്പ്. അഴിമതിയുടെ സ്വജനപക്ഷപാതവും കണ്ടെത്തുമെന്നതാണ് പിണറായി സര്‍ക്കാരിനെ ഓഡിറ്റില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ ഭയക്കുന്നതെന്തിനാണെന്നാണ് ജനത്തിന്റെ സംശയം.

സര്‍ക്കാര്‍ ഇതിനകം രണ്ടുമന്ത്രിമാരെ രാജിവെപ്പിച്ചത് അനധികൃതനിയമനങ്ങളും സ്ത്രീപീഡനകേസുമൊക്കെ കൊണ്ടാണ്. വ്യവസായ മന്ത്രിഇ.പി ജയരാജന്‍ പ്രതിയായ അനധികൃത നിയമനക്കേസില്‍നിന്ന് അദ്ദേഹത്തെ നിര്‍ഭയം തലയൂരിച്ചാണ് വീണ്ടും അതേ ലാവണത്തിലേക്ക് കൊണ്ടുവന്നത്. ഇതിന് പിണറായി സര്‍ക്കാരും സി.പി.എമ്മും പറഞ്ഞ ന്യായം, നിയമനം മന്ത്രി നേരിട്ടറിഞ്ഞുകൊണ്ടായിരുന്നില്ല എന്നായിരുന്നു. ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കോടികള്‍ നഷ്ടം വരുത്തിയെന്നാരോപിച്ച് തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. അവിടെയും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിച്ചത്.

മന്ത്രി സി.കെ ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തകയായ പെണ്‍കുട്ടി ഉയര്‍ത്തിയ ആരോപണത്തെതുടര്‍ന്ന് അദ്ദേഹത്തെ വൈകാതെ തിരിച്ചെടുത്തു. ആലപ്പുഴയില്‍ കായല്‍ കയ്യേറി റിസോര്‍ട്ട് പണിതതിന് അതേ പാര്‍ട്ടിയുടെ മറ്റൊരു മന്ത്രിക്കും രാജിവെച്ചോടേണ്ടി വന്നു. ഇപ്പോള്‍ കിഫ്ബിയുടെ കാര്യത്തില്‍ പക്ഷേ എത്രമറയ്ക്കാന്‍ ശ്രമിച്ചാലും മായ്ക്കാനാവാത്ത വിധത്തിലുള്ള അഴിമതിയുടെ കൂമ്പാരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതൊക്കെയാണോ പിണറായി അഭിരമിക്കുന്ന അഴിമതി വിരുദ്ധ സംസ്‌കാരം? മേല്‍പറഞ്ഞതിലൊക്കെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ നിലപാട് കൈക്കൊണ്ട സര്‍ക്കാരും സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ 374 കോടിയുടെ എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ ശരിക്കുംവെട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഡല്‍ഹിയില്‍നിന്ന് പുറത്തുവരുന്നവിവരം. പതിനൊന്നുതവണ കേസ് സുപ്രീംകോടതിയില്‍ മാറ്റിവെപ്പിച്ചശേഷം നില്‍ക്കക്കള്ളിയില്ലാതെയാണ് കോടതിയുടെ അവസാനവിധിയെ നേരിടാന്‍ സി.പി.എം തയ്യാറെടുക്കുന്നത്. സി.ബി.ഐയുടെ കേസില്‍ ആഴ്ചക്കകള്‍ക്കുള്ളില്‍ കോടതിവിധി പുറത്തുവന്നേക്കും.

ഇതിനിടെയാണ് പാലാ നിയമസഭാഉപതെരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുമ്പ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതി വിരുദ്ധ വാചോടോപം നടത്തിയിരിക്കുന്നത്. ‘ഇപ്പോഴും അഴിമതി കാണിക്കാന്‍ ചിലര്‍ തയ്യാറാകുന്നു. മര്യാദക്ക് ജീവിച്ചാല്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ട. വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം.’ മേല്‍സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം സര്‍ക്കാരിലെ ആളുകളെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് തോന്നാമെങ്കിലും മാധ്യമങ്ങളത് പ്രതിപക്ഷത്തിന് നേര്‍ക്കുള്ള ഒളിയമ്പെയ്ത്തായാണ് വ്യാഖ്യാനിച്ച് കാണുന്നത്. കൊച്ചിയിലെ പാലാരിവട്ടംപാലം നിര്‍മാണത്തില്‍ സംഭവിച്ച തകരാറാണ് പിണറായിയുടെ പ്രസ്താവനക്ക് ഹേതുവെന്നും അവര്‍ എഴുതിക്കാണുന്നു.

അതെന്തായാലും പാലം നിര്‍മാണത്തിലുണ്ടായ അപാകതയുമായ ബന്ധപ്പെട്ട് വിജിലന്‍സും ക്രൈംബ്രാഞ്ചും എടുത്ത കേസില്‍ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വാളോങ്ങുന്നത് സ്വന്തം ഇരിപ്പിടം ഉറപ്പിക്കാനുള്ള വ്യഗ്രത കൊണ്ടായിരിക്കണം. സാധാരണഗതിയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് ഇത്തരം ചെപ്പടിവിദ്യകളുമായി ഇടതുമുന്നണിക്കാര്‍ പ്രത്യക്ഷപ്പെടുന്നത്. ഇക്കാര്യത്തില്‍ അത് രണ്ടുദിവസം മുമ്പായി എന്നേയുള്ളൂ. കെ.പി.സി.സിഅധ്യക്ഷന്‍ മുല്ലപ്പള്ളിരാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇടതുമുന്നണിയുടെ ഉണ്ടയില്ലാവെടികള്‍ അട്ടത്തുവെക്കുകയേ അവര്‍ക്ക് നിവൃത്തിയുള്ളൂ. ആര്, എപ്പോള്‍, എവിടുന്ന്, ഏത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് സി.പി.എം നേതൃത്വമോ അവരുടെ മുഖ്യമന്ത്രിയോ അല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.