Connect with us

Video Stories

ഉന്മൂലനത്തിന്റെ പൗരത്വപ്പട്ടിക

Published

on

സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയും സംഘ്പരിവാരവും വര്‍ഷങ്ങളായി അവരുടെ അജണ്ടയിലുള്‍പ്പെടുത്തി വാദിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയതാപദ്ധതിയുടെ ഭാഗമാണിത്. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയുടെ നടപ്പാക്കലും ന്യൂനപക്ഷങ്ങളുടെ അപരവത്കരണവുമാണ് ഇതിലൂടെ സംഭവിക്കാനിരിക്കുന്നത്. ദേശീയമായും രാഷ്ട്രീയമായും മുസ്്‌ലിംകളെ ശത്രുക്കളായി കണക്കാക്കുന്നൊരു പ്രത്യയശാസ്ത്രം നീതിപീഠങ്ങളുടെ സഹായത്തോടെ ഫലപ്രാപ്തിയിലെത്തിലെത്തിച്ചിരിക്കുകയാണ് ബി.ജെ.പി. രാജ്യത്താകെ മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വനിയമം നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വിരല്‍ചൂണ്ടുന്നതും ഇന്ത്യന്‍ മതേതരത്വത്തിന്റെ സര്‍വനാശത്തിലേക്കാണ്. ബംഗ്ലാദേശി ഹിന്ദുക്കളെ പട്ടികയില്‍നിന്ന് പുറന്തള്ളി എന്നു പറഞ്ഞ് ഇന്നലെ പുറത്തുവന്ന ആര്‍.എസ്.എസ്സിന്റെ പ്രസ്താവനയിലുണ്ട് യഥാര്‍ത്ഥത്തില്‍ ഈ ഇരട്ടനീതി.


2103ല്‍ തുടങ്ങിയ അസം പൗരത്വനിര്‍ണയ പദ്ധതിയുടെ ഫലമായി തുടര്‍ച്ചയായ പ്രതിഷേധങ്ങളും നിയമവ്യവഹാരങ്ങളും പിന്നിട്ടാണ് ആഗസ്ത് 31ന് പട്ടിക പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ ഇതനുസരിച്ച് 41,10,169 പേരെയാണ് പൗരന്മാരല്ലാത്തവരായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്തും അനവധാനതയോടെയും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ് പദ്ധതിയെന്ന് പട്ടിക നിര്‍ണയം സംബന്ധിച്ച വാര്‍ത്തകളിലൂടെ ബോധ്യമായതാണ്. നാളെ മുതല്‍ ഇതുമൂലം ഉണ്ടാകുന്ന ക്രമസമാധാനപരവും മാനുഷികവുമായ പ്രശ്‌നങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാമെന്ന തോന്നലിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അസമില്‍ ഇതിനകം വലിയ സൈനിക സന്നാഹത്തെയാണ് ഇതിനായി വിന്യസിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകളായി രാജ്യം സ്വന്തമെന്ന് കരുതി ജീവിച്ചവരെ നിയമവും ചട്ടവും പറഞ്ഞ് ഒരു പ്രഭാതത്തില്‍ പുറന്തള്ളുമ്പോള്‍ ആ മനുഷ്യരിലും കുടുംബങ്ങളിലും ഉണ്ടാകുന്ന മാനസിക വ്യഥയെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരു വേവലാതിയും പ്രകടിപ്പിക്കുന്നില്ല എന്നതിന് തെളിവാണ് രാജ്യം ഭരിക്കുന്നവരുടെ ന്യായ പുസ്തകങ്ങളിലെ വര്‍ഗീയ അജണ്ട. പുറന്തള്ളപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കും, അവരുടെ ജീവിത സന്ധാരണത്തിന് എന്ത് മാര്‍ഗമാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളാന്‍ പോകുന്നത് എന്നതിനെക്കുറിച്ചൊന്നും ഇതുവരെയും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള വിശദീകരണവും പുറത്തുവന്നതായി കാണുന്നില്ല. പലവിധ കാരണത്താല്‍ സുരക്ഷിതഇടംതേടി ഇന്ത്യയിലേക്ക് പല ഘട്ടങ്ങളിലായി എത്തിപ്പെട്ടവര്‍ ഇവിടം തങ്ങളുടെ സ്വന്തം മണ്ണായി കൊണ്ടുനടക്കുമ്പോഴാണ് ഈ പിണ്ഡംവെപ്പ്. പുറത്താക്കപ്പെടുന്നവരിലധികവും മുസ്‌ലിംകളാണ് എന്നതാണ് നിഗൂഢ അജണ്ടയെ പുറത്തുകൊണ്ടുവരുന്നത്.


സുപ്രീംകോടതി നിര്‍ദേശപ്രകാരം തയ്യാറാക്കിയ പട്ടികയെക്കുറിച്ച് എണ്ണമറ്റ പരാതികളാണ് ലഭിച്ചിരിക്കുന്നത്. 3.26 കോടിപേര്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെന്നതുതന്നെ എത്രവലിയ സമൂഹമാണ് ഇവരെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 41 ലക്ഷത്തിലധികം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ സംസ്ഥാനത്തൊട്ടാകെ വലിയ തോതിലുള്ള സമൂഹിക അസ്വാരസ്യം രൂപപ്പെടുകയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ ഇന്ന് അന്തിമപട്ടിക പുറപ്പെടുവിക്കുമ്പോള്‍ ഒരു രാജ്യത്തുമില്ലാത്തവരായി മാറുകയാണ് ലക്ഷക്കണക്കിന് ആളുകള്‍. ഇവരില്‍ കുടുംബത്തിലെ ഉറ്റ ബന്ധുക്കളെ വേര്‍പിരിയേണ്ടിവരുന്നവര്‍ മുതല്‍ രാജ്യത്ത് സൈനികസേവനം നടത്തിയവര്‍ വരെയുണ്ടെന്നുള്ളത് വലിയ വേദനതരുന്നു. നീണ്ടകാലം രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ പോരാടിയ 52കാരനായ സനാഉല്ല പ്രശ്‌നത്തിലെ കണ്ണീര്‍ പ്രതീകമാണ്. പട്ടിക തയ്യാറാക്കല്‍ സുതാര്യമല്ലെന്നുള്ളതിന് തെളിവാണ് സനാഉല്ലയുടെ കസ്റ്റഡി.


197ല്‍ പാകിസ്താനുമായി ഉണ്ടായ ബംഗ്ലാദേശ് യുദ്ധമാണ് വലിയ തോതിലുള്ള കുടിയേറ്റത്തിന് കാരണമായതെന്നാണ് ധാരണയെങ്കിലും അതിനുമുമ്പുതന്നെ രാജ്യത്തേക്ക് പൂര്‍വപാക്കിസ്താന്‍ മേഖലയില്‍നിന്ന് വന്‍കുടിയേറ്റം നടന്നിരുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 1971ലേതിനേക്കാള്‍ പേര്‍ അതിനുമുമ്പ് അസമിലേക്കും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കുടിയേറിയിരുന്നുവെന്ന് കാനേഷുമാരി കണക്കുകള്‍ സാക്ഷിയാണ്. എന്നിട്ടും 1971 മാര്‍ച്ച് 24 വെച്ച് പൗരത്വപട്ടിക തയ്യാറാക്കിയത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്. തദ്ദേശീയരായ ജനതയുടെ സ്വാര്‍ത്ഥ വികാരമാണ് ഇതിനുപിന്നിലെന്ന് വാദിക്കുമ്പോഴും മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തി ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധമതക്കാര്‍ തുടങ്ങിയ മതവിഭാഗങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം അനുവദിക്കുമെന്ന നിയമം പാസാക്കുന്നതിനെ എങ്ങനെയാണ് സദുദ്ദേശ്യമായി കാണാനാകുക. മുസ്‌ലിംകളെ രാജ്യത്തിന്റെ അര്‍ബുദം എന്ന് വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് – ഹിന്ദു മഹാസഭ അജണ്ടയാണ് ഇതിനുപിന്നില്‍ തികട്ടിവരുന്നത്.


മതപരവും വംശീയപരവുമായ ന്യൂനപക്ഷ ജനവിഭാഗങ്ങളെ മുഖ്യധാരയുമായി കൈകോര്‍ത്തുപിടിക്കുന്നതാണ് ഉന്നതമായ മാനുഷികത. പീഡിതരുടെ കണ്ണീരൊപ്പണമെന്ന് പറയുന്നതും അതിഥിദേവോഭവ: എന്ന് പഠിപ്പിച്ചതും നാമൊക്കെ ഉദ്‌ഘോഷിക്കുന്ന മത സംഹിതകളാണ്. യുദ്ധ കലുഷിതമായ സിറിയയില്‍നിന്ന് യൂറോപ്പിലേക്ക് അടുത്തകാലത്തായി കുടിയേറിയ അഭയാര്‍ത്ഥികളെ ആ സമൂഹം പൊതുവില്‍ നെഞ്ചോട്‌ചേര്‍ത്ത് സ്വീകരിച്ചത് ഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്ക് പാഠമാകുന്നില്ല. അലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ തീരത്തടിഞ്ഞ മൃതശരീരം ലോകത്തിനുമുമ്പാകെ ഉയര്‍ത്തിവിട്ട വികാരവായ്പ് ഉന്മൂലന സിദ്ധാന്തക്കാര്‍ കാണണം.

സനാതനമായ ഹിന്ദുമത വിശ്വാസവും കാലാകാലങ്ങളായി തുറന്നിടപ്പെട്ട ദേശീയ ജനാലകളിലൂടെ കടന്നെത്തിയ സാംസ്‌കാരിക വൈവിധ്യത്തിന്റെ തെന്നലും സഹര്‍ഷത്തോടെയല്ലാതെ നമ്മുടെ പൂര്‍വികര്‍ സ്വീകരിക്കുകയുണ്ടായില്ല. ഇസ്്‌ലാമും ക്രിസ്തുമതവും അയല്‍രാജ്യങ്ങളിലേക്ക് പടര്‍ന്ന ഹിന്ദുമതവുമൊക്കെ ഈയൊരു കൊടുക്കല്‍ വാങ്ങലിന്റെ ഫലമാണ്. നരേന്ദ്രമോദിയും അമിത്ഷായും മോഹന്‍ഭഗവതും പ്രതിനിധീകരിക്കുന്ന ഇന്ത്യയില്‍ കശ്മീര്‍ മുസ്്‌ലിംകളും രോഹിംഗ്യന്‍ അഭയാര്‍ത്ഥികളും ഇന്ത്യന്‍ ന്യൂനപക്ഷവും മാത്രമല്ല, സര്‍വമത വിളനിലമായ കേരളം പോലും ഇക്കൂട്ടര്‍ക്ക് ഈര്‍ഷ്യയുണ്ടാക്കുന്നതിന്റെ രഹസ്യം തേടി അധികം തലപുകക്കേണ്ടതുമില്ല. ലോകാസമസ്താ സുഖിനോ ഭവന്തു: എന്ന് പഠിപ്പിച്ചൊരു തത്വശാസ്ത്രം ഒരാവര്‍ത്തി തുറന്നുനോക്കിയാല്‍ മാത്രം മതി മതാസ്‌ക്യതയുടെ ഈ പുളിച്ചുതികട്ടല്‍ മാറിക്കിട്ടാന്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.