Connect with us

Environment

ഒരു വണ്ടി വില്‍ക്കുമ്പോള്‍ ഒരു തൈ നടാന്‍ ടാറ്റ!

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗോ ഗ്രീന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ ടാറ്റാ മോട്ടോഴ്‌സ്

Published

on

മുംബൈ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഗോ ഗ്രീന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ ടാറ്റാ മോട്ടോഴ്‌സ്. ഇതിന്റെ ഭാഗമായി സന്നദ്ധ സംഘടനയുമായി സഹകരിച്ച് മരം നടീലിനുള്ള ബൃഹദ് പദ്ധതി കമ്പനി തയ്യാറാക്കി. ഒരു വാഹനം വില്‍ക്കുകയോ അംഗീകൃത സര്‍വീസ് കേന്ദ്രത്തില്‍ സര്‍വീസ് നടത്തുകയോ ചെയ്താല്‍ ഒരു മരം നടുന്നതാണ് പദ്ധതി.

കമ്പനിയാണ് ചെടി പരിപാലിക്കുക. ജിയോടാഗ് വഴി മരം നട്ട സ്ഥലവുമായി ഉപഭോക്താവിനെ ബന്ധിപ്പിക്കുമെന്നും മരത്തിന്റെ തല്‍സ്ഥിതി അതുവഴി വീക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ മരംനടീല്‍ ഉണ്ടാകുക. ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഇതിന്റെ ഭാഗമായി നട്ടുപിടിപ്പിക്കും. പരിസ്ഥിതി സുസ്ഥിരത ടാറ്റ മോട്ടോഴ്‌സിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് സെയില്‍സ് മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡണ്ട് രാജേഷ് കൗള്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Environment

കാലാവസ്ഥാ വ്യതിയാനം;മുന്നറിയിപ്പുമായി ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍

Published

on

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് 14,000ത്തിലേറെ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന ഗവേഷണ സംഘത്തിന്റെ മുന്നറിയിപ്പ്. പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ ഭൂമിയുടെ അമിത ചൂഷണം തടയുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടതായും ബയോസയന്‍സ് ജേണലില്‍ പ്രസിദ്ധികരിച്ച ലേഖനത്തില്‍ അവര്‍ പറയുന്നു. മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങല്‍ നീങ്ങുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരിതങ്ങളും ദുരന്തങ്ങളും ഭൂമിയെ നിരന്തരം വേട്ടയാടുന്നുണ്ട്. ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും വിനാശകാരമായ ചുഴലിക്കാറ്റുകളും ഓസ്‌ട്രേലിയയിലേയും അമേരിക്കയിലെയും കാട്ടുതീകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന പ്രളയങ്ങളുമെല്ലാം കാലാവസ്ഥാ വ്യതിനായത്തിന്റെ പ്രത്യാഘാതങ്ങളാണ്. വനശീകരണം, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍, മഞ്ഞുപാളികളുടെ ഉരുക്കം തുടങ്ങിയ 31 ഘടകങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്.

കോവിഡ് തടയാനുള്ള ലോക്ക്ഡൗണുകളെ തുടര്‍ന്ന് മലിനീകരണം ചെറുതായി കുറഞ്ഞിട്ടുണ്ടെങ്കിലും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും മീഥൈനിന്റെയും അളവ് ഉയര്‍ന്നു നില്‍ക്കുകയാണ്. 15 വര്‍ഷം മുമ്പത്തേതിനെക്കാള്‍ 31 ശതമാനം വേഗത്തിലാണ് അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലാന്‍ഡിലെയും മഞ്ഞുപാളികള്‍ ഉരുകിക്കൊണ്ടിരിക്കുന്നത്. സമുദ്ര താപനവും കടല്‍ ജല നിരപ്പും കൂടിക്കൊണ്ടിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭരണകൂടങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചു.

 

Continue Reading

Article

സൈക്കിൾ വെറുമൊരു വാഹനമല്ല

എറണാകുളം മഹാരാജാസിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായ ഡോ.എം.എച്ച്.രമേശ് കുമാര്‍ അവതരിപ്പിക്കുന്നത്

Published

on

എ.വി ജയശങ്കര്‍

 

മഹാമാരിയും പേമാരിയും ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന അമിത ചൂഷണത്തിന്റെ ഫലമാണെന്ന് സാധാരണക്കാര്‍ വരെ തിരിച്ചറിഞ്ഞെങ്കിലും ഭരണകൂടങ്ങള്‍ തിരിച്ചറിയുന്നില്ല എന്നത് നമ്മള്‍ ദിനംപ്രതി മനസിലാക്കുകയാണ്. ആഗോളതാപനവും കാലാവസ്ഥാമാറ്റവുമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ വ്യക്തികള്‍ പോലും മുന്നോട്ടു വരുകയാണ്.ഇത്തരമൊരു മാതൃകയാണ് എറണാകുളം മഹാരാജാസിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായ ഡോ.എം.എച്ച്.രമേശ് കുമാര്‍ അവതരിപ്പിക്കുന്നത്.

നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര

മാതൃകകള്‍ സ്വഷ്ടിച്ച് മാതൃകയായ നമ്മുടെ നാട് ഒരു തിരിച്ചു പോക്കിലാണ്.ശാസ്ത്ര വിരുദ്ധതയും, അന്ധവിശ്വാസവും, യുക്തി രാഹിത്യവും അനാചാരങ്ങളും ശാസ്ത്രത്തിന്റെ മേലങ്കിയണിഞ്ഞ് രംഗത്തുവരുകയും ജന സ്വീകാര്യത നേടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ തന്റെതായ മാതൃക സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അന്വേഷിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും നടത്തിയ യാത്രയാണ് ‘നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര’. സമൂഹത്തില്‍ ബദല്‍ മാതൃകകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്നവരുടെ അടുത്തേക്കാണ് വിദ്യാര്‍ത്ഥികളുമൊത്ത് സൈക്കിളില്‍ ഈ യാത്ര നടത്തിയത്.

എറണാകുളത്ത് 5 ദിവസമെടുത്തു നടത്തിയ യാത്രയുടെ ഭാഗമായി സന്ദര്‍ശിച്ചിടങ്ങള്‍ മനസിലാക്കുമ്പോള്‍ തന്നെ യാത്രയുടെ സ്വഭാവം മനസിലാക്കാം – 1.5 ലക്ഷം രൂപക്ക് പ്രകൃതി സൗഹൃദ വീടു നിര്‍മ്മിക്കുകയും, 11 രാജ്യങ്ങളില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയും ചെയ്ത അരുണ്‍ തഥാഗത്, വൈറ്റില ജംഗ്ഷനില്‍ ടെറസില്‍ കൂറ്റന്‍ തെങ്ങുകളും മാവും പ്ലാവുമൊക്കെയുള്ള കൃഷിയിടം, നഗര മധ്യത്തില്‍ കാടൊരുക്കുന്ന പുരുഷോത്തമ കമ്മത്ത്, വാത്തുരുത്തി കോളനി നിവാസികള്‍ക്കുവേണ്ടിയും ചൂഷിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു മായി ജീവിക്കുന്ന വൈദികന്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി, ഫാ.സെബാസ്റ്റ്യന്‍ പൈനാടത്തിന്റെ നേതൃത്വത്തിലുള്ള കാലടിയിലെ പ്രകൃതി സൗഹൃദ കാമ്പസായ സമീക്ഷ, കാലാവസ്ഥാ മാറ്റത്തിന്നും ആഗോള താപനത്തിനുമെതിരെ കാര്‍ബണ്‍ ന്യൂട്രല്‍ ഭക്ഷണവും, നാട്ടറിവും കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന,52 പ്രകൃതി സൗഹൃദ വീടുകളുള്ളതും ചാലക്കുടി പുഴയുടെ തീരത്ത് ശ്രീ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മൂഴിക്കുളം ശാല തുടങ്ങിയവ നന്മയുടെ സുഗന്ധം പരത്തുകയും പ്രവര്‍ത്തനം കൊണ്ട് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നവയില്‍ ചിലതാണ്.ഇവിടെയൊക്കെ താമസിച്ച് പ്രവര്‍ത്തനം വിലയിരുത്തിയും, പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയുമായിരുന്നു യാത്ര എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളായ ജയശങ്കര്‍, സിബിന്‍, അംജദ്, പരിസ്ഥിതി പ്രവര്‍ത്തകരായ അരുണ്‍ തഥാഗത്, കണ്ണന്‍ ബാബു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ആലപ്പുഴ ജില്ലയിലെയും യാത്ര പൂര്‍ത്തിയാക്കിയതിനാല്‍ മറ്റ് 12 ജില്ലകളിലെ യാത്രയും ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഡോ.രമേശ് കുമാര്‍ പറയുന്നു.ഈ യാത്രയില്‍ കാണുന്ന ബദല്‍ മാതൃകകളെപ്പറ്റി യൂറ്റിയൂബ് ചാനലിലൂടെയും, പുസ്തക രചനയിലൂടെയും സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും പദ്ധതി തയ്യാറാക്കുകയാണ് ഈ അധ്യാപകന്‍.

കോളേജിലേക്കും സൈക്കിളില്‍

ജീവിത ശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സൈക്കിള്‍ യാത്ര ആരോഗ്യത്തിലേക്കുള്ള യാത്ര കൂടിയാണ്. തന്നെയുമല്ല കൊച്ചിയിലെ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്കും, മലിനീകരണ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാകും.

ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാനായി സ്വന്തം നാടായ കായംകുളത്തു നിന്ന് എറണാകുളത്തേക്ക് സൈക്കിളില്‍ ആണ് മിക്കവാറുമുള്ള യാത്രകള്‍. ഭരണഘടന മുന്നോട്ടു വക്കുന്ന മതേതരത്വം പോലുള്ള ആശയങ്ങള്‍ക്ക് ഭീഷണി നേരിട്ടപ്പോഴും, മതാടിസ്ഥാനത്തില്‍ മുസ്ലീംന്യൂനപക്ഷങ്ങളെ പൗരത്വത്തില്‍ നിന്നു മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണത്തിനെതിരെ ‘ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക ‘ എന്ന സന്ദേശ പ്രചരണത്തിനായും സൈക്കിള്‍ യാത്ര സംഘടിപ്പിച്ച അനുഭവം അദ്ദേഹത്തിനുണ്ട്..

വ്യത്യസ്തമായ ഓണാഘോഷം.

അമ്പലപ്പുഴ ഗവ.കോളേജില്‍ NSS പ്രോഗ്രാം ഓഫീസറുടെ ചുമതല വഹിച്ചപ്പോള്‍ വ്യത്യസ്തമായ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. അപകടങ്ങളില്‍ പെട്ട് ശരീരം തളര്‍ന്ന ജില്ലയിലെ 150 ഓളം പേരെ കോളേജില്‍ കൊണ്ടു വന്നായിരുന്നു ഓണാഘോഷം. ഇവര്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും, ഓണസദ്യയും നല്‍കി.ഇതിന്റെ ഭാഗമായി കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന അപ്പുവിന് മുച്ചക്ര വാഹനവും, മറ്റൊരാള്‍ക്ക് 1.25 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് വീല്‍ ചെയറും നല്‍കി.ഇതിനാവശ്യമായ 5 ലക്ഷം രൂപ കണ്ടെത്തിയത് കായംകുളത്തു നിന്ന് അരൂര്‍ വരെ നടത്തിയ ‘കാരുണ്യ യാത്ര’ എന്ന സൈക്കിള്‍ യാത്രയിലൂടെയായിരുന്നു.

സൈക്കിള്‍ മുന്നോട്ട് വക്കുന്ന പരിസ്ഥിതി -ആരോഗ്യ പാഠങ്ങള്‍ പ്രചരിപ്പിക്കാനായി ലോക സൈക്കിള്‍ ദിനമായ ഈ ജൂണ്‍ 3ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് കായംകുളത്തു നിന്ന് യാത്രക്കൊരുങ്ങുകയാണ് ഈ അധ്യാപകന്‍.

മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കാനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ മെഡി.കോളേജിനടുത്താരംഭിക്കുന്ന മെഡി ബാങ്കിന്റെ അടുത്തേക്കാണ് യാത്ര. മെഡി കോളേജില്‍ അപകടങ്ങളില്‍പെട്ട രോഗികള്‍ക്കായുള്ള വസ്ത്രങ്ങളും ഇതിന്റെ ഭാഗമായി കൈമാറുകയും ചെയ്യും.

 

Continue Reading

Environment

ലാക്ഡൗണ്‍ കാലത്ത് പരിസ്ഥിതി അവബോധം വര്‍ധിച്ചെന്ന് പഠനം

Published

on

കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍ (52 ശതമാനം) പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയ പഠനം.

മഹാമാരിയും അതേ തുടര്‍ന്നെത്തിയ ലോക്ഡൗണും മൂലം ചെടികള്‍ നടുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും ഊര്‍ജ്ജം സംരക്ഷിക്കുന്നതിനുമെല്ലാം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രീതിയാണ് ഇവരില്‍ ഉടലെടുത്തത്. ജനങ്ങള്‍ ചെയ്ത ചെറിയ കാര്യങ്ങളെ കുറിച്ചുള്ള പഠനമാണ് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയത്. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള പത്തു മാസങ്ങളിലെ അനുഭവങ്ങള്‍ ജനങ്ങളെ കൂടുതല്‍ സഹന ശേഷിയുള്ളവരുമാക്കി മാറ്റി. 44 ശതമാനം പേര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സഹായങ്ങള്‍ ആവശ്യമുള്ളവരെ പിന്തുണക്കാനായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. 22.87 ശതമാനം ഇന്ത്യക്കാര്‍ ഇപ്പോള്‍ പാചകവും പെയിന്റിങും അടക്കമുള്ള ഹോബികള്‍ കൂടുതലായി ഇഷ്ടപ്പെടുകയും സ്വയം സന്തോഷവാന്‍മാരായി മാറുകയും ചെയ്യുന്നുണ്ട്.

ലോക്ഡൗണ്‍ കാലത്ത് വായനയിലും സംഗീതം ആസ്വദിക്കുന്നതിലും ആനന്ദം കണ്ടെത്തിയവര്‍ 23.19 ശതമാനം പേരാണ്. 2020 ഫെബ്രുവരിയിലും മാര്‍ച്ചിലും കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ചു സെര്‍ച്ച് ചെയ്തവരുടെ എണ്ണം 238.46 ശതമാനത്തോളം വര്‍ധിച്ചു. നിര്‍ബന്ധമായ അടച്ചിടല്‍ കുടുംബ ബന്ധങ്ങളുടെ കാര്യത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. 36 ശതമാനത്തോളെ പേര്‍ കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിച്ചു. യാത്രകള്‍ ഒഴിവായതാണ് ഇതിനു വഴിയൊരുക്കിയത്. മറ്റു ബുദ്ധിമുട്ടുകളും തടസങ്ങളും ഇല്ലാത്തതിനാല്‍ തങ്ങളുടെ ജോലികള്‍ കൂടുതല്‍ ഫലപ്രദമായും സമയത്തും തീര്‍ക്കാനായി എന്നാണ് ഈ പഠനത്തോടു പ്രതികരിച്ചവരില്‍ 19 ശതമാനം ചൂണ്ടിക്കാട്ടിയത്.ലോക്ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ സന്തോഷം നല്‍കുന്ന ഒരു ഉപാധിയായി മാറിയെന്നും പഠനം വ്യക്തമാക്കുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.