Connect with us

Video Stories

ഹിറ്റ്ലറാണു ആത്മഹത്യ ചെയ്തത് മഹാത്മാഗാന്ധിയല്ല

Published

on


കെ.എം അബ്ദുല്‍ ഗഫൂര്‍

‘ഒരിക്കലും ജനിക്കാതിരുന്നെങ്കില്‍’ എന്ന് ലോകം ആഗ്രഹിച്ച, 60 ലക്ഷത്തിലധികം മനുഷ്യരെ കൊന്ന അഡോള്‍ഫ് ഹിറ്റ്ലറാണു ഒരു ഭീരുവിനെപ്പോലെ ഒളിഞ്ഞിരുന്ന് ആത്മഹത്യ ചെയ്തത്. ബെര്‍ലിനില്‍ ഒരു അണ്ടര്‍ ഗ്രൗണ്ട് മുറിയില്‍ ഒളിച്ചിരുന്ന് സ്വയം വെടിവെച്ചാണു ഹിറ്റ്ലര്‍ മരിക്കുന്നത്.. 1945 മെയ് 1 നു നടന്ന ആത്മഹത്യക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അതില്‍ ഒന്ന് പ്രധാനമാണ്. ഏപ്രില്‍ 29 നു കേട്ട ഒരു വാര്‍ത്തയാണത്. മുസ്സോളിനി പിടിക്കപ്പെട്ടു. വെടിവെച്ച് കൊന്ന്, തല ഓടയിലിട്ടു എന്നതും ഹിറ്റ്ലര്‍ക്ക് മരണത്തെ സ്വീകരിക്കാനുള്ള കാരണമായി എന്നു ചരിത്രം പറയുന്നു. അപമാനകരമായ ഈ മരണങ്ങള്‍ തേടിച്ചെല്ലും മുമ്പ് ഇവര്‍ക്കായി ഒരു കത്ത് ഇന്ത്യയില്‍ നിന്നും അയച്ചിരുന്നു. അതെഴുതിയത് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യനായിരുന്നു. ഹിറ്റലര്‍ക്കാണു ഗാന്ധി ആ കത്ത് അയച്ചത്. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു.
” പ്രിയ സുഹൃത്തെ, നിങ്ങളെ ഞാന്‍ സുഹൃത്തെന്ന് സംബോധന ചെയ്യുന്നത് ഔപചാരികമായിട്ടല്ല. ഒരു ശത്രുവും എനിക്കില്ല. വര്‍ഗം,വര്‍ണ്ണം,മതം എന്നീ പരിഗണനകള്‍ കൂടാതെ മനുഷ്യരോട് സൗഹാര്‍ദ്ദം പുലര്‍ത്തി, മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ സൗഹാര്‍ദ്ദം കരസ്ഥമാക്കുക എന്നതായിരുന്നു കഴിഞ്ഞ മുപ്പത്തിമൂന്ന് കൊല്ലമായിട്ട് എന്റെ ജീവിത വൃത്തി… യൂറോപ്പിലെ ജനലക്ഷങ്ങളുടെ ഭയവും സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഞാന്‍ കേള്‍ക്കുന്നത് കൊണ്ടാണു ഈ എഴുത്ത് എഴുതുന്നതെന്നും.താങ്കള്‍ ഈ ക്രൂരതകളില്‍ നിന്ന് പിന്തിരിയണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കത്ത് അവസാനിപ്പിക്കുന്നത് ഈ വരികളിലാണു.
‘വട്ടമേശ സമ്മേളനത്തിലേക്കുള്ള ഒരു പ്രതിനിധി എന്ന നിലക്ക് ഇംഗ്ലണ്ട് സന്ദര്‍ശിച്ച അവസരത്തില്‍ ഞാന്‍ റോമില്‍ ചെന്നപ്പോള്‍ മുസ്സോളിനിയെ നേരിട്ട് കാണാന്‍ ഒരു സന്ദര്‍ഭം കിട്ടി. ഈ കത്ത് അദ്ദേഹത്തിനും കൂടി എഴുതപ്പെട്ടതാണെന്നും ആവശ്യമായ മാറ്റങ്ങളോട് കൂടി അദ്ദേഹവും ഇത് പരിഗണിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു’. ഈ എഴുത്ത് അവര്‍ വായിച്ചോ പ്രതികരണമെന്തായിരുന്നു എന്നോ ചര്‍ച്ച ചെയ്യേണ്ടതില്ല. ലോകത്തിനു മുമ്പില്‍ രണ്ടു വലിയ മരണങ്ങളായി അവര്‍ തൂങ്ങിയാടുമ്പോള്‍. ‘മഹാത്മഗാന്ധി ആത്മഹത്യ ചെയ്യാന്‍ കാരണമെന്തെന്ന്?’ ഗുജറാത്തിലെ ഒരു ചോദ്യപേപ്പറില്‍ പരീക്ഷക്ക് ഉത്തരമെഴുതേണ്ടി വരുന്ന കുട്ടികള്‍ക്കായി നാം ചരിത്രത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ ആത്മഹത്യകളെക്കുറിച്ചും സ്വേഛ്ചാധിപതികളെക്കുറിച്ചുമുള്ള
വസ്തുതകള്‍ കൂടി പറഞ്ഞു കൊണ്ടിരിക്കണം. ഗുജറാത്തില്‍ ഒരു സ്വാശ്രയ സ്‌കൂളില്‍, ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്റേണല്‍ പരീക്ഷക്ക് വേണ്ടി തയ്യറാക്കിയ ഈ ചോദ്യ പേപ്പര്‍ ഒരു പരീക്ഷണം കൂടിയാണു.
‘ഗാന്ധിജിയുടെ ജന്മസ്ഥലത്തിനടുത്ത് നിന്ന് ഇങ്ങനെ ചോദിച്ചാല്‍ എന്താണു സംഭവിക്കുക’ എന്നതിന്റെ ആദ്യഘട്ട വിക്ഷേപണം. ഇതൊരു ഔദ്യോഗിക ചോദ്യമായി വരാനുള്ള സാധ്യതക്കായി അധികം കാത്തിരിക്കേണ്ടതില്ല എന്ന് കൂടി കൂട്ടി വായിക്കണം ഉത്തരം തേടുമ്പോള്‍.
ജീവിതത്തെയും മരണത്തെയും ഭയപ്പെടാത്ത സ്വാതന്ത്ര്യത്തിനു വേണ്ടിയും മനുഷ്യ സ്‌നേഹത്തിനു വേണ്ടിയും ജീവന്‍ ത്യജിക്കാന്‍ തയ്യാറായ മഹാത്മജി വെടിയേറ്റ് കൊലചെയ്യപ്പെട്ടതാണെന്ന് ഇടക്കിടെ പറയേണ്ടി വരും ഈ കാലക്കേടിന്റെ കാലത്ത്. സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച കാലം മുതല്‍ ഗാന്ധി തന്റെ ജീവനെ പരിഗണിച്ചല്ല സമര രംഗത്തിറങ്ങിയതെന്ന ചരിത്രസംഭവങ്ങള്‍ നമുക്ക് മാറ്റി വെക്കാം.
സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ഗാന്ധി ജീവിച്ചത് മാസങ്ങള്‍ മാത്രമാണ്. അതിനിടയില്‍ നിരവധി തവണ ഗാന്ധിക്കെതിരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. പ്രാണഭയത്താല്‍ ഒളിച്ചോടാനോ തന്റെ തീരുമാനങ്ങളില്‍ നിന്ന് പിന്തിരിയാനോ അല്ല ഗാന്ധി ശ്രമിച്ചത്. കവചിത സന്നാഹങ്ങളോടെ സഞ്ചരിക്കാനല്ല മഹാത്മ ആഗ്രഹിച്ചത് .
1947 തൊട്ടും മുമ്പും ശേഷവുമായി നാല് അക്രമണങ്ങള്‍ ഗാന്ധിക്കെതിരായി ഉണ്ടായി. ജനുവരി 20 നു മദന്‍ലാല്‍ പഹ്വ എന്ന പഞ്ചാബി അഭയാര്‍ത്ഥി അദ്ദേഹത്തിനെതിരെ ബോംബെറിഞ്ഞു. ഒരു പ്രാര്‍ത്ഥനായോഗത്തില്‍ വെച്ച് ഉണ്ടായ ആ അക്രമണത്തില്‍ ഗാന്ധിയെ അപകടപ്പെടുത്താന്‍ സാധിച്ചില്ല. ഗാന്ധി സഞ്ചരിച്ച തീവണ്ടി പാളം തെറ്റിച്ചപ്പോഴും അദ്ദേഹത്തെ അപകടപ്പെടുത്താനായില്ല. ജനങ്ങള്‍ക്കിടയിലൂടെ ആ മനുഷ്യന്‍ നടന്നു. ബംഗാളിലെ ഗ്രാമങ്ങളില്‍ ഹിന്ദു-മുസ്ലിം കലാപം അരങ്ങേറിയപ്പോള്‍ ചെളിയും കല്ലും നിറഞ്ഞ വഴികളിലൂടെ 77 വയസ്സുള്ള വൃദ്ധനായ ഗാന്ധി പുഞ്ചിരിച്ചു കൊണ്ട് യാത്ര ചെയ്തു.116 നാഴിക. ഏഴ് ആഴ്ചകളിലായി. മിക്കപ്പോഴും കാലില്‍ ഒരു പാദരക്ഷ പോലുമില്ലാതെ.നൂറു കണക്കിനു ഗ്രാമയോഗങ്ങളില്‍ ജനങ്ങളോട് സംസാരിച്ചു കൊണ്ട്.. ചരിത്രം അതൊക്കെ ഇന്ത്യയുടെ മണ്ണില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം ബെലിയ ഘട്ടിലെ ഒരു വീട്ടില്‍ പാര്‍പ്പു തുടങ്ങി.
കല്‍ക്കത്തയിലെ ഹിന്ദു മുസ്‌ലിം സംഘട്ടനം രക്തരൂക്ഷിതമായപ്പോള്‍. മനസ്സില്‍ വര്‍ഗീയത കയറി, തലച്ചോര്‍ നശിച്ച മനുഷ്യര്‍ തെരുവുകള്‍ കൈയടക്കി കലാപം നടത്തുമ്പോള്‍;’ഗാന്ധി ചാവട്ടെ’ എന്ന് പരസ്യമായി മുദ്രാവാക്യ വിളിച്ച് വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുമ്പോള്‍.’ നാലു വശവും ആള്‍ക്കൂട്ടത്തിനു കയറിവരാന്‍ പാകത്തിനു തുറന്നിട്ട ഒരു കുടില്‍’ അതിലാണു ഗാന്ധി രാപ്പാര്‍ത്തത്. നവഖാലിയില്‍ മതഭീകരര്‍ തമ്മില്‍ ഏറ്റുമുട്ടി നിരപരാധികള്‍ മരിച്ചു വീണപ്പോള്‍ മഹാത്മ ഉപവസിച്ചു. ഡോക്ടര്‍മാരോ നേതാക്കളും പറഞ്ഞു ‘ബാപ്പുജി അങ്ങ് വൃദ്ധനാണു. ഉപവസിക്കുന്നത് ഗുണ്ടകളെ അടക്കി നിര്‍ത്താനാണു.’ ‘അങ്ങയുടെ ജീവന്‍ അപകടത്തിലാവും. അങ്ങയുടെ മരണം കലാപം കൂടുതല്‍ വഷളാക്കുകയാണു ചെയ്യുക.’ പക്ഷെ വൈകുന്നേരമായപ്പോഴേക്കും അവര്‍ ആയുധം താഴെ വെച്ചു. മൗണ്ട് ബാറ്റണ്‍ പറഞ്ഞു:
‘അമ്പതിനായിരം പട്ടാളക്കാര്‍ക്ക് സാധിക്കാത്തത് ,നിരായുധനായ ഒരു മനുഷ്യനു സാധിച്ചു.’ അദ്ദേഹം ഭയപ്പെട്ടില്ല. പക്ഷെ മരണത്തിന്റെ വരവ് മുന്നില്‍ കണ്ടിരുന്നു. ജനുവരി 29 നു രാത്രി ക്ഷീണിതനായിരുന്നു ഗാന്ധി. മനുവിനോട് പറഞ്ഞു. ഒരു പ്രവചനം പോലെ. ‘ഒരുപാട് കാലം നീണ്ടു നില്‍ക്കുന്ന രോഗം കൊണ്ടോ ഒരു ചെറിയ കുരു വന്ന് ബുദ്ധിമുട്ടിയോ ഞാന്‍ മരിക്കുകയാണെങ്കില്‍ ഈ ലോകത്തോട് നീ വിളിച്ചു പറയണം.
‘ഞാന്‍ ദൈവത്തിന്റെ മനുഷ്യനല്ല’എന്ന്. -ഒരു പാട് കാര്യങ്ങള്‍ അങ്ങനെ പറഞ്ഞതിനു ശേഷം അദ്ദേഹം തുടര്‍ന്നു.. ‘ഇത് കൂടി എഴുതി വെക്കുക. കഴിഞ്ഞ ദിവസം ആരോ ബോംബു കൊണ്ട് ശ്രമിച്ചത് പോലെ ആരെങ്കിലും ഒരു വെടിയുണ്ട എന്നിലൂടെ കടത്തി എന്റെ അന്ത്യം കുറിക്കുകയാണെങ്കില്‍, ഞാന്‍ ആ വെടിയുണ്ടയെ ഒരു ഞരക്കം പോലുമില്ലാതെയാണു നേരിട്ടതെന്നും ഞാന്‍ ദൈവത്തിന്റെ നാമം ഉരുവിട്ടു കൊണ്ടാണു അന്ത്യശ്വാസം വലിച്ചതെന്നും .’ ‘അപ്പോള്‍ മാത്രമേ എന്റെ അവകാശത്തിനു പകരമാവൂ.’
ആ വെടിയുണ്ടയാണു 1948 ജനുവരി 30 നു വൈകീട്ട് 5 മണിക്ക് ശേഷം ആ ശുഷ്‌കിച്ച നെഞ്ചിന്‍ കൂട് തകര്‍ത്ത് കടന്നു പോയത്. പുല്‍ത്തകിടി കടന്ന് ആ ജ്ഞാനവൃദ്ധന്‍ നടന്ന് വരുമ്പോള്‍ ജനങ്ങള്‍ ഉള്ളില്‍ പറഞ്ഞു ബാപ്പുജി ബാപ്പുജി എന്ന്.. ഒരാള്‍ മാത്രം തന്റെ കൈകള്‍ കീശയിലേക്ക് തിരുകി, ഒരു ബരേറ്റ സെമി-ഓട്ടോമാറ്റിക് പിസ്റ്റളില്‍ മുറുക്കി പിടിച്ചു. നാഥുറാം വിനായക് ഗോഡ്‌സെ. കഴിഞ്ഞ കുറേ നാളുകളായി ഈ അവസരത്തിനായി ഗൂഢാലോചനയിലായിരുന്നു ഗോഡ്‌സെ. ജഗതീഷ് പ്രസാദ് ഗോയല്‍ എന്ന തോക്കുവ്യാപാരിയില്‍ നിന്ന് അത്യുഗ്ര ശേഷിയുള്ള ആ തോക്ക് അയാള്‍ വാങ്ങിയിട്ട് ദിവസങ്ങളായിട്ടില്ല. അബിസീനിയയിലെ ഒരു പട്ടാളക്കാരന്‍ ഉപയോഗിച്ചിരുന്നതായിരുന്നത്രെ അത്.
മഹാത്മാഗാന്ധി എന്ന ഒരു സൂര്യതേജസ്സിനെ അണക്കാന്‍ ആ തോക്ക് അയാള്‍ വാങ്ങിയത് 300 രൂപക്കാണു.500 രൂപ വിലപറഞ്ഞ തോക്കിനു വിലപേശി 300 രൂപയും തന്റെ റിവോള്‍വറും പകരമായി കൊടുത്തു.
606824 സീരിയല്‍ നമ്പറുള്ള ആ ബരേറ്റ പിസ്റ്റള്‍ രാജ്ഘട്ടിലെ ഗാന്ധി നാഷണല്‍ മ്യൂസിയത്തില്‍ ഇന്നുണ്ട്.ഇനിയെത്ര കാലം അതവിടെ ഉണ്ടാവുമെന്ന് പറയാനാവില്ല.അത് എവിടെ കൊണ്ടു പോയി ഒളിപ്പിച്ചു വെച്ചാലും ലോകം ഗാന്ധിയെ കാണും. കാരണം ഗാന്ധി ‘മഹാത്മ: എന്നറിയപ്പെടുന്നത് ഇന്ത്യയില്‍ മാത്രമല്ലല്ലോ.
ഗീബല്‍സുമാരെ ഉണ്ടാക്കിയെടുക്കാനുള്ള വിദ്യാശാലകള്‍ തയ്യാറാക്കുന്നവര്‍ക്ക് ഒരിക്കല്‍ കൂടി ആ കത്ത് വായിക്കാം. ലോകത്തെ രണ്ട് ഏകാധിപതികള്‍ക്ക്, വംശീയതയില്‍ വെറുപ്പിനെ വളര്‍ത്തിയവര്‍ക്ക് ഇന്ത്യയിലെ ‘ബാപ്പു’ എഴുതിയ ആ കുറിപ്പ്. നാഥുറാം വെടിവെച്ചു കൊല്ലുമ്പോള്‍ ഗാന്ധിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ആ ചിരി ലോകത്തേക്ക് പടര്‍ന്നിട്ടുണ്ട്. നിങ്ങളെത്ര ചോദ്യങ്ങള്‍ ചോദിച്ചാലും ആ ചിരിമായില്ലല്ലോ.ചരിത്രം പഠിക്കുന്ന കുട്ടികള്‍ക്ക് കേംബ്രിഡ്ജിലെ പ്രശസ്തനായ ചരിത്രകാരന്‍ എഫ് ഡബ്ല്യു മെയ്റ്റ് ലാന്‍ഡ് പറഞ്ഞ ഈ വാക്കുകള്‍ ഓര്‍ക്കാവുന്നതാണു.’ഇപ്പോള്‍ ഭൂതകാലത്തിലുള്ളത് ഒരിക്കല്‍ ഭാവിയില്‍ ഉണ്ടായിരുന്നതാണു.’

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.