Connect with us

Video Stories

ഇസ്രാഈല്‍: മാറുന്ന പ്രതിഷ്ഠകളും മാറാത്ത ആചാരങ്ങളും

Published

on

ഉബൈദുറഹിമാന്‍ ചെറുവറ്റ

സങ്കുചിത ദേശീയത, തീവ്ര വംശീയത, കടുത്ത അറബ് വിദ്വേഷം എന്ന് വേണ്ട, ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രചാരണ ആയുധങ്ങളായി അവസരത്തിലും അനവസരത്തിലും യഥേഷ്ടമെടുത്ത് ഉപയോഗിച്ചെങ്കിലും, ഇസ്രാഈലി രാഷ്ട്രീയത്തിലെ ‘മാന്ത്രികന്‍’ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തുടര്‍ച്ചയായ അഞ്ചാം തവണയും പ്രധാനമന്ത്രിയാവുക എന്ന സ്വപ്‌നം പൂവണിയാന്‍ ഇനിയും കടമ്പകളേറെ ഉണ്ടെന്നാണ് ഇസ്രാഈല്‍ ഇടക്കാല തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. നെതന്യാഹു നേതൃത്വം കൊടുക്കുന്ന തീവ്ര വലതുപക്ഷ സ്വഭാവമുള്ള ലിക്കുഡ് പാര്‍ട്ടിക്ക് നെസ്സറ്റിലെ (ഇസ്രാഈല്‍ പാര്‍ലമെന്റ്) കേവല ഭൂരിപക്ഷ മാന്ത്രിക സംഖ്യയായ 61ന് അടുത്തുപോലും എത്താനായിട്ടില്ല. അനായാസേന പ്രധാനമന്ത്രി പദത്തിലെത്താമെന്ന നെതന്യാഹുവിന്റെ വ്യാമോഹത്തിനാണ് ജ്യൂത ഭൂരിപക്ഷ വോട്ടര്‍മാര്‍തന്നെ വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരണം അസാധ്യമാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇസ്രാഈല്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ നമ്മുടെ രാജ്യത്ത് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തീരാദുരിതം മാത്രം സമ്മാനിച്ച അതേ സര്‍ക്കാറിനെതന്നെ വീണ്ടും അധികാരമേറാന്‍ സഹായിച്ച ഇന്ത്യക്കാരായ നമുക്കുമുണ്ട് ഇസ്രാഈല്‍ ജനതയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍.
തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് മുഴുവനായി തന്നെ പുറത്ത്‌വന്നതോടെ ഇസ്രാഈലിലെ രാഷ്ട്രീയ ചിത്രത്തിന്റെ അവ്യക്തത കൂടുതല്‍ വ്യക്തമായി വരികയാണ്. ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ പാര്‍ട്ടികളെ വലത്, ഇടത് ചേരികളായി വേര്‍തിരിക്കപ്പെടുന്നതും നിര്‍വചിക്കപ്പെടുന്നതും മുഖ്യമായി രാഷ്ട്രവും മതവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം എപ്രകാരമായിരിക്കണമെന്ന ഓരോ രാഷ്ട്രീയ കക്ഷിയുടെയും നിലപാടിന്റെയും വളരെ കുറഞ്ഞ അളവില്‍ ന്യൂനപക്ഷാവകാശങ്ങളോടും ഇസ്രാഈലിലധിവസിക്കുന്ന ഫലസ്തീനികളോട് അവര്‍ സ്വീകരിക്കുന്ന സമീപനങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഈനിലക്ക് നോക്കുമ്പോള്‍ ഇസ്രാഈല്‍ രാഷ്ട്രീയത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം കൊടുക്കുന്ന ലിക്കുഡ് പാര്‍ട്ടിയും അദ്ദേഹത്തിന്റെ മുന്‍ സൈനിക മേധാവിയും ഇടക്കാലത്ത് അദ്ദേഹവുമായി വഴിപിരിഞ്ഞ ബെനി ഗാന്‍ന്റ്‌സ് നയിക്കുന്ന ബ്ല്യൂ ആന്റ് വൈറ്റ് സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിയുമാണ് യഥാക്രമം മിത വലത് ഇടത്പക്ഷ ചായ്‌വുള്ള രണ്ട് പ്രബല കക്ഷികളെന്ന് പൊതുവായി പറയാം. തീവ്ര യാഥാസ്തിക കക്ഷികളായ ‘ഷാസ്’, ‘യുണൈറ്റഡ് തോറാ ജുഡേയിസം’, വെസ്റ്റ്ബാങ്ക് സെറ്റില്‍മെന്റിനെ അനുകൂലിക്കുന്ന ‘യാമിന’ എന്നീ കക്ഷികളാണ് ലിക്കുഡിന് പുറമേ വലതുപക്ഷ സ്വഭാവം വെച്ച്പുലര്‍ത്തുന്ന മറ്റ് കക്ഷികളെങ്കില്‍, ‘ലേബര്‍ പാര്‍ട്ടി’, ‘ഡെമോക്രാറ്റിക് യൂണിയന്‍’, അറബ് ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ‘ജോയിന്റ് ലിസ്റ്റ്’ എന്നീ പാര്‍ട്ടികള്‍ ഇടത്‌ചേരിയില്‍ നിലയുറപ്പിക്കുന്നു. പ്രബലരായ ഈ രണ്ട് മിത ഇടതു വലതു ചേരികളെ കൂടാതെ വെസ്റ്റ്ബാങ്ക്, ഫലസ്തീന്‍ വിഷയങ്ങളില്‍ അതി തീവ്ര നിലപാട് വച്ച്പുലര്‍ത്തുന്ന മുന്‍ ഇസ്രാഈല്‍ വിദേശകാര്യമന്ത്രി ലീബര്‍മാന്റെ പാര്‍ട്ടി ‘യിസ്രായീല്‍ ബൈത്തേനു’ (ഞങ്ങളുടെ ഭവനമാണ് ഇസ്രാഈല്‍)യും സാന്നിധ്യനമുറപ്പിക്കുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കിംഗ് മേക്കറായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതും ലീബര്‍മാനെതന്നെയാണ്.
വേട്ടെണ്ണല്‍ അതിന്റെ പരിസമാപ്തിയിലെത്തുമ്പോള്‍ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി, ലിക്കുഡ് പാര്‍ട്ടി, അറബ് ന്യൂനപക്ഷ പാര്‍ട്ടിയായ ജോയിന്റ് ലിസ്റ്റ് എന്നീ കക്ഷികള്‍ യഥാക്രമം 33, 31, 13 സീറ്റുകള്‍ നേടി നെസ്സറ്റില്‍ ഒന്ന് രണ്ട് മൂന്ന് കക്ഷികളായി മാറുകയാണ്. ഏറെക്കുറെ ഏപ്രിലില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായ സപ്തംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഇസ്രാഈലിനെ വീണ്ടും രാഷ്ട്രീയ സങ്കീര്‍ണതയിലാണ് ആഴ്ത്തിയിരിക്കുന്നത്. മാന്ത്രിക അക്കമായ 61 തികയ്ക്കാന്‍ നിലവിലെ അവസ്ഥയില്‍ സഖ്യകക്ഷി സര്‍ക്കാരല്ലാതെ പാര്‍ട്ടികളുടെ മുമ്പില്‍ മറ്റു പോംവഴികളൊന്നുമില്ല. ഈ വര്‍ഷം തന്നെ മൂന്നാമതൊരു തെരഞ്ഞടുപ്പുകൂടി നടക്കുന്നതൊഴിവാക്കാന്‍ സഖ്യ സര്‍ക്കാര്‍ എന്ത് വിലകൊടുത്തും രൂപീകരിച്ചേ തീരൂ എന്ന നിലപാടിലാണ് ഇസ്രാഈല്‍ പ്രസിഡണ്ട് റൂവന്‍ റിവ്‌ലിന്‍. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകളുമായി മുന്നോട്ട്‌പോകാന്‍ രാഷ്ട്രീയ പാര്‍ട്ടികളോടദ്ദേഹം ആഹ്വാനം ചെയ്തുകഴിഞ്ഞു. ഇസ്രാഈലിലെ ഇടതുപക്ഷാഭിമുഖ്യമുള്ള ഹാരെസ് ദിനപത്രം അഭിപ്രായപ്പെട്ടതുപോലെ ഇസ്രാഈലിന്റെ ചരിത്രത്തില്‍ തന്നെ മറ്റൊരു പ്രസിഡണ്ടും അഭിമുഖീകരിക്കാത്ത വെല്ലുവിളിയാണ് റൂവന്‍ റിവ്‌ലിന്‍ നേരിടുന്നത്.
ഇസ്രാഈല്‍ പ്രസിഡണ്ടിന്റെ അഭിപ്രായം മാനിച്ച് പരസ്പര വൈരികളായ ബെനി ഗാന്‍ന്റ്‌സും നെതന്യഹുവും തമ്മില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും സര്‍ക്കാറിന് ആര് നേതൃത്വം കൊടുക്കുമെന്ന കാര്യത്തില്‍ തീരുമാനമാകാതെ പിരിയുകയാണുണ്ടായത്. മൂന്ന് വന്‍ അഴിമതി കേസില്‍ ഈ മാസം കുറ്റവിചാരണ നേരിടാന്‍ പോകുന്ന നെതന്യാഹുവിന്റെ നേതൃത്വത്തെ ബെന്നി ഗ്യാന്‍ന്റ്‌സ് അംഗീകരിക്കാനുള്ള സാധ്യത തുലോം വിരളമാണ്. അദ്ദേഹത്തിന്റെ കൈക്കൂലിയും അഴിമതിയും പ്രചാരണ ആയുധമാക്കിയായിരുന്നു ബെന്നി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടത്. നെതന്യാഹുവിനാകട്ടെ, പ്രധാനമന്ത്രി പദത്തില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യവുമില്ല. താന്‍ നേരിടുന്ന മൂന്ന് വന്‍ അഴിമതിയാരോപണങ്ങളില്‍നിന്നും തുടര്‍ന്ന് വന്നേക്കാവുന്ന ജയില്‍ ശിക്ഷയില്‍ നിന്നും പ്രതിരോധം തീര്‍ക്കാന്‍ അദേഹത്തിന്ന് മുമ്പിലുള്ള ഏക മാര്‍ഗം പ്രധാനമന്ത്രിമാര്‍ക്ക് ഇത്തരം കാര്യങ്ങളില്‍നിന്ന് പരിരക്ഷ നല്‍കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചു പാസാക്കിയെടുക്കുക എന്നതാണ്. ഇത് സാധ്യമാകണമെങ്കില്‍ പ്രധാനമന്ത്രിപദം ഏത്‌വിധേനയെങ്കിലും എത്തിപിടിച്ചേ മതിയാവൂ. എന്നാല്‍ ഇതേകാരണംകൊണ്ട്തന്നെയാണ് ബെനി ഗ്യാന്‍ന്റ്‌സ് ലിക്കുഡ് പാര്‍ട്ടിയുമായി സഖ്യത്തിന് തയാറായാല്‍പോലും നെതന്യാഹുവിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതും. നെതന്യാഹു പ്രധാനമന്ത്രി പദവി മോഹം ഉപേക്ഷിച്ച് വിട്ടുവീഴ്ചക്ക് തയാറാകാത്തപക്ഷം ഇസ്രാഈലിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തല്‍ക്കാലത്തേക്കൊന്നും പരിഹാരമുണ്ടാവാനിടയില്ല.
ഇസ്രാഈല്‍ തെരഞ്ഞെടുപ്പ് കാര്യമായ മറ്റു ഫലങ്ങളൊന്നും സൃഷ്ടിക്കില്ലെങ്കിലും തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം നടത്തിവരുന്ന നെതന്യാഹു എന്ന ഉന്നത നേതാവിനെ അഴിമതി ആരോപണങ്ങളില്‍ കുരുക്കി പ്രധാനമന്ത്രി പദവിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുന്നത്തന്നെ വലിയ കാര്യമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു സവിശേഷത ഇസ്രാഈല്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം (ഏകദേശം 19 ലക്ഷം)വരുന്ന പാര്‍ശ്വവല്‍കൃത അറബ് ഫലസ്തീന്‍ വംശജരെ പ്രതിനിധാനം ചെയ്യുന്ന ജോയിന്റ് ലിസ്റ്റ് നേടിയെടുത്ത തകര്‍പ്പന്‍ വിജയമാണ്. പതിമൂന്ന് മെമ്പര്‍മാരുമായി അവര്‍ നെസ്സറ്റിലെ മൂന്നാമത്തെ വലിയ കക്ഷിയാവുന്നത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. വിശേഷിച്ചും അറബ് മുസ്‌ലിം ഇറാന്‍ വിദ്വേഷം പ്രസരിപ്പിക്കാന്‍ നെതന്യാഹു കൊണ്ട്പിടിച്ച് നടത്തിയ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍. നെതന്യാഹുവിന്റെ അറബ് വിദ്വേഷ പ്രചാരണങ്ങളായിരുന്നു വലിയ അളവ്‌വരെ ചെറുകഷ്ണങ്ങളായി ചിന്നി ചിതറി കിടന്നിരുന്ന അറബ് സമൂഹത്തെ ഏകോപിപ്പിക്കാന്‍ സഹായിച്ച ഉല്‍പ്രേരകമെന്നത് വേറെ കാര്യം. ജൂത വോട്ടുകള്‍ മുഴുവന്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പേജില്‍ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുകളില്‍ ഫലസ്തീന്‍ പതാക പാറിപ്പറക്കുന്ന ചിത്രവും അടിക്കുറിപ്പായി ‘ഇങ്ങനെയായിരിക്കും കാര്യങ്ങള്‍ പര്യവസാനിക്കുക’ എന്ന വാചകവും പോസ്റ്റ് ചെയ്തതിനെ ജൂത വിഭാഗങ്ങളടക്കം വീക്ഷിച്ചത് പ്രധാനമന്ത്രിയുടെ നിലവാര തകര്‍ച്ചയായായിരുന്നു. ഇസ്രാഈല്‍ ഭരിച്ച ഒരു പ്രധാനമന്ത്രിയുംതന്നെ നെതന്യാഹുവിനോളം തരംതാണിട്ടുണ്ടാവില്ല എന്നാണ് ജെ.എല്‍ നേതാവ് അയ്മന്‍ ഔധ് അഭിപ്രായപ്പെട്ടത്.
ഡൊണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കളുമായുള്ള ബന്ധം തനിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കും എന്ന് കണക്കുകൂട്ടിയായിരുന്നു ഇതര രാജ്യ നേതാക്കളോടൊപ്പമുള്ള കൂറ്റന്‍ കട്ടൗട്ടുകള്‍ ടെല്‍അവീവിലും ജറുസലേമിലുമെല്ലാം നെതന്യാഹു പ്രചാരണ വേളയില്‍ സ്ഥാപിച്ചിരുന്നത്. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇസ്രാഈലില്‍ ആര് പ്രധാനമന്ത്രിയാകും എന്നതിനേക്കാളേറെ 2020ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ എങ്ങിനെ തനിക്ക് വിജയം നിലനിര്‍ത്താമെന്ന ചിന്തക്കാണ് മുന്‍ഗണന. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റിയതും ഗോലാന്‍കുന്നുകള്‍ ഇസ്രാഈലിന്റെ ഭാഗമാക്കിയ നടപടിയും ഇസ്രാഈല്‍ ഫാലസ്തീന്‍ വിഷയത്തില്‍ ഇസ്രാഈലിന്റെ ഏകപക്ഷീയ പ്രശ്‌നപരിഹാര ഫോര്‍മുലയെ വൈറ്റ്ഹൗസ് അംഗീകരിച്ചതുമെല്ലാം തന്നെ ലിക്കുഡ് പാര്‍ട്ടിയുടെയോ നെത ന്യാഹുവിന്റെയോ വിജയം ഉറപ്പാക്കാനായിരുന്നില്ല, മറിച്ച് ആസന്നമായ അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജൂത വംശജരുടെ വോട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായി നിര്‍ത്താനായിരുന്നു.
ഇസ്രാഈല്‍ ഭരണതലപ്പത്ത് ആര് പ്രതിഷ്ഠിക്കപ്പെട്ടാലും വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറുസലം, ഗോലാന്‍ കുന്നുകള്‍ തുടങ്ങി കാതലായ വിഷയങ്ങളില്‍ നയംമാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭൂപ്രദേശമാവേണ്ട ഈ മേഖലകളില്‍ ഇതിനകംതന്നെ 132 കുടിയേറ്റ പ്രദേശങ്ങളിലും 113 അനധികൃത കുടിയേറ്റ (ീൗ േുീേെ)െ പ്രദേശങ്ങളിലുമായി 6.5 ലക്ഷത്തോളം ഇസ്രാഈലി പൗരന്‍മാരാണ് സ്ഥിരവാസമുറപ്പിച്ചിരിക്കുന്നത്. ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നത് പോകട്ടെ, അവിടങ്ങളില്‍ അവശേഷിക്കുന്ന ഫലസ്തീന്‍കാരെ ആട്ടിയോടിക്കണമെന്ന പക്ഷക്കാരാണ് ഇടതു വലതു ഭേദമന്യെ ഇസ്രാഈല്‍ നേതാക്കളെല്ലാം. നെതന്യാഹുവിന്റെ മുഖ്യ എതിരാളികളായ ബ്ലു ആന്റ് വൈറ്റ് പാര്‍ട്ടിക്കും ഈ വിഷയങ്ങളില്‍ തീവ്ര വലതുപക്ഷ അജണ്ടകള്‍ തന്നെയാണുള്ളത്. 2014 ല്‍ നെതന്യാഹുവിന്റെ കീഴില്‍ ഇസ്രാഈല്‍ പട്ടാള മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന കാലയളവിലായിരുന്നു ബെന്നി ഗാന്റ്‌സ് ഗസ്സ അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് ഓര്‍ക്കുക. ജോര്‍ദാന്‍ താഴ്‌വാര വിഷയത്തില്‍ തന്റെ മുന്‍ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായി ബെന്നി ഗാന്റ്‌സ് കഴിഞ്ഞമാസം വിളിച്ച്കൂട്ടിയ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. കിംഗ് മേക്കറാവാന്‍ പോകുന്ന അവിഗ്ഡര്‍ ലീബര്‍മാനാവട്ടെ അവസാനത്തെ ഫലസ്തീന്‍കാരനെയും ഇസ്രാഈല്‍ മണ്ണില്‍നിന്നും എങ്ങിനെ കെട്ട്‌കെട്ടിക്കാം എന്നാസൂത്രണം ചെയ്യുന്ന തിരക്കിലാണ്. അദ്ദേഹം മുന്‍കൈയെടുത്ത് രൂപീകരിക്കുന്ന സര്‍ക്കാര്‍ എത്തരത്തിലുള്ളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.