Connect with us

Video Stories

ജനത്തിന്റെ കഴുത്തിനുപിടിച്ച് ധൂര്‍ത്തടിക്കുന്ന മന്ത്രിമാര്‍

Published

on

 

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുന്നു. സംസ്ഥാന ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയുടെ കെടുതികള്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്നു. ഇതിനെ മറികടക്കാന്‍ നികുതിഭാരം അടക്കമുള്ളവ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന മാരക നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനം ഭൂ നികുതി വര്‍ധനവാണ്. ഭൂമി രജിസ്‌ട്രേഷനുള്ള ഫീസ് കുത്തനെ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്ന കടുത്ത നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങുകയാണ്. വലിയ വീടുകളും വാഹനങ്ങളും ഉള്ളവര്‍ക്കു മാത്രമല്ല രണ്ടേക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍ക്കും ഇനി പെന്‍ഷന് അര്‍ഹതയില്ലെന്ന പ്രഖ്യാപനവും വന്നിരിക്കുന്നു. രണ്ടേക്കര്‍ സ്ഥലം വരുമാനമില്ലാത്ത പാറ പ്രദേശമാണെങ്കില്‍പോലും പെന്‍ഷന് അര്‍ഹതയില്ലാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കേരളത്തില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനവുമായി സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് പദ്ധതിപോലും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരുപത്തഞ്ച് സെന്റിന് താഴെ മാത്രം സ്ഥലമുള്ളവര്‍ മാത്രമേ ലൈഫ് പദ്ധതിയില്‍ പരിഗണിക്കപ്പെടുകയുള്ളൂവെന്നായിരുന്നു ആദ്യഘട്ട നിബന്ധന. രണ്ടാം ഘട്ടമെത്തിയപ്പോള്‍ പദ്ധതിക്ക് കൂടുതല്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളും കൊണ്ടുവന്നു. പത്ത് സെന്റ് സ്ഥലത്തിനു താഴെയുള്ളവര്‍ക്ക് മാത്രം വീട് എന്നതാണ് പുതിയ വ്യവസ്ഥ. റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമേ വീട് നിര്‍മാണത്തിനുള്ള ധനസഹായം ലഭിക്കുകയുള്ളൂ. പത്തു സെന്റ് സ്ഥലം മാത്രമുള്ളവര്‍ ഭവനരഹിതരാണെങ്കില്‍ പോലും റേഷന്‍കാര്‍ഡില്ലെങ്കില്‍ വീടില്ല. വീടില്ലാതെ റേഷന്‍ കാര്‍ഡ് ലഭിക്കില്ല എന്നിരിക്കെ ഈ നിബന്ധനയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം ഭരണത്തില്‍ നല്ല സ്വാധീനമുള്ളവര്‍ക്കും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ലാതെ ലൈഫ് പദ്ധതി പ്രകാരം വീടുകള്‍ നല്‍കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ വ്യാപകമായി തഴയപ്പെടുകയാണെന്ന ആക്ഷേപങ്ങളും ഉയര്‍ന്നുവരികയാണ്. വീടുകള്‍ ലഭിച്ചവര്‍ക്ക് തന്നെ വീണ്ടും വീട് എന്ന വിരോധാഭാസവുമുണ്ട്. ലൈഫ് പദ്ധതിയുടെ ഗുണഫലങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നതിന് ഇടനിലക്കാരുടെ അവിഹിതമായ ഇടപെടലുകളും ഉദ്യോഗസ്ഥരുടെ കള്ളക്കളികളും പ്രധാന കാരണമാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഈ മേഖലയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുടങ്ങിയതോടെ ഒട്ടേറെ കുടുംബങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. കര്‍ഷക കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ആശാവഹമായ നടപടികളൊന്നുമില്ല. റബ്ബറിന്റെയും തേങ്ങയുടെയും കുരുമുളകിന്റെയും വിലയിടിവ് കര്‍ഷകരുടെ ജീവിത നിലവാരത്തെ ബഹുദൂരം പിറകോട്ടു വലിക്കുന്നു. വിലക്കയറ്റം കാരണം കര്‍ഷകരും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളും അടക്കമുള്ള അടിസ്ഥാന വര്‍ഗങ്ങള്‍ ജീവിതമാര്‍ഗം വഴിമുട്ടിയ അവസ്ഥയിലാണ്. ഇങ്ങനെയൊരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുമ്പോഴാണ് എ.കെ.ജിക്ക് സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന ബജറ്റില്‍ പത്തു കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്കകത്തുതന്നെ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എ. കെ.ജിക്ക് സ്മാരകം നിര്‍മിക്കരുതെന്ന അഭിപ്രായം രാഷ്ട്രീയ എതിരാളികള്‍ക്കുപോലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അതിന് തെരഞ്ഞെടുത്ത സാഹചര്യമാണ് വിചാരണ ചെയ്യപ്പെടുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ ദുരിതങ്ങളില്‍ നിന്നും ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ആശ്വാസ പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ട പണം കൂടിയാണ് എ.കെ.ജി സ്മാരകം പോലുള്ള അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നത്. അനുചിതമായ സമയത്ത് ചെലവഴിക്കുന്ന പണം വിവേകപൂര്‍ണമല്ലെന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നത് ഒരു ഭരണകൂടമാണെങ്കില്‍ അത് നീതിരഹിതമായ ധൂര്‍ത്ത് കൂടിയാണ്. ജനതാത്പര്യങ്ങള്‍ക്ക് എതിരുമാണത്. വയോജനങ്ങളും വികലാംഗരും വിധവകളും അടക്കമുള്ളവര്‍ക്ക് പ്രതിമാസം നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ പോലും കവര്‍ന്നെടുത്ത് എ.കെ.ജിക്ക് സ്മാരകം നിര്‍മിച്ചാല്‍ മഹാനായ ആ മനുഷ്യന്റെ ആത്മാവ് പോലും പൊറുക്കില്ല.തുച്ഛമായ 1000 രൂപ മാത്രമാണ് പെന്‍ഷന്‍ എന്ന പേരില്‍ അവശ ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്. ആ പെന്‍ഷന്‍ വിതരണം തന്നെ പൊതുവെ മുടങ്ങിയ അവസ്ഥയിലാണ്. മൂന്നോ നാലോ മാസം കൂടുമ്പോള്‍ മാത്രമാണ് നാമമാത്രമായ പെന്‍ഷന്‍ തുക ലഭിക്കുന്നത്. മരുന്ന് വാങ്ങാന്‍ പോലും ഈ ചെറിയ തുക തികയില്ല. പുതിയ കുറേ മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന് അതുപോലും ഇല്ലാതാക്കാനുള്ള മനുഷ്യത്വരഹിതമായ നിലപാടുകളാണ് ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.അഞ്ചു ലക്ഷത്തോളം പേരെ ക്ഷേമ പെന്‍ഷനില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികളുമായാണ് അധികാരികള്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അതേസമയം സര്‍ക്കാര്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും കോടികളുടെ ഭൂസ്വത്തുക്കള്‍ സ്വന്തം പേരിലും ബിനാമി പേരിലും വാങ്ങിക്കൂട്ടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ക്കുള്ള പെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാന്‍ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ ദൃഷ്ടിയില്‍ പൗരന്‍മാരെന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. കൂലിവേലക്കാരും കര്‍ഷകരും മത്സ്യതൊഴിലാളികളും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളും പൗരന്‍മാരല്ലെന്ന മനോഭാവമാണോ ഇവിടത്തെ ഭരണകൂടം പുലര്‍ത്തുന്നതെന്ന ചോദ്യം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവരെ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ള ജനവിഭാഗങ്ങളെ കണ്ണീരുകുടിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന തീരുമാനങ്ങള്‍ പാവങ്ങള്‍ക്കുവേണ്ടി തെരുവില്‍ സമരങ്ങള്‍ നടത്തുകയും പൊലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്ത എ.കെ.ജിയോട് കാണിക്കുന്ന തികഞ്ഞ അനാദരവാണ്. വിലക്കയറ്റത്തിലും കടക്കെണിയിലും ഉഴറുന്ന കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മുതുകില്‍ അധിക നികുതിയുടെ മാറാപ്പ് കയറ്റിയും ആനുകൂല്യങ്ങളുടെ ചെറിയ തുരുത്തുകള്‍ പോലും വെട്ടിനീക്കിയും അവരെ നിരാലംബതയുടെ അഗാധതയിലേക്ക് വലിച്ചെറിയുന്ന നയം സ്വീകരിക്കുന്നത് എ. കെ.ജിയുടെ സ്മാരകമടക്കമുള്ള രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ അതിനെ നഗ്‌നമായ അധികാര ദുര്‍വിനിയോഗവും ഏകപക്ഷീയമായ ജനാധിപത്യ ധ്വംസനവുമായി വിലയിരുത്തേണ്ടിവരും. ജനലക്ഷങ്ങളുടെ കണ്ണീരിന്റെയും ശാപത്തിന്റെയും മുകളില്‍ പടുത്തുയര്‍ത്തുന്ന എ.കെ.ജിയുടെ സ്മാരകത്തില്‍ ആര്‍ക്കാണ് അഭിമാനം കൊള്ളാനാവുക. എ.കെ.ജിയുടെ പേരില്‍ പാവങ്ങള്‍ക്ക് ആശ്വാസവും സഹായവുമാകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മെഡിക്കല്‍ കോളജ് കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുള്ളത് കാസര്‍കോട്ടാണ്. ജനിതക വൈകല്യങ്ങളടക്കം ബാധിച്ചും വരള്‍ച്ച മുരടിച്ചും ശരീരം തളര്‍ന്നും മനോവൈകല്യങ്ങള്‍ ബാധിച്ചും നരക തുല്യമായ ജീവിതം നയിക്കുന്ന ആയിരങ്ങളാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളായിട്ടുള്ളത്. ഇത്തരമൊരു പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്താണ് കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്ത് കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. അതൊന്നും ചെയ്യാതെ എ.കെ.ജിക്ക് പ്രത്യേക സ്മാരകമുണ്ടാക്കുന്നതും അതിനായി 10 കോടി നീക്കിവെക്കുന്നതും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അധാര്‍മികമാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ കണക്കുകള്‍ നിരത്തുന്ന ധനമന്ത്രിയുടെ വാദഗതിയെ തന്നെ കൊഞ്ഞനം കുത്തുന്ന സാമ്പത്തിക ദുരുയോഗത്തിന്റെയും ധൂര്‍ത്തിന്റെയും നടുക്കുന്ന വിവരങ്ങളാണ് സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിത രീതികളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അധികാരമുണ്ടെങ്കില്‍ സ്വന്തം കാര്യങ്ങള്‍ക്കും ഖജനാവില്‍ നിന്നു പണം ചോര്‍ത്താമെന്ന ഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും നിഷേധിച്ചുകൊണ്ടാണ് ഈ ഖജനാവ് കൊള്ളയെന്നറിയുമ്പോള്‍ ആത്മാഭിമാനമുള്ള ഏതൊരു കേരളീയന്റെയും സിരകളില്‍ രോഷം പതഞ്ഞുപൊങ്ങുക തന്നെ ചെയ്യും. സുഖ ചികിത്സക്കും വിദേശയാത്രകള്‍ക്കും സ്വന്തം വസതികളും ഔദ്യോഗികവസതികളും മോടിപിടിപ്പിക്കുന്നതിനും മറ്റുമായി സംസ്ഥാന ഖജനാവില്‍ നിന്നും ധൂര്‍ത്തടിക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. മന്ത്രി പുംഗവന്‍മാരുടെ സാധാരണ അസുഖങ്ങള്‍ക്കുപോലും ചികിത്സ അമേരിക്കയിലും ഡല്‍ഹിയിലും. കണ്ണിന്റെ കാഴ്ചക്ക് ചെറിയ തോതില്‍ മങ്ങലേറ്റാല്‍ ധരിക്കാന്‍ അരലക്ഷത്തിന്റെ കണ്ണടകള്‍. ഭരണസ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചുള്ള ഭൂമി കയ്യേറ്റങ്ങള്‍ വേറൊരു ഭാഗത്ത് തകൃതിയാകുന്നു. കേരളത്തിന് കോടികളുടെ കടബാധ്യതയുണ്ടെന്ന് പറയുമ്പോഴും മന്ത്രിമാരുടെ ധൂര്‍ത്തിനും ആഡംബര ജീവിതത്തിനും ഒരു കുറവുമില്ല. തങ്ങളുടെ പണക്കൊഴുപ്പ് നിറഞ്ഞ ജീവിതത്തിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ക്കാകുന്നില്ല. വലുതായാലും ചെറുതായാലും അഴിമതിയും സ്വജനപക്ഷപാതവും ജനാധിപത്യവിരുദ്ധവും ഭരണഘടനക്ക് നിരക്കാത്തതുമാണ്. ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടാണെന്ന് മറക്കരുത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ത്താല്‍ നന്നായിരിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.