Connect with us

Video Stories

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ഇത്തവണ കേരളപ്പിറവി ആഘോഷത്തിന്റെ തലേന്ന് നെഞ്ചില്‍ കൈവെച്ച് നിറകണ്ണുകളോടെ വിതുമ്പുന്ന തമിഴ്‌നാട്ടുകാരിയായ ഒരു വൃദ്ധ മാതാവിന്റെ നെഞ്ചുപൊട്ടിക്കുന്ന ചിത്രം തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് കേരളമാകെ കാണുകയുണ്ടായി. അട്ടപ്പാടിയില്‍ കേരളാപൊലീസ് വെടിവെച്ചുകൊന്ന നാല് മാവോവാദികളില്‍ ഒരാളായ കണ്ണന്‍ എന്ന കാര്‍ത്തിയുടെ അമ്മ ലക്ഷ്മിയുടെ. ഏതു ശിലാഹൃദയന്റേയും കണ്ണുനനയിക്കുന്ന ആ ചിത്രം. കൊല്ലപ്പെട്ട മകനെ പോസ്റ്റുമോര്‍ട്ടത്തിനുമുമ്പ് ഒരുനോക്കുകാണാന്‍ അനുവദിക്കണമെന്ന ആ പെറ്റമ്മയുടെ അഭിലാഷം കേരള അധികാരികള്‍ നിരസിച്ചപ്പോള്‍.

മാവോയിസ്റ്റുകള്‍ക്ക് മാധ്യമങ്ങളും പ്രതിപക്ഷവും വലിയ പരിവേഷമൊന്നും നല്‍കരുതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന്റെ തുടര്‍ച്ച കൂടിയായിരുന്നു ആ രംഗം. ഒരു സ്ത്രീയടക്കം പൊലീസ് വെടിവെച്ചുകൊന്ന മറ്റു മൂന്നു മാവോവാദികളുടെ സഹോദരിമാരും അടുത്ത ബന്ധുക്കളും പൊലീസിന്റെ മനുഷ്യത്വരഹിതമായ നിലപാടില്‍ അവിടെ പ്രതിഷേധിച്ചതുകൂടി ചേര്‍ത്താല്‍ കേരളപ്പിറവി ആഘോഷത്തിന്റെ മുന്നോടിയായി ചരിത്രത്തിന്റെ ഉപ്പിനോട് കേരളത്തിലെ ഭരണാധികാരികള്‍ കാണിച്ച മഹാ കൃതഘ്‌നതയുടെ അസാധാരണ മുഹൂര്‍ത്തംകൂടിയായിരുന്നു അത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മലയാളഭാഷ സംസാരിക്കുന്ന ഭൂരിപക്ഷ പ്രദേശങ്ങള്‍ മലയാളി ഭൂരിപക്ഷമുള്ള തിരുവിതാംകൂര്‍ – കൊച്ചിയോട് ചേര്‍ത്തതിന്റെ വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായാണ് തങ്ങളുടെ അമ്മ-പെങ്ങന്മാരായി കഴിഞ്ഞവരോട് അവര്‍ ഈ കടുംകൈ ചെയ്തത്.

ഭരണത്തിലിരിക്കുന്ന സി.പി.ഐയുടെ സെക്രട്ടറി പോലും പറയുന്നത് അട്ടപ്പാടിയിലെ മാവോവാദികള്‍ പൊലീസിനു കീഴടങ്ങാന്‍ തയാറായിരുന്നു എന്നാണ്. അതിനുള്ള മാധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നെന്നും. എന്നാല്‍ ടെന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പൊലീസ് അവരെ വളഞ്ഞ് വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് എല്‍.ഡി.എഫ് ഭരിക്കുന്ന മാഞ്ചിക്കണ്ടി പഞ്ചായത്തു പ്രസിഡന്റിനെയും പ്രാദേശിക നേതാക്കളെയും ഉദ്ധരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ഇത് പൊലീസിന്റെ മനപൂര്‍വ്വമുള്ള കൊലയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള മറ്റു തെളിവുകള്‍ ബോധ്യപ്പെടുത്തുന്നു. പെറ്റമ്മയെപ്പോലും മൃതദേഹം കാണിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയതടക്കമുള്ള പൊലീസിന്റെ നടപടികളും മുഖ്യമന്ത്രിയുടെ നിലപാടും കൂടുതല്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണ്.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ ‘പരിവേഷ’ പ്രസ്താവനയില്‍ തുടര്‍ന്നുപറഞ്ഞ മറ്റു ചിലതുകൂടി ശ്രദ്ധിച്ചാല്‍ സംസ്ഥാനത്ത് ഇതിനകം ഏഴുപേരെ വെടിവെച്ചിട്ട ഏറ്റുമുട്ടല്‍ കൊലകളുടെ രാഷ്ട്രീയം കൂടുതല്‍ വ്യക്തമാകും: ‘അരി താ, ലേശം അരി താ എന്നു ചോദിച്ചു നടക്കുന്നവര്‍ മാത്രമല്ല അവര്‍ (മാവോയിസ്റ്റുകള്‍). ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. മാവോയിസ്റ്റായതുകൊണ്ടുമാത്രം ഒരാളും കൊല്ലപ്പെടില്ല. നിരോധിത സംഘടനയിലെ എല്ലാവരെയും കൊല്ലുകയെന്ന കാഴ്ചപ്പാട് സര്‍ക്കാറിനില്ല’.

കനത്ത സുരക്ഷാകാവലില്‍പോലും പെറ്റമ്മയെ മൃതദേഹം കാണിച്ചുകൊടുക്കാത്ത നിലപാടുള്ള ഒരു ഭരണാധികാരിയുടെ ഈ വിശദീകരണത്തിന് എന്തു വിശ്വാസ്യത. നിരോധിക്കപ്പെട്ട പാര്‍ട്ടിയായാല്‍ മാവോവാദികളെപോലും ഘട്ടംഘട്ടമായി വെടിവെച്ചുകൊല്ലുന്നതാണ് ഈ ഗവണ്മെന്റിന്റെ നയമെന്നും വായിച്ചെടുക്കാം. ഒരു സ്ത്രീയടക്കം നാല് മാവോവാദികളെ അട്ടപ്പാടിയില്‍ വെടിവെച്ചുകൊന്നത് അവര്‍ പൊലീസുകാരെയോ നാട്ടുകാരെയോ ആക്രമിച്ചതുകൊണ്ടല്ല. മുഖ്യമന്ത്രി പറയുംപോലെ ‘ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണ് അവരുടെ രാഷ്ട്രീയലക്ഷ്യം’ എന്നതുകൊണ്ടു മാത്രമാണ്.

ഈ സംഭവത്തിലെ മറ്റെല്ലാ മാനുഷിക പ്രശ്‌നങ്ങളും പൗരാവകാശ പ്രശ്‌നങ്ങളും തല്‍ക്കാലം മാറ്റിവെച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രിയുമായ പിണറായിയോട് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. കേരളപ്പിറവിക്കുശേഷം അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ മുഖ്യമന്ത്രി നീതിപീഠത്തിനുമുമ്പില്‍ സത്യംചെയ്തു പറഞ്ഞ ഒരു രാഷ്ട്രീയമുണ്ട്: താന്‍ ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ തൊട്ട് പ്രതിജ്ഞചെയ്ത ഒരു ആളാണെന്ന്. അതിന്റെ തുടര്‍ച്ചയായാണ് പിന്നീട് അധികാരത്തില്‍വന്ന സംസ്ഥാനത്തെയും ബംഗാളിലെയും ത്രിപുരയിലെയും ഗവണ്മെന്റുകളെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും. ആ തുടര്‍ച്ചയില്‍ ശേഷിച്ചുനില്‍ക്കുന്ന സര്‍ക്കാറിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇ.എം. എസിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുന്നുണ്ടോ? നിലവിലുള്ള സാമൂഹികോപാധികളെയാകെ ബലംപ്രയോഗിച്ച് മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാകൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.

2000ല്‍ തിരുവനന്തപുരത്തുചേര്‍ന്ന സി.പി.എം പ്രത്യേക സമ്മേളനം കാലാതീതമായി പുതുക്കിയ പാര്‍ട്ടി പരിപാടിയിലെ ഈ ലക്ഷ്യപ്രഖ്യാപനവും മുഖ്യമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ പ്രശ്‌നം: ‘വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ബൂര്‍ഷ്വാ- ഭൂപ്രഭു ഭരണകൂടത്തെ മാറ്റി തല്‍സ്ഥാനത്ത് തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ജനാധിപത്യ ഭരണകൂടം സ്ഥാപിക്കും’ എന്നത്. അങ്ങനെയെങ്കില്‍ ആ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന മാവോവാദി പാര്‍ട്ടികളടക്കം ഉള്ളവരെ അവര്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നവരാണ് എന്നു കുറ്റപ്പെടുത്തി വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ക്ലീന്‍ചിറ്റ് നല്‍കുന്നതെങ്ങനെ? ഭരണഘടനയനുസരിച്ച് നിയമവിരുദ്ധമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് ബാക്കികാര്യം കോടതിക്കു വിട്ടുകൊടുക്കുകയല്ലേ വേണ്ടത്.
അരിയുടെയും വിശപ്പിന്റെയും കാര്യം പറഞ്ഞ് സഹതാപവും സംരക്ഷണയും പിന്തുണയും ആദിവാസികള്‍ക്കിടയില്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ ആര്‍ജ്ജിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഭൗതിക സാഹചര്യം ആദിവാസി സമൂഹത്തിലും ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും സംസ്ഥാനത്തും ഇല്ലാതാക്കുന്നതില്‍ നാലു വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണം എന്തുകൊണ്ട് വിജയിച്ചില്ല എന്നല്ലേ മുഖ്യമന്ത്രി പരിശോധിക്കേണ്ടത്. മാവോവാദികളെ ആയുധം വെപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും തന്റെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതി പരാജയപ്പെട്ടത് എന്തുകൊണ്ട് എന്ന് സ്വയം പരിശോധിക്കുകയല്ലേ വേണ്ടത്?

രണ്ട് ദലിത് സഹോദരിമാര്‍ കൊല്ലപ്പെട്ട വാളയാര്‍ സംഭവങ്ങള്‍ക്കു സമാന്തരമായി അട്ടപ്പാടിയില്‍ മാവോവാദികള്‍ തോക്കേന്തിവന്നത് സ്വാഭാവികമാണ്. അട്ടപ്പാടിയിലെയും അഗളിയിലെയും വയനാട്ടിലെയും മറ്റും ജീവിതാവസ്ഥ തോക്കെടുപ്പിക്കുന്നതിലേക്ക് എത്തിക്കുന്നതിന് ഭരണാധികാരികള്‍ ഉത്തരവാദികളാണെന്ന് ഒരുകാലത്ത് പ്രസംഗിച്ചുനടന്ന ആളാണല്ലോ പഴയ പിണറായി വിജയന്‍.
മാവോവാദികളുടെ കൈവശം എ.കെ47 അടക്കം തോക്കുകള്‍ ഉണ്ടായിരുന്നെന്നും അതിലൊന്നില്‍ അരിവാള്‍ അടയാളം രേഖപ്പെടുത്തിയിരുന്നു എന്നും മുഖ്യമന്ത്രിയും അവരുടെ ജീവനെടുത്ത പൊലീസ് മേധാവിയും ന്യായീകരിക്കുന്നു. കീഴടങ്ങാന്‍ വന്നതായിരുന്നെങ്കില്‍ തോക്കുകള്‍ എന്തിന് എന്ന് പ്രത്യേകം ചോദിക്കുന്നുമുണ്ട്. ആ ഐ.പി.എസ് യുവ ഉദ്യോഗസ്ഥന് അറിയാമായിരിക്കില്ലെങ്കിലും അദ്ദേഹത്തെ നയിക്കുന്ന പൊലീസ് മുഖ്യമന്ത്രി പിണറായി വിജയന് അറിയേണ്ട ഒരു ചരിത്രമുണ്ട്. നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ ആളുകളെക്കൊണ്ട് എങ്ങനെ തോക്കെടുപ്പിച്ചെന്നും പരിശീലനം നല്‍കി സായുധ പോരാട്ടം നടത്തിയെന്നുമുള്ള ചരിത്രമാണ്. ബംഗാളിലെ തേഭാഗമുതല്‍ കേരളത്തിലെ പുന്നപ്ര-വയലാര്‍വരെ പടര്‍ന്ന സായുധസമരമാണത്.

അതില്‍ ഏറെ ജ്വലിച്ചുനില്‍ക്കുന്നതാണ് ഹൈദരാബാദില്‍ നൈസാമിനും റസാഖല്‍മാര്‍ക്കും എതിരെ നടന്ന കര്‍ഷക സായുധപോരാട്ടം. 44-46 കാലഘട്ടത്തില്‍ ദേശീയപതാകയും ചെങ്കൊടിയും ഒന്നിച്ചുപിടിച്ച് ആയുധങ്ങള്‍ സംഭരിച്ചുനടത്തിയ പോരാട്ടമാണ്. ദരിദ്ര കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ജനകീയഭരണം സ്ഥാപിക്കാന്‍ നടത്തിയ ആ സമരത്തിന്റെ തുടര്‍ച്ചയായിരുന്നു 1947 ആഗസ്ത് 15 മുതല്‍ 1948 സെപ്തംബര്‍വരെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ആന്ധ്ര മഹാസഭയുടെയും നേതൃത്വത്തില്‍ നടന്ന തെലങ്കാനസമരം. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയാണ് നാടന്‍ തോക്കുകള്‍ മുതല്‍ പ്രതിരോധ ആധുനിക വെടിക്കോപ്പുകള്‍വരെ സംഭരിച്ച് ഗറില്ലാ സ്‌ക്വാഡുകള്‍ക്ക് വിതരണം ചെയ്തത്. പരിശീലനം നല്‍കാന്‍ സൈനിക ഓഫീസറായിരുന്ന മേജര്‍ ജയ്പാല്‍ സിങിനെ ബംഗാളില്‍നിന്ന് നിയോഗിച്ചത്.

ചൂഷകഭരണത്തെ നശിപ്പിക്കാനും ജനങ്ങളുടെ ഭരണം സ്ഥാപിക്കാനും ഞാന്‍ ഗറില്ലാസേനയില്‍ ചേരുകയാണെന്ന് ഓരോ കേഡറും പ്രതിജ്ഞചെയ്തു. ജീവനേക്കാള്‍ വലുതാണ് ആയുധങ്ങള്‍. അവ നേടുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുംവേണ്ടി ജീവന്‍ ത്യജിക്കാനും തയാറാണ്. ഭീരുവാകുകയോ ശത്രുവിനു കീഴടങ്ങുകയോ ചെയ്യില്ല. ഓരോ ഗറില്ലയും അന്ന് ചെങ്കൊടിക്കുമുമ്പില്‍ പ്രതിജ്ഞചെയ്തു.
തെലങ്കാന സമരത്തില്‍ ആറായിരത്തിലധികം കമ്യൂണിസ്റ്റുകാരും കര്‍ഷക പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പതിനായിരത്തില്‍പരം കമ്യൂണിസ്റ്റുകാരും ബഹുജനപ്രവര്‍ത്തകരും ജയിലിലായി. ആയിരക്കണക്കിനു സ്ത്രീകള്‍ മാനഭംഗത്തിനിരയായി. അതിനെയൊക്കെ അതിജീവിച്ചു 16,000 ചതുരശ്രമൈല്‍ പ്രദേശത്ത് 30 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന 3000 ഗ്രാമങ്ങളില്‍ ഗ്രാമരാജ് സ്ഥാപിക്കാന്‍ കര്‍ഷകരുടെ പോരാട്ടത്തിനു കഴിഞ്ഞു. ജനകീയ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ 10 ലക്ഷം ഏക്കര്‍ ഭൂമി കൃഷിക്കാര്‍ക്കിടയില്‍ വിതരണം ചെയ്തു. മിനിമംകൂലി നടപ്പാക്കി. കര്‍ഷകതൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ചു.

പതിനായിരം ഗ്രാമീണ സ്‌ക്വാഡ് അംഗങ്ങളും 2000 പൂര്‍ണ്ണ ഗറില്ലാസ്‌ക്വാഡുകളും ഉള്‍ക്കൊള്ളുന്ന ഒരു സേനതന്നെ ജനങ്ങള്‍ രൂപീകരിച്ചിരുന്നെന്ന് തെലങ്കാന സമരത്തിനു നേതൃത്വം നല്‍കിയ പി സുന്ദരയ്യ 20 വര്‍ഷം കഴിഞ്ഞ് എഴുതിയ പുസ്തകത്തില്‍ പറയുന്നു. സി.പി.എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് തള്ളിപ്പറയാനാവില്ല. രാജ്യത്ത് കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനും ഭാഷാപരമായി സംസ്ഥാനങ്ങള്‍തന്നെ രൂപീകരിക്കുന്നതിനും കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഒടുവില്‍ ഇടതുപക്ഷ ഗവണ്മെന്റുകള്‍ കൊണ്ടുവന്നതെന്നും ദേശീയ ഇടതുപക്ഷ – മതനിരപേക്ഷ പ്രസ്ഥാനം വളര്‍ത്തിയതെന്നും.

വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ – ഭൂപ്രഭു ഭരണകൂടത്തെ മാറ്റി ജനകീയ – ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കായില്ല. അതിന്റെ തുടര്‍ച്ചയിലാണ് നക്‌സല്‍ബാരിയും വിവിധ നക്‌സല്‍ ഗ്രൂപ്പുകളും രാജ്യത്തിന്റെ വനമേഖലകള്‍ കേന്ദ്രീകരിച്ച് പിന്നീട് മാവോയിസ്റ്റുകളുടെ പുതിയ തലമുറയും വളര്‍ന്നത്. വലതു തീവ്ര സാമ്രാജ്യത്വ ഭരണാധികാരികളും ആഗോള കോര്‍പറേറ്റുകളുമായി പുതിയസഖ്യം ഉറപ്പിക്കുന്ന ഹിന്ദുത്വ ദേശീയതയുടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതും.

ഫെഡറലിസവും ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ക്കുന്ന തീവ്രഹിന്ദുത്വത്തിന്റെ ആ ഗവണ്മെന്റുമായി സഹവര്‍ത്തിത്വത്തില്‍ മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍. ‘കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു അനുഗുണമായ സമീപനം കേന്ദ്രത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് കേരളപ്പിറവിയില്‍ നാം ഏറ്റെടുക്കേണ്ട വലിയ ദൗത്യമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്- (വിവിധ മാധ്യമങ്ങള്‍ – നവംബര്‍ 1, 2019)
ചുകപ്പുഭീഷണിയാണ് (red terror) രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം അട്ടപ്പാടിയിലടക്കം പിണറായി സര്‍ക്കാര്‍ ഇതിനായി നടപ്പാക്കുകയാണ്. അപ്പോള്‍ കേരളമാകെ മഹാചുഴലിപോലെ ഈ ചോദ്യം ആഞ്ഞടിക്കും: ‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.