Video Stories
മുസ്‌ലിം ലീഗും മൂന്നാം സീറ്റും
ലുഖ്മാന്‍ മമ്പാട്
മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമോ; നിങ്ങളുടെ അഭിപ്രായം എന്താണ്. ഒരു മാസത്തോളമായി മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും വനിതാ ലീഗിന്റെയുമെല്ലാം ഏതൊരു നേതാവിനെ കാണുമ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമാണിത്. ലീഗിന്റെയോ പോഷക ഘടകങ്ങളുടെയോ നേതാക്കള്‍ എന്താവശ്യത്തിന് വാര്‍ത്താ സമ്മേളനം വിളിച്ചാലും ഇതേ ചോദ്യം ആവര്‍ത്തിക്കുക മാത്രമല്ല, അങ്ങോട്ടു പോയി കാത്തിരുന്ന് ചോദിക്കുന്നതും ഇതുതന്നെ.
ജനാധിപത്യ സമൂഹത്തില്‍ ഏഴു പതിറ്റാണ്ടായി മുഖ്യധാരയില്‍ സക്രിയമായി പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്കും മുന്നണിയായും പോരാടി ജനാംഗീകാരം നേടി മുന്നേറുകയും ചെയ്യുന്ന സംഘടനയുടെ നേതാക്കളോട് അധിക സീറ്റില്‍ മത്സരിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നത് അപരാധമൊന്നുമല്ല. പക്ഷെ, ഒരു ക്യാമ്പയിനായി അമിതാവേശത്തോടെ ഒരേ ചോദ്യം ആവര്‍ത്തിക്കുന്നത് സദുദ്ദേശത്തോടെ മാത്രമാണോ എന്നു തീര്‍ത്തു പറയാനും വയ്യ.
മുസ്‌ലിം ലീഗിന് നാലോ അഞ്ചോ സീറ്റുകളില്‍ മത്സരിക്കാനുള്ള രാഷ്ട്രീയ കരുത്തുണ്ട് എന്നത് മുസ്‌ലിം ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ നേതാക്കള്‍ മാത്രമല്ല, യു.ഡി.എഫ് വിരുദ്ധ ചേരിയിലുളളവരും അംഗീകരിക്കുന്നതായി പലരുടെയും പ്രതികരണങ്ങളും കാണുന്നു. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് അണികളിലും നേതാക്കള്‍ക്കിടയിലും ഭിന്നാഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തുന്ന തരത്തില്‍ പലതും പടച്ചു വിടുന്നതിന് പുറമെ സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം പൊടിപൊടിക്കുന്നു. ഫോര്‍ സീറ്റ് ഫോര്‍ മുസ്‌ലിം
ലീഗ് എന്ന ഹാഷ് ടാഗ് വെച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാമ്പയിനുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തന്നെ പ്രതികരിക്കേണ്ടിവന്നു.
ദേശീയ തലത്തില്‍ ശക്തമായ തിരിച്ചുവരവിന്റെ സാധ്യതകള്‍ പ്രകടിപ്പിക്കുന്ന
യു.പി.എ മുന്നണിക്ക് കേരളത്തില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായ സര്‍വ്വെകളും പ്രവചിക്കുന്നുണ്ട്. കേരളത്തിലെ യു.ഡി.എഫിന്റെ ഭാഗമാണെന്നതുപോലെ ദേശീയ തലത്തിലും മുസ്‌ലിം
ലീഗ് യു.പി.എയുടെ ഭാഗമാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും ഉള്‍പ്പെട്ട യു.പി.എ മുന്നണിയിലും മുസ്‌ലിം ലീഗ് മത്സരിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലും അധികമായ സീറ്റില്‍ മത്സരിക്കുന്നതിന്റെ സാധ്യതകള്‍ മുസ്‌ലിം ലീഗ് പരിഗണിക്കുന്നു. എവിടെ മത്സരിക്കുമ്പോഴും മുസ്‌ലിം ലീഗ് സുവ്യക്തമായ അതിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ ഊന്നിയാണ് മുന്നോട്ടു പോകുക. രാജ്യത്തിന്റെ പൈതൃകത്തെയും ഭരണഘടനയെയും സാമൂഹ്യ സാമ്പത്തിക മേഖലകളെയും നാലര വര്‍ഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന് അന്ത്യം കുറിക്കുക എന്നതാണ് മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിതമായ നിലപാട്.
എന്തൊക്കെ പോരായ്മകളും വേറിന്ന അഭിപ്രായങ്ങളുമുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിക്ക് കരുത്ത് പകരുക എന്നതാണ് മര്‍മ്മമെന്നും മുസ്‌ലിം ലീഗ് കഴിഞ്ഞ മൂന്ന് ദേശീയ സമ്മേളനങ്ങളിലെയും പ്രമേയങ്ങളും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിക്കുകയും ആ സാധ്യതയുടെ വിടവിലൂടെ 31% വോട്ടുകള്‍ മാത്രം നേടിയ എന്‍.ഡി.എ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും ചെയ്തത് വലിയ പാഠമാണ്. ഈ തെറ്റ് ആവര്‍ത്തിക്കാതിക്കാന്‍ തികഞ്ഞ ജാഗ്രതയോടെയുള്ള നിലപാടാണ് മുസ്‌ലിം ലീഗ് കൈകൊള്ളുന്നത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഉണ്ടായിട്ടും കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഹിന്ദി ഹൃദയ ഭൂമിയിലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് ഇതേ നിലപാടാണ് സ്വീകരിച്ചത്.
എല്ലായിടത്തും യു.പി.എ ഘടകക്ഷി എന്ന നിലയിലുള്ള പരിഗണന ഏറെക്കുറെ നല്‍കുകയും ക്യാമ്പയിനുകളില്‍ സഹകരിപ്പിക്കുകയും ചെയ്തതോടെ ന്യൂനപക്ഷങ്ങളില്‍ വലിയ സ്വാധീനമുണ്ടക്കാനും അവസാനം കഴിഞ്ഞ ആറു നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഭരണം ലഭിക്കാതിരിക്കാനും ഹേതുവായിട്ടുണ്ട്. അവിടങ്ങളിലെല്ലാം സി.പി.എമ്മും ചില ന്യൂനപക്ഷ സംഘടനകളും മത്സരിച്ചത് പല സീറ്റിലും ബി.ജെ.പിക്ക് ഗുണമായതായി പിന്നീട് കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് മുസ്‌ലിം
ലീഗിന്റെ നിരുപാധിക പിന്തുണയുടെ പ്രസക്തി പലര്‍ക്കും വ്യക്തമായത്. യു.പി.എ അംഗ സംഖ്യ വര്‍ധിപ്പിക്കുക എന്നതു തന്നെയാണ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് മുന്നോട്ടു വെക്കുന്ന നിലപാട്.
രാജ്യത്താകമാനം മുസ്‌ലിം ലീഗ് എവിടെയൊക്കെ മത്സരിക്കണമെന്നതും കേരളത്തില്‍ എത്രയിടത്തു മത്സരിക്കണമെന്നതും എല്ലാ തലത്തിലുമുള്ള സാധ്യതകളെയും ഇഴകീറി പരിശോധിച്ച് തന്നെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലപാട് സ്വീകരിക്കുക. ഇക്കാര്യത്തിലുള്ള മുസ്‌ലിം ലീഗിന്റെ അഭിപ്രായം കേരളത്തിലാവുമ്പോള്‍ യു.ഡി.എഫ് സംവിധാനത്തിന് അകത്തു പറയുകയും ഉചിതമായ തീരുമാനത്തിലേക്ക് എല്ലാവരെയും എത്തിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യുന്നതാണ് കീഴ്‌വഴക്കം. പൊതുവേദികളില്‍ പരസ്യമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് മുന്നണിക്ക് അകത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വിജയ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്നത് അര നൂറ്റാണ്ടിലേറെ മുന്നണി രാഷ്ട്രീയം മെയ്‌വഴക്കത്തോടെ കൈകാര്യം ചെയ്ത മുസ്‌ലിം
ലീഗ് ഒരിക്കല്‍ പോലും ചെയ്തിട്ടില്ല.
മുസ്‌ലിം ലീഗിന്റെ നിയമസഭയിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അംഗബലവും സംഘടനാപരമായ അംഗബലവും മറ്റാരേക്കാള്‍ മുസ്‌ലിം
ലീഗിന് ബോധ്യമുണ്ട്. സംഘടനയുടെ ശക്തിയും ദൗര്‍ബല്ല്യവും കൃത്യമായി അറിയുന്ന നേതാക്കളും അതു ചര്‍ച്ച ചെയ്യാന്‍ സ്ഥായിയായ വേദികളും മുസ്‌ലിം ലീഗിനുണ്ട്. മുസ്‌ലിം സമുദായത്തില്‍ സ്വാധീനമുണ്ട് എന്നതോടൊപ്പം പൊതു സമൂഹത്തിലും അംഗീകാരമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിം ലീഗ് എന്നതാണ് സമ്മേളനങ്ങളിലെയും മെമ്പര്‍ഷിപ്പിന്റെ കണക്കെടുത്താലും തെരഞ്ഞെടുപ്പുകളില്‍ നേടുന്ന വോട്ടിന്റെയും അളവുകോലുകള്‍ കൊണ്ട് പരിശോധിച്ചാലും ബോധ്യമാവുക.
മലബാറില്‍ മുസ്‌ലിം ലീഗ് വയനാട് ഒഴികെ എല്ലാ ജില്ലകളിലും മത്സരിക്കുകയും എല്ലാ ജില്ലകളിലും എം.എല്‍.എമാരെ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് പൊതു സമൂഹത്തിന്റെ പിന്തുണയോടെയാണെന്നത് സംഘടന അഭിമാനത്തോടെ തുറന്നു പ്രഖ്യാപിക്കുന്നതാണ്. മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലാപഞ്ചായത്തുകളുടെ ഭരണം നിയന്ത്രിക്കുന്നതിന് സംഘടനക്ക് അംഗീകാരം നല്‍കിയതും മതത്തിനും ജാതിക്കും അപ്പുറമുള്ള പൊതുസമൂഹമാണ്. മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ദളിത് അംഗങ്ങളുള്ള സംഘടന മുസ്‌ലിം ലീഗ് ആണ് എന്നത് അതിശയോക്തിയാവില്ല. പൊതു മണ്ഡലങ്ങളില്‍ ദളിതരെ സ്ഥാനാര്‍ത്ഥികളാക്കുന്നതും സംവരണ മണ്ഡലങ്ങളല്ലാത്തിടത്തും തദ്ദേശ സ്ഥാപന ഭരണ നേതൃത്വം അവരെ ഏല്‍പ്പിക്കുന്നതും മുസ്‌ലിം ലീഗിന്റെ സംഘടനാപരമായ മുന്നേറ്റത്തിന്റെയും നയനിലപാടുകളുടെയും ഭാഗമാണ്.
മുസ്‌ലിം ലീഗിന് കേരളത്തില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ മൂന്നാം സീറ്റ് ലഭിക്കുന്നതോടെ സാമുദായിക സന്തുലനത്തിന്റെ പുതിയ സമവാക്യ അശ്ലീലവുമായി ഇറങ്ങിപ്പുറപ്പെടാനും ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന അനുഭവപാഠവുമുണ്ട്. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം കേരളത്തിന്റെ സാമൂഹ്യ ഘടനയെ ബാധിക്കുമെന്ന് സി.പി.എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അന്നത്തെ പ്രതിപക്ഷ ഉപനേതാവും പി.ബി അംഗവുമായ കോടിയേരിയാണ് ആദ്യം ആരോപിച്ചത്. പിന്നാലെ വി.എസും അതേറ്റുപിടിച്ചു.
രാഷ്ട്രീയമായി തീര്‍ത്തും അര്‍ഹതപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക സന്തുലനം അട്ടിമറിയുന്നതായി സിദ്ധാന്തിച്ച കോടിയേരി ബാലകൃഷ്ണന്‍മാരുടെയും വി.എസ് അച്യുതാനന്ദന്‍മാരുടെയും അശ്ലീലങ്ങള്‍ കേരളീയ സമൂഹത്തെ മലീമസമാക്കാന്‍ ശ്രമിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്. നിയമസഭാംഗങ്ങളുടെയും ശാക്തിക ബലത്തിന്റെയും അര്‍ഹതയുടെയും മാനദണ്ഡ പ്രകാരം രാഷ്ട്രീയമായി ലഭിച്ച മന്ത്രി സ്ഥാനത്തെ വര്‍ഗീയ വല്‍ക്കരിച്ചവര്‍ക്ക് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടക്കിടെ ഇപ്പോഴും അതു തികട്ടിവരാറുണ്ട്. അഞ്ചാം മന്ത്രി വിവാദത്തിന്റെ ദുരാരോപണങ്ങളെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സിറ്റിംഗ് സീറ്റ് യു.ഡി.എഫിന് സമ്മാനിച്ചാണ് ജനം പ്രതികരിച്ചതെന്ന വസ്തുത അത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്.
‘സാമുദായിക സന്തുലനം’ ഒരു ദുഷ് പ്രചാരണ ആയുധം മാത്രമാണെന്ന് വി.എസ് മന്ത്രിസഭയിലും പിണറായി മന്ത്രി സഭയിലും (28% വരുന്ന) മുസ്‌ലിം നാമമുള്ള രണ്ടു പേരെ മാത്രം മന്ത്രിമാരാക്കിയ എല്‍.ഡി.എഫിന്റെ കരണം മറിച്ചില്‍ ബോധ്യപ്പെടുത്തി. 2004ലും 2009ലും 2014ലും ലോക സഭയിലേക്ക് രണ്ടു മുസ്‌ലിംകളെ (നാമമുള്ളവരെ) മാത്രം മത്സരിപ്പിച്ചപ്പോഴും ഇക്കാര്യത്തില്‍ വ്യക്തതവന്നു. ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് നേതാക്കള്‍ ഉയര്‍ന്നു വരുന്നത് ഭയപ്പെടുന്നവരില്‍ മതമില്ലാത്ത ജീവനുള്ള സി.പി.എമ്മും ഉള്‍പ്പെടുന്നു. അര നൂറ്റാണ്ടിലേറെ പ്രായം ചെന്ന സി.പി.എമ്മിന്റെ പി.ബിയില്‍ ദളിത് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാളുമില്ലെന്നതും മുസ്‌ലിംലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവില്‍ പോലും ദളിത് പ്രാതിനിധ്യം ഉണ്ടെന്നതും ചിന്തനീയമാണ്. സ്ഥാനാര്‍ത്ഥികളെ മതവും ജാതിയും നോക്കി തരം തിരിക്കുന്നത് അത്ര ആശാസ്യമല്ല; ദളിത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്ന് ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്നത് ഗുണകരവുമല്ല.
പലരും ചേര്‍ന്ന് തോല്‍പ്പിച്ച ഡോ.ബി.ആര്‍ അംബേദ്കറെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് എത്തിച്ച മുസ്‌ലിംലീഗിന്റെ നിലപാടുകള്‍ വ്യതിരിക്തമാണ്. അതു കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ നിന്നുമെല്ലാം വേറിട്ടതും സുതാര്യമായതുമായ നിലപാടുകളാണ് കൈകാര്യം ചെയ്യുന്നത്. ഏകസിവില്‍കോഡ്, ശരീഅത്ത്, മുത്വലാഖ്, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ മാത്രമല്ല, ശബരിമല വിഷയത്തിലും ആദ്യാവസാനം ഒരേ നിലപാടാണ് മുസ്‌ലിംലീഗ് സ്വീകരിച്ചത്. നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനയുടെ അന്തസത്തയെ ഉയര്‍ത്തിപ്പിടിക്കുകയും നിയമ നിര്‍മ്മാണ ഘട്ടത്തിലെ വ്യതിചലനങ്ങളെയും കോടതിവിധികളിലെ അപാകതകളെയും ജനാധിപത്യപരമായ രീതിയില്‍ ആത്മവിശ്വാസത്തോടെ ചെറുക്കാന്‍ മുസ്‌ലിംലീഗ് ഒരിക്കലും അമാന്തിച്ചിട്ടില്ല.
രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് മുസ്‌ലിംലീഗിന്റെ ഈ ഋജുവായ തുറന്ന പുസ്തകം പോലെയുള്ള ചരിത്രവും വര്‍ത്തമാനവും വായിച്ചെടുക്കാനാവും. മുസ്‌ലിംലീഗില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജനകോടികളുടെ മനസ്സും വികാരവും ഉള്‍കൊള്ളാനാവുന്നു എന്നതോടൊപ്പം അത്തരത്തിലൊരു ഭദ്രമായ അടിത്തറയുണ്ട് എന്നതും പരസ്പര പൂരകങ്ങളാണ്. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്‍ലമെന്റിലും മുസ്‌ലിംലീഗ് അംഗങ്ങളുണ്ടായത് വൈകാരികതക്ക് പകരം ക്രിയാത്മവും യാഥാര്‍ത്ഥ്യ ബോധത്തോടെയുളളതുമായ നിലപാടുകള്‍ കൊണ്ടു തന്നെയാണ്.
1970 ല്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (പൊന്നാനി), എസ്.എ അബുത്വാലിബ് ചൗധരി (ബംഗാളിലെ മുര്‍ഷിദാബാദ്), എസ്.എം ഷെരീഫ് (തമിഴ്‌നാട്ടിലെ രാമനാഥപുരം) എന്നിവര്‍ ഒരേ സമയത്ത് നാലു അംഗങ്ങള്‍ ലോക്‌സഭയിലേക്ക് വിജയിച്ച മുസ്‌ലിംലീഗിന് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തുടര്‍ന്നും അംഗങ്ങളെ ജയിപ്പിക്കാനായി. പശ്ചിമബംഗാളില്‍ വ്യവസായ മന്ത്രിസ്ഥാനമുണ്ടായിരുന്ന (ഹസ്സനുസമാന്‍) മുസ്‌ലിംലീഗിന് നിയമസഭയില്‍ അംഗബലമില്ലെങ്കിലും ഇപ്പോഴും ശക്തമായ സംഘടനാ സംവിധാനവും ജനപിന്തുണയുമുണ്ട്. മഹാരാഷ്ട്രയില്‍ ഗുലാം മഹമൂദ് ബനാത്ത്‌വാലയും ബഷീര്‍ പട്ടേലും എം.എല്‍.എമാരായിരുന്നതിനു പുറമെ കര്‍ണാടകയിലും അസമിലുമെല്ലാം നിയമസഭയില്‍ അംഗങ്ങളുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നാലു സംഘടനകള്‍ക്കെ നിയമസഭയില്‍ അംഗമുള്ളൂ. ബി.ജെ.പിയും സി.പി.എമ്മും വട്ടപ്പൂജ്യമായ ഇവിടെ മുസ്‌ലിംലീഗ് എം.എല്‍.എയുണ്ട് എന്നതും ചേര്‍ത്തു വായിക്കണം.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഭരണകൂടം സഹിഷ്ണുതയുടെ എല്ലാ സ്തംഭങ്ങളെയും തകര്‍ക്കുകയും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ രാജ്യത്തെ ദളിത് ആദിവാസി പിന്നോക്ക ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ്. പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലകള്‍ക്ക് ദളിതരും മുസ്‌ലിംകളുമാണ് ഏറെ ഇരയായത്. നോട്ടു നിരോധനം പോലുളള പണക്കാര്‍ക്ക് പാവപ്പെട്ടവരുടെ പണം പിടിച്ചെടുത്ത് നല്‍കുന്ന സാമ്പത്തിക നയം രാജ്യത്തെ നട്ടെല്ലു തകര്‍ത്തിരിക്കുന്നു. റഫേല്‍ ഇടപാടുകളിലൂടെ അഴിമതിയുടെയും കളളപ്പണ മാഫിയാ ചങ്ങാത്തത്തിലൂടെയും അമിത് ഷായുടെ ഭണ്ഡാരത്തിലേക്ക് പണം ചാലുകീറി ഒഴുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവിലയില്ലാതെ കര്‍ഷകരും തൊഴിലില്ലാതെ ചെറുപ്പക്കാരും ജീവിതത്തിനു മുമ്പില്‍ തുറിച്ചു നോക്കുന്നു. അതിസങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ക്കെതിരെയുള്ള ഒറ്റമൂലിയായ പൊതു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ഇടപെടലിന്റെ സാധ്യതകളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ദേശീയതലത്തിലെ മതേതര ചേരിയുടെ ഐക്യമാണ് അനിവാര്യം.
ഇക്കാര്യത്തില്‍ എല്ലാ സാധ്യതകളും അതിന്റെ ശക്തിയും ഉപയോഗപ്പെടുത്താന്‍ മുസ്‌ലിംലീഗ് പ്രതിജ്ഞാ ബദ്ധമാണ്. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവില്ലെന്നതാണ് പ്രഥമം. രാജ്യത്തെ ആകെയുള്ള രാഷ്ട്രീയ കാലാവസ്ഥയെയും തിരയിളക്കങ്ങളെയും ഇഴകീറി പരിശോധിക്കാനും ചര്‍ച്ചകളിലൂടെ തീരുമാനമായി ഉരുത്തിരിക്കാനുമുള്ള കെല്‍പ്പുള്ള രാഷ്ട്രീയ നേതൃത്വം മുസ്‌ലിംലീഗിനുണ്ട്.
മൂന്നാം സീറ്റ് വിവാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാന്‍ മുസ്‌ലിംലീഗിനെ നെഞ്ചേറ്റുന്നവര്‍ക്ക് കഴിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകളോടെ പാര്‍ലമെന്റിലും മുസ്‌ലിംലീഗ് പൊരുതാനുണ്ടാവുമെന്നതാണ് രാജ്യ സ്‌നേഹികളുടെ പ്രത്യാശ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ