Connect with us

Video Stories

ധൂര്‍ത്തും ദുര്‍വ്യയവും

Published

on

ടി.എച്ച് ദാരിമി

ആ പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ ദയനീയമായ ആ കാഴ്ച ഇപ്പോഴും കാണാം. റോഡിനിരുവശങ്ങളിലും ടാങ്കുകള്‍ മുതല്‍ കുടങ്ങള്‍ വരെ വെള്ളം കയറ്റിവരുന്ന വെള്ളക്കച്ചവട വണ്ടികളെയും കാത്ത് നിരത്തിവെച്ചിരിക്കുന്നത്. ആ പ്രദേശത്തുള്ള കിണറുകളും ജലാശയങ്ങളും വറ്റിയിട്ട് ഒരു മാസത്തോളമായി. വെള്ളക്കച്ചവടക്കാരുടെ വണ്ടികളെ മാത്രം ആശ്രയിച്ചാണ് അവിടത്തുകാര്‍ കഴിയുന്നത്. കടുത്ത വേനലിന്റെ ചൂടില്‍ കിടന്നുപിടയുന്ന കേരളത്തില്‍ പലയിടത്തും അതൊരു പതിവു കാഴ്ച തന്നെയാണ്. അതിനിടയില്‍ ഒരു വലിയ വീട് ശ്രദ്ധയില്‍പെട്ടു. ആ പ്രദേശത്തെ അറിയപ്പെടുന്ന പണക്കാരന്റേതാണത്. എല്ലാ സൗകര്യങ്ങളുമുള്ള ആ മാളികയുടെ വാതില്‍ക്കലാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ടാങ്കുകളും ഡ്രമ്മുകളും നിരത്തിവെച്ചിരിക്കുന്നത്. അവിടെ എത്തിയപ്പോള്‍ അതിനെ കുറിച്ചൊന്ന് ചോദിച്ചറിയണം എന്ന താല്‍പര്യം. ഒരുപാട് അംഗങ്ങളുള്ളതോ അല്ലെങ്കില്‍ ഒരുപാട് വെള്ളം വേണ്ട ഏതെങ്കിലും രോഗികളുള്ളതോ ആയ വീടാണോ എന്നൊക്കെയറിയാന്‍ വേണ്ടി മാത്രം.
ചോദിച്ചറിഞ്ഞപ്പോള്‍, ഒരു കുടുംബനാഥനും ഭാര്യയും രണ്ടു മക്കളും മാത്രം ജീവിക്കുന്ന വീടാണത് എന്ന് മനസിലായി. വീട്ടിലെ അംഗങ്ങളേക്കാള്‍ അധികം വരുന്ന വേലക്കാരില്ലായിരുന്നുവെങ്കില്‍ ആ വീട്ടിലെ പല മുറികളും ജനസാന്നിധ്യം അറിയുകതന്നെയില്ല. ഇത്രയും ചെറിയ വീട്ടുകാര്‍ക്ക് വേണ്ടിയാണ് ഈ കണ്ട പാത്രങ്ങളൊക്കെയും നിരത്തിവെച്ചിരിക്കുന്നത്. സമീപത്തുള്ളവര്‍ ദിവസവും ഇരുനൂറ് രൂപ മുതല്‍ നാനൂറ് രൂപക്ക് വരെ വെള്ളം വാങ്ങുമ്പോള്‍ ഈ പണക്കാരന്‍ രണ്ടായിരം രൂപയുടെ വെള്ളം വാങ്ങുമത്രെ. വേനല്‍ പകരുന്ന ആത്മീയമോ ഭൗതികമോ ആയ സന്ദേശങ്ങളൊന്നും ഈ കുടുംബനാഥന്റെ ചെവിയിലൂടെ തരിമ്പും കടന്നില്ലല്ലോ എന്ന് ആലോചിച്ചുപോയി. പ്രകൃതി വഴി അല്ലാഹു നല്‍കുന്ന സന്ദേശങ്ങളെ പണം കൊണ്ട് നേരിടുകയാണ് അയാള്‍. ഏതു പ്രതിസന്ധിയിലും ധൂര്‍ത്ത് കൈവിടാന്‍ അയാള്‍ ഒരുക്കമല്ല.
ഈ കാഴ്ച കൂട്ടിക്കൊണ്ടുപോയത് നബി (സ) തിരുമേനിയിലേക്കാണ്. ഒരിക്കല്‍ സഅ്ദ് (റ) എന്ന സ്വഹാബി നമസ്‌കാരത്തിനു വേണ്ടി വുളൂഅ് ചെയ്യുന്നത് നബിയുടെ ശ്രദ്ധയില്‍പെട്ടു. ആത്മീയ ഔന്നിത്യം എമ്പാടുമുള്ള ആ സ്വഹാബി ഓരോ അവയവങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കഴുകുകയായിരുന്നു. ഒരുപാട് വെള്ളം ഉപയോഗിച്ച് ആവശ്യത്തിലധികം പ്രാവശ്യം ഇങ്ങനെ ചെയ്യുന്നതു കണ്ട നബി തിരുമേനി അസ്വസ്ഥനായി. നബി ചോദിച്ചു: ‘എന്തൊരു ദുര്‍വ്യയമാണിത് സഅ്ദ്?’. നബിയുടെ ഇടപെടല്‍ സഅ്ദി(റ)നെ ഉണര്‍ത്തി. നിഷ്‌കളങ്കമായ ഒരു പ്രകോപനമായിരുന്നു അതദ്ദേഹത്തിലുണ്ടാക്കിയത്. അദ്ദേഹം ചോദിച്ചു: ‘നബിയേ, വുളൂവിലും ദുര്‍വ്യയമുണ്ടോ?’. ഒരു ആരാധനയുടെ മുന്നൊരുക്കവും ഭാഗവും ആയതിനാല്‍ എത്ര അധികം ചെയ്യുന്നുവോ അത്രയും അത് നന്നായിരിക്കുകയാകുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അത് നബി (സ) തിരുത്തി. നബി (സ) പറഞ്ഞു: ‘ഉണ്ട്, നീ ഒരിക്കലും ദുര്‍വ്യയം ചെയ്യരുത്, ഒലിക്കുന്ന പുഴയില്‍ നിന്നാണ് നീ വുളൂഅ് ചെയ്യുന്നതെങ്കിലും’. (അഹ്മദ്)
ധൂര്‍ത്തും ദുര്‍വ്യയവും ഇസ്‌ലാം കണിശമായി താക്കീതു ചെയ്യുന്ന സ്വഭാവങ്ങളാണ്. അവയോട് അല്ലാഹുവിനുള്ള കഠിനമായ അനിഷ്ടം പല സൂക്തങ്ങളുടെയും വാക്കുകള്‍ക്കിടയില്‍ കാണാം. ഉദാഹരണമായി അല്ലാഹു പറയുന്നു: ‘നീ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടുകാര്‍ തന്നെയത്രെ’ (ഇസ്‌റാഅ്: 27) ദുര്‍വ്യയം ചെയ്യുന്നവരെ പിശാചിന്റെ കൂട്ടുകാര്‍ എന്നാണ് അല്ലാഹു വിളിച്ചിരിക്കുന്നത്. പിശാചിന്റെ ഏറ്റവും വലിയ സ്വഭാവം ദൈവത്തേയും ദൈവാനുഗ്രഹങ്ങളേയും നിഷേധിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുക എന്നതാണ്. ധൂര്‍ത്തും ദുര്‍വ്യയവും ചെയ്യുന്നവനും സത്യത്തില്‍ ഇതുതന്നെയാണ് ചെയ്യുന്നത്. കാരണം അല്ലാഹു തന്ന, തരുന്ന അനുഗ്രഹങ്ങളെ അനാവശ്യമായും നിഷ്ഗുണമായും ഉപയോഗിച്ച് കളയുക എന്നതാണല്ലോ ഇവിടെ മനുഷ്യന്‍ ചെയ്യുന്നത്. ഇത് അനുഗ്രഹങ്ങളെയും അനുഗ്രഹിച്ചവനെയും നിഷേധിക്കുന്നതിനു തുല്യമാണ്. ആയത്തിന്റെ അവസാന ഭാഗത്ത് ‘പിശാച് തന്റെ നാഥനോട് നിഷേധം പുലര്‍ത്തുന്നവനാണ്’ എന്നുകൂടി പറയുന്നത് ചേര്‍ത്തുവായിക്കുമ്പോള്‍ ഈ ആശയം വ്യക്തമാകും. ഇസ്‌ലാമിന്റെ മഹത്തായ ദൗത്യങ്ങള്‍ പരിചയപ്പെടുത്തി കൊണ്ട് നബി(സ) പറയുന്ന ഹദീസില്‍ കാണാം: ‘അവന്‍ അടിസ്ഥാനരഹിതങ്ങളായ വര്‍ത്തമാനങ്ങളെയും അനാവശ്യവും അമിതവുമായ ചോദ്യങ്ങളെയും ധനം വെറുതെ പാഴാക്കിക്കളയുന്നതിനെയും വെറുക്കുന്നു’ എന്ന്. (മുസ്‌ലിം).
ധൂര്‍ത്തും ദുര്‍വ്യവും നിഷിദ്ധമാകുവാനുള്ള മറ്റൊരു കാരണം അത് അന്യരുടെ അവകാശങ്ങളെ കവരുന്നു എന്നതാണ്. ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും വേണ്ടി സ്രഷ്ടാവ് കനിയുന്നതാണ് അനുഗ്രഹങ്ങളെല്ലാം. അതില്‍ വെള്ളം പോലെ പൊതുവായവയിലെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ കൂടിക്കിടപ്പുണ്ട്. ആകാശമേലാപ്പ് തുറന്ന് ഈ അനുഗ്രഹങ്ങളെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുകയാണ് സ്രഷ്ടാവ് ചെയ്യുന്നത്. വിധിപോലെ അതിന്റെ പങ്ക് ഓരോരുത്തരിലും എത്തിച്ചേരുന്നു. ഓരോരുത്തര്‍ക്കും ലഭിക്കുന്നതില്‍ ഏറ്റവ്യത്യാസങ്ങളുണ്ടാവാം. കൂട്ടത്തില്‍ വലുതും അധികവും ലഭിച്ചവരോട് ലഭിക്കാത്തവര്‍ക്കും മതിയാകാത്തവര്‍ക്കും നല്‍കുവാന്‍ അല്ലാഹു ആവശ്യപ്പെടുന്നു. അതവര്‍ നല്‍കുവാനും വകവെച്ചുകൊടുക്കുവാനും തയ്യാറാവുന്നുണ്ടോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു പൊതുവിതരണം നടത്തുന്നത്. തനിക്കു ലഭിച്ചതില്‍ നിന്ന് ലഭിക്കാത്തവര്‍ക്കും മതിയാവാത്തവര്‍ക്കും കൊടുക്കാന്‍ താന്‍ ധാര്‍മ്മികമായി ബാധ്യസ്ഥനാണ് എന്ന് തിരിച്ചറിയുകയും അങ്ങനെ നല്‍കുകയും ചെയ്യുന്നവര്‍ ഈ പരീക്ഷയില്‍ ജയിക്കുന്നു. അല്ലാത്തവര്‍ പരാചയപ്പെടുന്നു. ദുര്‍വ്യയം ചെയ്യുന്നവര്‍ ധാര്‍മ്മികമായി പരാചയപ്പെടുന്നത് ഇങ്ങനെയാണ്. കാരണം അവര്‍ തങ്ങളുടെ അഹങ്കാരവും ആഢംബര ഭ്രമവും കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുകയാണ്. ഇത് അക്രമമാണ്.
ധൂര്‍ത്തും ദുര്‍വ്യവും തികച്ചും നിരര്‍ഥകങ്ങളാണ് എന്നതുകൂടി ഇവയെ നിഷിദ്ധമാക്കുന്നതിനു പിന്നിലുണ്ട്. കാരണം ധൂര്‍ത്തും ദുര്‍വ്യയവും വെറും പ്രകടനപരതക്കുവേണ്ടി മാത്രമുള്ളതാണ്. ഒരാള്‍ തന്റെ ആവശ്യം നിറവേറ്റുന്നതിനുവേണ്ടി ഏത് അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുന്നതും ധൂര്‍ത്തല്ല. മറിച്ച് യാതൊരു ആവശ്യവുമില്ലാതെ സ്വത്തും അനുഗ്രഹങ്ങളും വെറുതെ പാഴാക്കിക്കളയുന്നതാണ് ധൂര്‍ത്തിന്റെ പരിധിയില്‍ വരുന്നത്. ഇങ്ങനെ ചെയ്യുന്നതാവട്ടെ മറ്റുള്ളവരെ കാണിക്കാനും മറ്റുള്ളവരുടെ മുമ്പില്‍ ഒന്ന് മാറുവിരിക്കാനും വേണ്ടി മാത്രമുള്ളതാണ്. ഉദാഹരണമായി ഒരു വലിയ വീടെടുക്കാം. കൂട്ടുകുടുംബങ്ങളില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെടണം എന്നാഗ്രഹിക്കുന്ന ഒരാള്‍ക്ക് തന്റെ കൊച്ചുകുടുംബവുമായി കഴിയാന്‍ വേണ്ട അത്ര പോന്ന വീടല്ല അയാളുണ്ടാക്കുന്നത്. ആവശ്യമില്ലാതെ ഒരു പാട് റൂമുകള്‍ കൂട്ടിച്ചേര്‍ത്ത് വലിയ ഒരു കൊട്ടാരം തന്നെ നിര്‍മ്മിക്കുന്നു. അയാള്‍ നിര്‍മ്മിക്കുന്ന റൂമുകള്‍ കൊണ്ട് അയാള്‍ക്ക് മറ്റുള്ളവരുടെ മുമ്പില്‍ മാറുവിരിക്കാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല. വീടിനെ മോടി പിടിപ്പിക്കാന്‍ വേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഈ ലക്ഷങ്ങളും മറ്റുള്ളവരുടെ കണ്ണുകളെ ആനന്ദിപ്പിക്കുകയോ അസൂയപ്പെടുത്തുകയോ ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ്. വീടിനുള്ളില്‍ നിരത്തുന്ന ഫര്‍ണിച്ചറുകളുടെ കാര്യവും തഥൈവ. വില കൂടിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അത് മനസ്സമാധാനത്തിനെങ്കിലും ഉപകാരപ്പെടുമെങ്കില്‍ ആ ഒരു അര്‍ഥമെങ്കിലും ഉണ്ടായിരുന്നേനെ. സ്വന്തമോ കുടുംബാംഗങ്ങളുടെയോ ശരീരത്തിനോ മനസ്സിനോ യാതൊരു ഗുണവും പകരുന്നില്ലാത്ത ഈ ഗേഹങ്ങള്‍ വെറും പ്രകടനപരതയുടെ മാത്രം സിംബലുകളായി മാറുകയാണ്. വീട് ഒരു ഉദാഹരണം മാത്രം. ആഭരണങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുകയാണ്.
ധൂര്‍ത്തും ദുര്‍വ്യയവും മനുഷ്യനെ ദൈവ നിന്ദയിലേക്കും ശാപ കോപങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു എന്നതിന് ഖുര്‍ആന്‍ പറഞ്ഞുതരുന്ന ചരിത്രമാണ് ആദ്, സമൂദ്, ഫറോവന്‍ ജനതകളുടേത്. ആരോഗ്യവും സാമ്പത്തികാഭിവൃദ്ധിയും അധികാരവും എമ്പാടുമുണ്ടായിരുന്ന അവര്‍ ധൂര്‍ത്തന്മാരും അഹങ്കാരികളുമായി മാറി. പാറകള്‍ തുരന്നും വലിയ സ്തൂപങ്ങള്‍ ഉയര്‍ത്തിയും വലിയ വീടുകളുണ്ടാക്കിയ ആ ജനത തങ്ങളുടെ ധൂര്‍ത്തിലൂടെ അഹങ്കാരത്തിലേക്കും അതുവഴി ദൈവ നിന്ദയിലേക്കും എത്തിപ്പെട്ടു. കടുത്ത കൊടുങ്കാറ്റ് കൊണ്ടൂം പ്രകൃതിക്ഷോഭം കൊണ്ടും അവരെകൊണ്ട് അല്ലാഹു അതിനു വില നല്‍കിച്ചു എന്നത് അല്‍ ബലദ്, അല്‍ ഹാഖ, അല്‍ ഫജ്ര്‍ തുടങ്ങിയ സൂറകളില്‍ പറയുന്നുണ്ട്. അന്ത്യനാള്‍ വരേക്കും നിലനില്‍ക്കുന്ന ഖുര്‍ആനില്‍ പറഞ്ഞു എന്നതിനുമപ്പുറം സിറിയയിലെ പെട്രാ മുതല്‍ സഊദിയിലെ തബൂക്ക് വരേയുള്ള പ്രദേശങ്ങളില്‍ ആ ദുരന്തത്തിന്റെ ബാക്കിചിത്രങ്ങള്‍ നമുക്കിപ്പോഴും കാണാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.