Connect with us

Sports

കവാനി ഒഴിച്ചിട്ട ശൂന്യത; കാന്റെ നടന്നു തീര്‍ത്ത ദൂരങ്ങള്‍

Published

on

ഉറുഗ്വേ 0 ഫ്രാന്‍സ് 2

എഡിന്‍സന്‍ കവാനി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ തന്നെ ഉറുഗ്വേ ഫ്രാന്‍സ് മാച്ചിന്റെ വിധി മുന്‍കൂട്ടിക്കണ്ട അനേകരിലൊരാളായിരുന്നു ഞാനും. മുനയില്ലാത്ത വാരിക്കുന്തം കൊണ്ട് ഫ്രാന്‍സിന്റെ എല്ലാ സജ്ജീകരണങ്ങളുമുള്ള സൈന്യത്തെ ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതുണ്ടായില്ല. പ്രതീക്ഷിച്ചതിനപ്പുറമൊന്നും സംഭവിച്ചതുമില്ല. സെമിയില്‍ വാശിയേറിയ ഒരു ഹൈവോള്‍ട്ടേജ് മത്സരത്തിനുള്ള കളമൊരുക്കി എന്നതിലാണ് ഇന്ന് ഫ്രാന്‍സ് ജയിച്ചതിലുള്ള എന്റെ സന്തോഷം.

442 പദ്ധതിയില്‍ ലൂയിസ് സുവാരസിനൊപ്പം ആക്രമണത്തിനുണ്ടായിരുന്ന ക്രിസ്റ്റ്യന്‍ സ്റ്റുവാനി, ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍ എന്ന പദത്തിന്റെ നേര്‍രൂപമായ കവാനിക്ക് ഒരുനിലക്കും പകരക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെ കളി ചൂടുപിടിച്ചപ്പോള്‍ തന്നെ മധ്യനിരയുടെ നിയന്ത്രണമേറ്റെടുക്കാന്‍ ഫ്രാന്‍സിന് അനായാസം കഴിഞ്ഞു. മധ്യനിര അടക്കിവാണും എംബാപ്പെക്കും ഗ്രീസ്മനും തൊലിസ്സോക്കും നിരന്തരം പന്തെത്തിച്ചും അവര്‍ ഭീഷണിയുയര്‍ത്തി. ആദ്യ കാല്‍മണിക്കൂര്‍ പിന്നിട്ടയുടന്‍ ഗിറൂദ് ഹെഡ്ഡ് ചെയ്തു നല്‍കിയ പാസ് കാത്തുനിന്ന് നിലത്തിറക്കുന്നതിനു പകരം ഹെഡ്ഡ് ചെയ്യാനുള്ള എംബാപ്പെയുടെ തീരുമാനം പാളിയത് ഉറുഗ്വേക്ക് ആശ്വാസമായെങ്കിലും അത് മൈതാനത്ത് നടക്കുന്നത് എന്തൊക്കെയാണെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. അപകടകാരിയായ എംബാപ്പെ ബോക്‌സില്‍ ഫ്രീയായി നില്‍ക്കുകയെന്നാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ: ഈ പ്രതിരോധം കുറ്റമറ്റതല്ല. എന്നിട്ടും, എംബാപ്പെയുടെ കുതറിയോട്ടങ്ങളെ ഒരുപരിധി വരെ പ്രതിരോധിക്കാന്‍ ആകാശനീലക്കാര്‍ക്കു കഴിഞ്ഞു. ഒരു ഘട്ടത്തില്‍ അയാളുടെ വേഗതക്കു മുന്നില്‍ സ്വന്തം ടീമംഗങ്ങള്‍ വരെ തോല്‍ക്കുന്നതും കണ്ടു.

ദെഷാംപ്‌സിന്റെ പദ്ധതികളുടെ ആത്മാവായ എന്‍ഗോളോ കാന്റെ പോള്‍ പോഗ്ബ ദ്വയം മധ്യത്തിലുള്ളതിനാലും വെച്ചിനോയും ഹിമനസും ഡീപ്പായി കളിക്കുന്നതിനാലും നേരേ ചൊവ്വേ ബോക്‌സിലേക്ക് ആക്രമണം നയിക്കാന്‍ ഉറുഗ്വേക്ക് തീരുമാനമുണ്ടായിരുന്നില്ല. അവര്‍ നാന്റെസ് സുവാരസ് വഴി വലതുവശത്തു കൂടിയും ബെന്റങ്കൂര്‍ സ്റ്റുവാനി വഴി ഇടതുവശത്തു കൂടിയും ഗോള്‍ ലക്ഷ്യം വെച്ചു കളിച്ചു. നാന്റസ് വലതുവശത്തു നിന്ന് തൊടുക്കുന്ന ക്രോസുകള്‍ ബോക്‌സില്‍ വെച്ച് നിര്‍വീര്യമാക്കപ്പെടുമ്പോള്‍ കവാനിയുടെ അസാന്നിധ്യം തെളിഞ്ഞു കണ്ടു. ലക്ഷണമൊത്ത കൂട്ടാളികളില്ലാതെ ലൂയിസ് സുവാരസിന് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഫ്രാന്‍സിന്റെ ആദ്യഗോളിലെ പകുതി മാര്‍ക്കും ഗ്രീസ്മന്റെ ലളിതമായ സാമര്‍ത്ഥ്യത്തിനു നല്‍കണം. ഫ്രികിക്ക് ചെയ്യാന്‍ വരുമ്പോള്‍ വെറുതെ ഒന്നോങ്ങി അയാള്‍ ഉറുഗ്വേ ഡിഫന്‍സിനെ കാറ്റത്തെ നെല്‍ച്ചെടി പോലെ ചായ്ച്ചു. അവിടെ രൂപപ്പെട്ട ഗ്യാപ്പിലേക്കാണ് വരാന്‍ നീങ്ങിച്ചെന്നതും ഗ്രീസ്മന്‍ പന്ത് കൃത്യമായി എത്തിച്ചതും. ആ ഹെഡ്ഡര്‍, ഒരു നിമിഷാര്‍ധം മുമ്പോ ശേഷമോ ആയിരുന്നെങ്കില്‍ പ്രതിരോധക്കാരന്റെ തലയില്‍ തട്ടി ഉയരേണ്ടതായിരുന്നു.

രണ്ടാം ഗോളിന് മുസ്‌ലേരയുടെ പിഴവിനെ പഴിചാരാം എന്നേയുള്ളൂ. ബോക്‌സിന്റെ പരിസരത്ത് അത്ര ഫ്രീയായി ഒരു ലോകോത്തര താരം തൊടുക്കുന്ന ഷോട്ട് പിടിച്ചെടുക്കുക എന്നത് ഒരു ഗോള്‍കീപ്പര്‍ക്കും എളുപ്പമല്ല. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലുണ്ടായ പിഴവാണ് മുസ്‌ലേരയെക്കൊണ്ട് ആ പിഴവ് വരുത്തിച്ചത്. പന്ത് പിടിച്ചെടുക്കാനാണ് അയാളാദ്യം തീരുമാനിച്ചത്. പക്ഷേ, വിചാരിച്ച ഗതിയിലല്ല വരവെന്ന് കണ്ടതോടെ നിമിഷാര്‍ധം കൊണ്ട് തീരുമാനം മാറ്റുകയും തട്ടിയകറ്റാന്‍ നോക്കുകയും ചെയ്തു. പക്ഷേ, ഗ്രീസ്മന്‍ തൊടുത്ത ഷോട്ടിന്റെ വേഗത ചതിച്ചു. ഔട്ട്ഫീല്‍ഡ് കളിക്കാരുടെ പിഴവുകള്‍ ആരാധകര്‍ പെട്ടെന്നു മറക്കും; അവര്‍ സൃഷ്ടിക്കുന്ന അത്ഭുത നിമിഷങ്ങള്‍ അവര്‍ എന്നും ഓര്‍ത്തുവെക്കുകയും ചെയ്യും. ഗോള്‍കീപ്പര്‍മാരുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. ഗോള്‍ നേടുന്നതിനോളം വലിയ കാര്യം തന്നെയാവും അവരുടെ പല സേവുകളും. പക്ഷേ, അവര്‍ ഓര്‍മിക്കപ്പെടുക ഇന്ന് മുസ്‌ലേരയും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലോറിസ് കറിയസുമൊക്കെ വരുത്തിയതു പോലുള്ള പിഴവുകളുടെ പേരിലാവും.

എന്‍ഗോളോ കാന്റെയെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. എന്തൊരു ജന്മമാണ് അയാളുടേത്! ടാക്ലിങ്ങുകളിലും ഇന്റര്‍സെപ്ഷനിലും റിക്കവറിയിലും അയാള്‍ ഇന്നും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. കാന്റെയുടെ കാലില്‍നിന്നു പുറപ്പെടുന്ന 50:50 ചാന്‍സുള്ള പാസുകള്‍ പോലും വിഫലമാകുന്നതു കണ്ടില്ല. കുഷ്യന്‍ ലഭിച്ചപ്പോള്‍ അയാള്‍ ഒരു സ്‌റ്റെപ്പ് കയറിക്കളിച്ചതാണ് ഉറുഗ്വേയുടെ പ്രത്യാക്രമണ സാധ്യതകള്‍ പോലും വിഫലമാക്കിയത്. ക്ഷണവേഗത്തില്‍ കളിയുടെ ഗതിമാറ്റി വിടുന്ന അയാള്‍ക്ക് തുല്യനായി ലോകഫുട്‌ബോളില്‍ ഇന്നൊരു കളിക്കാരനുമില്ല. ഇന്നത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചിനെ തീരുമാനിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നെങ്കില്‍ ഒരു സന്ദേഹവുമില്ലാതെ ഞാന്‍ കാന്റെയെ തെരഞ്ഞെടുക്കുമായിരുന്നു.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.