Connect with us

Culture

സോഷ്യല്‍മീഡിയ കാലത്തെ സി.പി.എം ബിംബങ്ങള്‍

Published

on

വാസുദേവന്‍ കുപ്പാട്ട്

ക്ഷേത്രാരാധന ഉള്‍പ്പെടെ ഒരുതരം ആരാധനയും വെച്ചുപൊറുപ്പിക്കാത്ത പാര്‍ട്ടിയാണ് സി. പി.എം. ബിംബാരാധനയുടെ കാര്യം പിന്നെ പറയാനുമില്ല. നാട്ടുകാരും പാര്‍ട്ടി ബന്ധുക്കളും അറിയാതെ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയ നേതാവിന്റെ കാര്യം നമുക്ക് ഓര്‍മയുണ്ട്. എത്ര പൂമൂടിയാലും രക്ഷ കിട്ടാത്ത അവസ്ഥയിലാണ് അദ്ദേഹമെന്ന് ശത്രുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ. ബിംബാരാധനയിലേക്ക് വരാം.

ആരാധനയും വ്യക്തിപൂജയും പാര്‍ട്ടിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. സാക്ഷാല്‍ ഇ.എം.എസിനെ വരെ വിമര്‍ശനബുദ്ധിയോടെ സമീപിച്ച പാര്‍ട്ടി അദ്ദേഹത്തെയും അതിരുവിട്ട് ആരാധിച്ചിട്ടില്ല. എ.കെ.ജി, ഇ.കെ നായനാര്‍ തുടങ്ങിയ ജനകീയ നേതാക്കളും പാര്‍ട്ടിയുടെ കീഴില്‍ നിന്നാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ എന്ന ദുര്‍ഭൂതം പാര്‍ട്ടിയെയും ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തനം വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ഒതുങ്ങുന്ന ഇക്കാലത്ത് ആരാധനയുടെ കാര്യം പറയാനുണ്ടോ എന്നാണ് പാര്‍ട്ടി ബന്ധുക്കളുടെ ചോദ്യം.


പറഞ്ഞുവന്നത് പാര്‍ട്ടിയേക്കാള്‍ വളര്‍ന്നുപോകുന്ന ഒരു നേതാവിന്റെ കാര്യമാണ്. അത് മറ്റാരുമല്ല. പി. ജയരാജന്‍ തന്നെ. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും പി. ജയരാജന്റെ രാഷ്ട്രീയമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല അല്‍പം കൂടിയിട്ടേയുള്ളുവെന്നാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. കണ്ണൂരിന്റെ പൊന്നോമന പുത്രനായ ജയരാജനെ അണികളും ആരാധകരും എങ്ങനെയെല്ലാം പൂജിക്കുന്നില്ല! സാക്ഷാല്‍ ശ്രീകൃഷ്ണന്റെ അവതാരം എന്നുവരെ പറഞ്ഞുകളഞ്ഞില്ലേ സഖാക്കള്‍.

ആര്‍.എസ്.എസ് സംഘം ശ്രീകൃഷ്ണാഷ്ടമി മഞ്ഞ പട്ടുടുത്ത് ആഘോഷിക്കുമ്പോള്‍ നമുക്കും വേണം അത്തരത്തിലൊന്ന് എന്ന് തീരുമാനിച്ച നേതാവാണ് ജയരാജന്‍. പിന്നെ താമസിച്ചില്ല. കണ്ണൂര്‍ തെരുവോരങ്ങളില്‍ സി.പി.എം വക ജന്മാഷ്ടമി ആഘോഷം അരങ്ങേറി. അങ്ങനെയെല്ലാമാണ് ജയരാജന്‍ സഖാക്കളുടെ ഒറ്റച്ചങ്കായി മാറിയത്. അതുകൊണ്ടുതന്നെ ഇരട്ടചങ്കിന് ഇവിടെ സ്ഥാനമില്ല. പാര്‍ട്ടിക്കുവേണ്ടി പട നയിച്ച് നിരവധി കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയവനാണ് ജയരാജന്‍. അതിന് ത്യാഗം എന്നാണ് പാര്‍ട്ടി ഭാഷയില്‍ പറയുക. ജയരാജന്‍ അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് എന്നൊക്കെ എതിരാളികള്‍ പറയും.

അതാരും കണക്കിലെടുക്കേണ്ട. ഏതക്രമം കാണിച്ചും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കൂട്ടം അനുയായികളും ആരാധകരും ഉണ്ടാവുക സ്വാഭാവികം. ജയരാജേട്ടന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ശ്രീകൃഷ്ണന്‍ ആയുധമെടുത്തില്ല. അര്‍ജ്ജുനനെക്കൊണ്ട് ആയുധമെടുപ്പിച്ചു. കൗരവരോട് യുദ്ധം ചെയ്യിപ്പിച്ചു. ഒടുവില്‍ എന്തുണ്ടായി. ഭീഷ്മര്‍ ഉള്‍പ്പെടെയുള്ള കൗരവപ്പടയെ പാണ്ഡവന്മാര്‍ തറപറ്റിച്ചു.

അതുപോലെയാണ് ജയരാജന്‍. അങ്ങനെയുള്ള ജയരാജനെ പാര്‍ട്ടി എതിരാളികള്‍ക്ക് വിട്ടുകൊടുക്കാന്‍ സഖാക്കള്‍ക്ക് സാധിക്കില്ല. അവര്‍ ജയരാജന്‍ സഖാവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. അതിന് ആരും കണ്ണുരുട്ടിയിട്ട് കാര്യമില്ല. പി.ജെ ആര്‍മി ഇവിടെ വാഴുക തന്നെ ചെയ്യും.
ചെ ഗുവേരയുടെയും ഫിഡല്‍ കാസ്‌ട്രോയുടെയും മറ്റും ഓര്‍മകള്‍ ഇരമ്പാന്‍ സമയമായി. അവരുടെ പട്ടാളക്കുപ്പായങ്ങളോട് ചേര്‍ത്തുവെക്കാവുന്ന ഒരു കുപ്പായം ജയരാജനെ അണിയിക്കണം. അതാണ് പി.ജെ ആര്‍മിയുടെ ഉള്ളിലിരിപ്പ്. സഖാവ് പിണറായി വിജയന് ഇതില്‍ കാര്യമില്ല. സഖാവ് നാടു ഭരിക്കട്ടെ. കണ്ണൂരിലെ പാര്‍ട്ടി ഭരിക്കാന്‍ വരേണ്ട. അതിന് പി.ജെ ആര്‍മിയുണ്ട്.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് വെറുതെയിരിക്കാന്‍ സാധിക്കുമോ? പാര്‍ട്ടി തത്വശാസ്ത്രത്തേക്കാള്‍ വളര്‍ന്ന ഒരു നേതാവിനെ എന്തുചെയ്യും. ആരാധനയുടെ രൂപവും സ്വഭാവവും ഒന്നു നിയന്ത്രിക്കുക തന്നെ. അതാണ് പിണറായി ചെയ്തത്. ഇത്തരം ബിംബാരാധന ഇവിടെ പറ്റില്ല എന്ന് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പാര്‍ട്ടിയാണ് വലുത്. നേതാവല്ല എന്ന് കട്ടായമായി പറഞ്ഞു. ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും എടുത്തുമാറ്റാന്‍ നിര്‍ദേശം നല്‍കി. ജയരാജന്റെ അപ്രമാദിത്വം അംഗീകരിക്കാന്‍ പറ്റില്ലെന്ന് പിണറായി പരസ്യമായി പറഞ്ഞു. അഥവാ പറയാതെ പറഞ്ഞു. എന്നിട്ടെന്ത്? സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തിന് ഒട്ടും കുറവില്ല. ഒടുവില്‍ ജയരാജന്‍ തന്നെ മട്ടുപ്പാവിലെത്തി ആരാധകരോട് അപേക്ഷിച്ചു എന്നെ ആരാധിക്കുന്നതിന്റെ കടുപ്പം ഒന്നു കുറക്കൂ പ്ലീസ്… അതും ഏറ്റിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പി.ജെയെ ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ഒരു കുറവും വരുത്തില്ല എന്നാണ് കണ്ണൂര്‍ സഖാക്കളുടെ നിലപാട്. ഇതെല്ലാം കണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തട്ടിയെടുത്ത എം.വി ജയരാജന്‍ മൂക്കത്ത് വിരല്‍വെക്കുന്നു. ഇതിന്റെയെല്ലാം മുന്നില്‍ ഞാനാര്? മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ ഇ.പി ജയരാജനാവട്ടെ ഇതൊന്നും ഞാന്‍ കണ്ടില്ല, കേട്ടില്ല എന്ന മട്ടില്‍ നടക്കുകയാണ്.


പി.ജെ ആര്‍മി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പാര്‍ട്ടിഗ്രാമങ്ങളില്‍നിന്ന് നീക്കിതുടങ്ങി. പ്രാദേശിക നേതൃത്വം ഇടപെട്ടാണ് ബോര്‍ഡുകള്‍ മാറ്റിയത്. എന്നാല്‍, പി. ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇപ്പോഴും അവിടെയുണ്ട്. അത് മാറ്റാന്‍ സാധിച്ചിട്ടില്ല. ജയരാജ സ്തുതികളുമായി അത്തരം ബോര്‍ഡുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പുതിയ ബോര്‍ഡുകള്‍ മാറ്റിയിട്ട് എന്തുകാര്യം എന്നാണ് പാര്‍ട്ടിയിലെ ചിലര്‍ ചോദിക്കുന്നത്. അതിനിടെ ഫെയ്‌സ്ബുക്ക് പേജിന്റെ പേര് മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ഇത്തരമൊരു നിര്‍ദേശം പി. ജയരാജനില്‍ നിന്നുതന്നെയാണത്രെ ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് ഏകാഭിപ്രായമില്ല. ചിലര്‍ പഴയ പേരില്‍ തന്നെ തുടരണം എന്നു പറയുന്നു. ചിലര്‍ പേര് മാറ്റണമെന്ന ജയരാജന്റെ ഇംഗിതം നടക്കട്ടെ എന്ന് കരുതുന്നു. ഏതായാലും ഫെയ്‌സ്ബുക്ക് തീരെ വേണ്ട എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യല്‍മീഡിയയെ അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് സോഷ്യലിസ്റ്റ് സന്ദേശം വഹിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ഏതായാലും അറിയാം.
അതിനിടെ ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി കരന്യൂസ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണത്രെ ടിയാനെ വടകരയില്‍ മത്സരിപ്പിച്ചത്. എങ്ങാനും പാര്‍ലമെന്റില്‍ പോയി തുലയട്ടെ എന്നാണ് ഇക്കൂട്ടര്‍ കരുതിയത്. എന്നാല്‍ അത് വിജയിച്ചില്ല. ജയരാജന്‍ വീണ്ടും കണ്ണൂരില്‍ പൊങ്ങി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം നേരത്തെ വിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എന്ന തിണ്ണബലത്തിലാണ് ഇപ്പോള്‍ ഇരിപ്പും നടപ്പും. അങ്ങനെ പാര്‍ട്ടിയില്‍ ഒരു അരുക്കാക്കാന്‍ ചിലര്‍ നടത്തിയ കുത്സിതശ്രമം സഖാവ് ജയരാജന്‍ തിരിച്ചറിയുന്നുണ്ട്.

അതിനുള്ളമറുമരുന്നാണോ ആരാധകര്‍ ഫെയ്‌സ്ബുക്ക് വഴി തയാറാക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്.
ഏതായാലും കണ്ണൂര്‍ പാര്‍ട്ടിക്കകത്ത് ജയരാജനിസവും ജയരാജനല്ലാത്ത ഇസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കാലത്ത് പിണറായിയും കോടിയേരിയും ജയരാജന്മാരും അടക്കിവാണ കണ്ണൂര്‍ സാമ്രാജ്യത്തിന് വിള്ളല്‍ വീണിരിക്കുന്നു. വിഭാഗീയത എന്നാണ് ആ വിള്ളലിനെ വിളിക്കേണ്ട പേര്. വി.എസ് ഒതുങ്ങിയതോടെ വിഭാഗീയത അവസാനിച്ചു എന്ന് സമാധാനിച്ചിരുന്ന പാര്‍ട്ടിക്ക് പുതിയ നീക്കങ്ങള്‍ തലവേദനയാവുകയാണ്. എന്തെല്ലാം പുതിയ തര്‍ക്കങ്ങളും അസ്വസ്ഥതകളുമാണ് പ്രസ്ഥാനത്തെ പൊതിയുന്നത്? സി.ഒ.ടി നസീര്‍ വധശ്രമക്കേസ്, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ… ഇവിടെയെല്ലാം ഒരു ഭാഗത്ത് ജയരാജനുണ്ട്. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും തലശ്ശേരി എം.എല്‍.എ ഷംസീറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുകയാണ്.

ഷംസീറിന്റെ അടുത്ത അനുയായികള്‍ അറസ്റ്റിലായി. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് പ്രേരണയായത് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയുടെ കടുത്ത നിലപാടാണെന്ന് വ്യക്തമായിരിക്കുകയാണ്. ജയരാജന്റെ ശിപാര്‍ശ എത്തിയതോടെയാണത്രെ നഗരസഭ അധ്യക്ഷ ചുവപ്പ് കണ്ട കാളയെ പോലെ പ്രക്ഷുബ്ധയായത്. എന്നാല്‍ പിന്നെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന പ്രശ്‌നമേയില്ല എന്നാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. സി.പി. എം ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള ടീച്ചര്‍ക്ക് ഈ സംഭവത്തില്‍ പിഴവ് പറ്റിയെന്ന് പി. ജയരാജന്‍ ഉറപ്പിച്ചുപറയുമ്പോള്‍ നഗരസഭ അധ്യക്ഷയെ തൊടാന്‍ പറ്റില്ലെന്നാണ് പിണറായി പറയുന്നത്. ഒരു കാര്യം ഉറപ്പാണ്. പി. ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയില്‍ കൂട്ടായ ശ്രമം തുടങ്ങിയിട്ട് ഏറെയായി. പിണറായിയും കോടിയേരിയും മറ്റു ജയരാജന്മാരും പി.ജെയെ ഒതുക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ് എന്നുവേണം കരുതാന്‍.


പാര്‍ട്ടിയുടെ ശാക്തിക ചേരിയായിരുന്ന കണ്ണൂര്‍ ലോബി പുതിയ സമവാക്യങ്ങള്‍ തേടുകയാണ്. പി.ജെയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജയരാജന് പക്ഷേ അണികളുണ്ട്. ആരാധകരും കുറവല്ല. തെരുവിലെ ഫ്‌ളക്‌സുകള്‍ പാര്‍ട്ടി അധികാരം ഉപയോഗിച്ച് നീക്കം ചെയ്യാം. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ തരംഗങ്ങളെ എങ്ങനെ പ്രതിരോധിക്കും. സാക്ഷാല്‍ ജയരാജന്‍ പറഞ്ഞിട്ടുപോലും ആരാധകര്‍ അടങ്ങുന്നില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ പറഞ്ഞിട്ട് എന്തുകാര്യം.

അതിനിടയിലാണ് ബിനോയി കോടിയേരിയുടെ വിഷയം കത്തിപടരുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ പോലും പുറത്തുകടക്കാതെ സൂക്ഷിച്ചുവെച്ച ബിനോയി വിഷയം ഇപ്പോള്‍ പുറത്തുവന്നതിന്റെ പിന്നില്‍ ആരായിരിക്കും എന്ന അന്വേഷണവും പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഭാവിയില്‍ അതും പി.ജെയുടെ നേരെ വന്നു കൂടായ്കയില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം ഇരുത്തി ചിന്തിപ്പിക്കേണ്ട നിര്‍ണായക സന്ധിയില്‍ തന്നെയാണ് വിഭാഗീയതയുടെ പുതിയ അവസ്ഥകള്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. വരുംനാളുകളില്‍ പാര്‍ട്ടി ഇതിനെ എങ്ങനെ നേരിടും എന്നാണ് ഇനി അറിയാനുള്ളത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.