Connect with us

Video Stories

ഒരടയാളവും ബാക്കിവെക്കാതെ ജീവിതത്തോട് വിട പറയുകയോ

Published

on

പി.മുഹമ്മദ് കുട്ടശ്ശേരി

അമൂല്യവും അതേ അവസരം ഹ്രസ്വവുമായ ഈ ജീവിതം തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ധനം സമ്പാദിക്കുകയും ചെയ്തങ്ങനെ സുഖാനുഭൂതികളില്‍ രമിച്ച് തീര്‍ക്കാനുള്ളതാണോ? അങ്ങനെ ചിന്തിക്കുന്നവര്‍ ജീവിതത്തിന്റെ അര്‍ത്ഥവും മഹത്വവും മനസിലാക്കാത്ത ബുദ്ധി ശൂന്യരാണ്. പ്രസിദ്ധ പണ്ഡിതന്‍ ഇമാം ഇബ്‌നുല്‍ ജൗസിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ: ‘സ്ത്രീകളുമായി ശാരീരിക വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ അല്‍പ്പ നേരത്തെ സുഖം അനുഭവപ്പെടുന്നു. അത് അവസാനിക്കുമ്പോള്‍ ശരീരത്തിന് തളര്‍ച്ച തോന്നുകയും ചെയ്യുന്നു. ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിക്കുന്ന ധനം നഷ്ടപ്പെടുമോ എന്ന് ഭയന്ന് എപ്പോഴും അതിന് കാവലിരിക്കണം. കുറച്ചു നേടിയാല്‍ പിന്നെയും കിട്ടണമെന്ന മോഹം. വിശക്കുമ്പോള്‍ കിട്ടുന്ന ആഹാരം എത്ര മോശപ്പെട്ടതാണെങ്കിലും രുചിയുള്ളതായി അനുഭവപ്പെടുന്നു. അധികം കഴിച്ചാലോ ആപത്തും’ ഇമാം അലിയുടെ വാക്കുകള്‍ ഇങ്ങനെ: ‘സ്ത്രീയുടെ നേരെ ഭ്രമമുണ്ടായാല്‍ ജീവിത സുഖം നശിച്ചത് തന്നെ: ദിനാറിനെയും ദിര്‍ഹമിനെയും കാമിച്ചാല്‍ ജീവിത കാലം മുഴുവന്‍ അതിന്റെ അടിമയായി കഴിയേണ്ടി വരും.’

ഈ ജീവിതത്തില്‍ മനുഷ്യന് വ്യക്തിപരമായ ഭൗതിക താല്‍പര്യങ്ങള്‍ക്കും സുഖഭോഗങ്ങള്‍ക്കുമപ്പുറം ഉയര്‍ന്ന ചിന്തയും ഉല്‍ക്കര്‍ഷ വാഞ്ഛയും അനിവാര്യമാണ്. ഇപ്പോള്‍ നിലകൊള്ളുന്ന അവസ്ഥയില്‍ സംതൃപ്തിയടയുന്നതില്‍ പരിമിതമാകാന്‍ പാടില്ല അവന്റെ ചിന്ത. ഉയരത്തിലേക്ക് കയറാനും മനുഷ്യര്‍ക്ക് തന്റേതായ സംഭാവനയര്‍പ്പിക്കാനും തയ്യാറാകണം. ഇതിന് കഠിനാധ്വാനവും നിരന്തര പരിശ്രമവും അനിവാര്യമാണ്. താനും തന്റെ കുടുംബവും വീടും സ്വത്തും എന്ന ചിന്തയില്‍ മാത്രം വ്യാപരിച്ച് ഒന്നും ചെയ്യാതെ നിഷ്‌ക്രിയനായി കഴിഞ്ഞിരിക്കാന്‍ ഒരു വിശ്വാസിക്ക് നിവൃത്തിയില്ല. ഇവിടെ പ്രസിദ്ധ പണ്ഡിതനും ആധുനിക അറബി എഴുത്തുകാരനുമായ ആഇദുല്‍ ഖര്‍നിയുടെ ഗ്രന്ഥത്തില്‍ നിന്ന് ഒരു കഥ ഉദ്ധരിക്കട്ടെ; കഴുത കുതിരയോട്: ‘താന്‍ എന്തിനിങ്ങനെ ഓടിക്കിതച്ചു ശരീരത്തെ ദണ്ഡിപ്പിക്കുന്നു. സാവധാനം സഞ്ചരിച്ചു കൂടെ’ കുതിര: ‘ഞാന്‍ ഓടുന്നത് കൊണ്ടല്ലേ രാജാക്കന്മാരും പ്രഭുക്കന്മാരുമെല്ലാം എന്റെ പുറത്ത് കയറുന്നത്. സാവധാനം സഞ്ചരിക്കുന്ന നിന്റെ പുറത്ത് വിറകും മാലിന്യക്കെട്ടുകളുമല്ലേ കയറ്റുന്നത്’ ഇതുപോലെ കഴുതപ്പുലിയും സിംഹവും തമ്മിലും ഒരു സംഭാഷണം നടന്നു. കഴുതപ്പുലി: ‘എന്റെ ഇര ഞാന്‍ കിടക്കുന്നിടത്തെത്തുന്നു. ഞാന്‍ അത് തിന്ന് തടിച്ചു കൊഴുക്കുന്നത് കണ്ടില്ലേ? നിനക്ക് ഇര കിട്ടാന്‍ എത്ര പാട് പെടണം.’ ഇതിന് മറുപടിയായി സിംഹം: ‘നീ ശവവും ജീവികളുടെ അവശിഷ്ടങ്ങളുമാണ് തിന്നുന്നത്. ഇത്തരം താണ വസ്തുക്കളെക്കൊണ്ട് നീ തൃപ്തിയടയുന്നു. ഞാനാകട്ടെ ജീവനുള്ള തടിച്ചുകൊഴുത്ത ജീവികളെ വേട്ടയാടി തിന്നുന്നു’. വിശ്വാസികള്‍ ഇങ്ങനെ കഴുതയെയും കഴുതപ്പുലിയെയും പോലെ അധമ ചിന്തയുള്ളവരാകാന്‍ പാടില്ല. മറിച്ചു കുതിരയെപ്പോലെ ഉയരത്തിനുള്ള ആര്‍ത്തിയും ഊര്‍ജ്വസ്വലതയും സിംഹത്തിന്റെ ശൗര്യവും ഉള്‍ക്കൊള്ളുന്നവരാകണം.

ഉയര്‍ന്ന ചിന്ത ഉള്ളില്‍ രൂഢമൂലമായാല്‍ അതിന്റെ മാര്‍ഗത്തില്‍ എന്ത് പ്രയാസങ്ങള്‍ സഹിക്കാനും സുഖഭോഗങ്ങള്‍ ത്യജിച്ചു കര്‍മ്മ നിരതനാകാനും മനുഷ്യന്‍ തയ്യാറാകും. ആഇദുല്‍ ഖര്‍നിയുടെ വാക്കുകള്‍: ‘അമൂല്യവും മഹത്തരവുമായ ഏത് കാര്യം സാധിക്കണമെങ്കിലും അതിന്റെ മാര്‍ഗത്തില്‍ നീണ്ട യാത്ര നടത്തുകയും കഠിനമായി അധ്വാനിക്കുകയും വേണം. അറിവാണ് ഈ ദുനിയാവില്‍ മനുഷ്യന് ആര്‍ജിക്കാനുള്ള അത്യുന്നതമായ കാര്യം’. ‘വിശ്വസിക്കുകയും അറിവ് നേടുകയും ചെയ്തവരെ ദൈവം പല ഉന്നത പദവികളിലേക്കും ഉയര്‍ത്തും’-ഖുര്‍ആന്‍. പൂര്‍വകാല പണ്ഡിതന്മാര്‍ ശേഖരിച്ച വിജ്ഞാനങ്ങളുടെ ഫലങ്ങളാണ് ഇന്നുള്ളവര്‍ അനുഭവിക്കുന്നത്. വ്യക്തി താല്‍പര്യങ്ങളും സുഖസൗകര്യങ്ങളും പരിത്യജിച്ചാണ് അവര്‍ ദീര്‍ഘസഞ്ചാരം നടത്തിയത്. ഒരു പൂര്‍വകാല മഹാപണ്ഡിതന്‍ എഴുതുകയാണ്. ‘അലീസ തിന്നാന്‍ കൊതിച്ച് ഞാന്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. കാരണം അത് വില്‍ക്കുന്ന സമയത്ത് ഞാന്‍ ഏതെങ്കിലും പണ്ഡിതന്റെ ദര്‍സിലായിരിക്കും’ വിവാഹം കഴിക്കാന്‍ തന്നെ മറന്ന പണ്ഡിതന്മാരുടെ ചരിത്രം ‘അല്‍ ഉലമാഉല്‍ അആസിബ്’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. അധ്വാനിച്ചു ധാരാളം പണമുണ്ടാക്കി ഔദാര്യത്തില്‍ പ്രശസ്തി നേടിയ പണക്കാര്‍, ജനസേവനം കൊണ്ട് മനുഷ്യ വര്‍ഗത്തെ അമ്പരപ്പിച്ചവര്‍, സത്യവും നീതിയും മുറുകെ പിടിച്ചു ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരികള്‍, മഹത്തായ സ്ഥാപനങ്ങള്‍ നിര്‍മിച്ചവര്‍, ദൈവാരാധന പോലെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാക്കള്‍ നിരവധി മനുഷ്യരെ പ്രകാശത്തിലേക്ക് നയിച്ച പ്രബോധകന്മാര്‍, എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍, ശാസ്ത്രജ്ഞര്‍ ഇങ്ങനെ കര്‍മ്മരംഗത്ത് ശോഭിച്ച എത്ര നക്ഷത്ര തുല്യരായ മനുഷ്യരുണ്ട്. ഏതൊരു മനുഷ്യനും തന്റേതായ ഒരു കര്‍മ്മപഥം അതെത്ര ചെറുതായാല്‍ പോലും- തെരഞ്ഞെടുത്ത് ഈ ദുനിയാവില്‍ തന്റെ ജീവിതം അടയാളപ്പെടുത്താവുന്നതാണ്.

എന്തേ സ്വന്തം ശരീരം, വീട്, കുടുംബം, സ്വത്ത് എന്നിവയില്‍ മാത്രം ഒതുങ്ങി നന്മയുടെ മാര്‍ഗത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നു എന്ന ചോദ്യത്തിന് ചിലര്‍ക്ക് നല്‍കാനുള്ള മറുപടി ഇതാണ്: ‘എന്റെ സാഹചര്യം അതിന് അനുകൂലമല്ല’ ഇത് യഥാര്‍ത്ഥത്തില്‍ നിഷ്‌ക്രിയത്വത്തിനുള്ള ഒരു ന്യായീകരണവും ഒഴികഴിവും മാത്രമാണ്. ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാനാണ് മനുഷ്യന് ദൈവം ബുദ്ധിയും കഴിവും നല്‍കിയത്. സമര രംഗത്തിറങ്ങാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്തപ്പോള്‍ ഒരു വിഭാഗം ദുര്‍ബ്ബല വിശ്വാസികള്‍ പറഞ്ഞു: ‘ഇപ്പോള്‍ കൊടും ചൂടാണ്’. ഇതിന് അവര്‍ക്ക് നല്‍കിയ മറുപടി ഖുര്‍ആന്‍ ഉദ്ധരിക്കുന്നതിങ്ങനെ: ‘പറയുക, നരഗാഗ്നിയുടെ ചൂട് ഇതിനേക്കാള്‍ ശക്തമാണ്’. ഇമാം അലി സമരരംഗത്തേക്കിറങ്ങാതെ മടിച്ചുനിന്നവരോട് പറഞ്ഞു: ‘നിങ്ങള്‍ ആണുങ്ങളല്ല; ആണുങ്ങളുടെ ശരീരപ്രകൃതിയുള്ളവര്‍ മാത്രമാണ്’. ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവന് ഒരിക്കലും പ്രതികൂല സാഹചര്യം പ്രവര്‍ത്തനത്തിന് തടസ്സമാകില്ല. ചരിത്രത്തില്‍ ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതവായ ഇബ്‌നു അബ്ബാസിന് അവസാന കാലത്ത് കാഴ്ച നഷ്ടപ്പെട്ടെങ്കിലും അത് സേവനത്തിന് തടസ്സമായില്ല. തളര്‍ വാതം പിടിപെട്ട മഹാ പണ്ഡിതന്‍ അത്വാഅ്, മുടന്തനായ അഹ്‌നഫ്, കാല്‍മുറിക്കപ്പെട്ട സമഖ്ശരി, ശരീര സ്വാധീനം നഷ്ടപ്പെട്ട റൂസ് വെല്‍റ്റ്, ഹെലന്‍ കെല്ലര്‍ തുടങ്ങി ഈ പട്ടികയില്‍ എത്രയോ പേരെ ഉദ്ധരിക്കാന്‍ കഴിയും. എന്നാല്‍ യാതൊരു വൈകല്യവുമില്ലാത്ത നല്ല തടിമിടുക്കും ആരോഗ്യവും ബുദ്ധിയുള്ള മനുഷ്യര്‍ നിഷ്‌ക്രിയരായി കഴിയുകയോ? ആരും ഖുര്‍ആന്‍ വിശേഷിപ്പിക്കും പോലെ ‘ചാരിവെച്ച മരത്തടികള്‍’ ആകാന്‍ പാടില്ല. മുകളിലേക്ക് കയറാന്‍ ശ്രമിച്ചിട്ട് താഴെ വീഴുന്നവനേ പരാജയപ്പെട്ടവന്‍ എന്ന വാക്ക് ഉപയോഗിക്കാവൂ. മേലോട്ട് നോക്കുക പോലും ചെയ്യാതെ നിലത്ത് കിടക്കുന്നവര്‍ക്ക് വീഴുന്ന പ്രശ്‌നം തന്നെയില്ലല്ലോ.

ജീവിതത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അലസത അഥവാ മടി ആണ്. ഇത് വിശ്വാസി അത്യധികം സൂക്ഷിക്കേണ്ട ഒരു തിന്മയായത് കൊണ്ടാണ് ‘അലസതയില്‍ നിന്നും മുഷിപ്പില്‍ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നത്. ‘അലസമായ ബുദ്ധി ചെകുത്താന്റെ പണി സ്ഥലമാണ്’ എന്നര്‍ത്ഥമുള്ള ഇംഗ്ലീഷ് പഴമൊഴി ശ്രദ്ധേയമാണ്. മനുഷ്യന്‍ എപ്പോഴും ചലിച്ചു കൊണ്ടിരിക്കണം. ബര്‍ട്ടന്‍ പറയുന്നു: ‘എപ്രകാരമാണോ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വൃത്തികെട്ട കൃമികളും ജന്തുക്കളും വര്‍ധിക്കുന്നത് അപ്രകാരമാണ് അലസനായ മനുഷ്യനില്‍ നീചമായ വിചാരങ്ങളും’. എത്ര സ്വത്തുണ്ടായിരുന്നാലും അധ്വാനിക്കാതെ മുട്ടും കെട്ടിയിരുന്നു അത് ചെലവാക്കാന്‍ തുനിഞ്ഞാല്‍ തുലഞ്ഞതു തന്നെ എന്ന അര്‍ത്ഥത്തില്‍ ‘മടി കുടി കെടുക്കും’ എന്ന പഴമൊഴിയും, അലസന്‍ കഷ്ടപ്പെടും എന്ന അര്‍ത്ഥത്തില്‍ ‘മടിയന്‍ മല ചുമക്കും’ എന്നതും മലയാളത്തില്‍ പ്രസിദ്ധമാണല്ലോ. ആലസ്യത്തോടെ പ്രാര്‍ത്ഥന നടത്തുന്നതുപോലും ഖുര്‍ആന്‍ കപട വിശ്വാസികളുടെ സ്വഭാവമായി ചിത്രീകരിക്കുന്നു. ഈ പ്രകൃതിയില്‍ നിരവധി ഗോളങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളുമുണ്ടെങ്കിലും മടി മനുഷ്യന് മാത്രമേയുള്ളൂ.

അതിനാല്‍ ഓരോ വിശ്വാസിയും സ്വന്തത്തിന്റേയും കുടുംബത്തിന്റെ ഭൗതിക താല്‍പര്യങ്ങളില്‍ മാത്രം ഒതുങ്ങി കഴിയാതെ ഊര്‍ജ്വസ്വലതയോടെ കര്‍മ്മരംഗത്തിറങ്ങി താന്‍ ഇവിടെ ജീവിച്ചു എന്നതിന് ദൈവത്തിങ്കല്‍ സ്വീകാര്യവും പുണ്യദായകവുമായ അടയാളങ്ങള്‍ ബാക്കിവെച്ച് ജീവിതം സഫലമാക്കാന്‍ ശ്രമിക്കട്ടെ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.